റോക്കോഡ് തൊട്ട് ബിറ്റ്കോയിൻ; 1.10 കോടി രൂപ!
text_fieldsന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ റെക്കോഡ് ഉയരത്തിൽ. ഞായറാഴ്ച 2.7 ശതമാനം ഉയർന്നതോടെ ഒരു ബിറ്റ്കോയിന്റെ വില 125,245 ഡോളറായി. അതായത് 1,10,81,487 കോടി രൂപ. 124,480 ഡോളർ എന്ന ആഗസ്റ്റിലെ റെക്കോർഡാണ് തകർത്തത്. ആദ്യമായാണ് 1.25 ലക്ഷം ഡോളർ എന്ന കടമ്പ ബിറ്റ്കോയിൻ മറികടക്കുന്നത്.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുകൂല നയങ്ങളും നിക്ഷേപക സ്ഥാപനങ്ങളുടെ താൽപര്യം വർധിച്ചതുമാണ് മൂല്യം കുതിച്ചുയരാൻ കാരണം. യു.എസിൽ അത്യാവശ്യമല്ലാത്ത സേവനങ്ങൾ നിർത്തുന്ന അടച്ചുപൂട്ടൽ പദ്ധതിക്ക് ബുധനാഴ്ച തുടക്കമിട്ടതോടെ സുരക്ഷിതമായ ആസ്തിയിലേക്ക് മാറാൻ നിക്ഷേപകരെ പ്രേരിപ്പിക്കുകയായിരുന്നു.
യു.എസ് ഓഹരി വിപണിയിലേക്കും ബിറ്റ്കോയിൻ എക്സേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കും പണം ഒഴുകിയതിനാൽ തുടർച്ചയായ എട്ട് ദിവസമാണ് ബിറ്റ്കോയിനും മുന്നേറിയത്. ബിറ്റ്കോയിൻ വിലയിൽ ഏറ്റവും കുതിപ്പുണ്ടാകാറുള്ള മാസമാണ് ഒക്ടോബർ. അപ്ടോബർ എന്നാണ് ഒക്ടോബറിനെ ക്രിപ്റ്റോകറൻസി നിക്ഷേപകർ വിശേഷിപ്പിക്കുന്നത്. പത്ത് വർഷത്തിനിടെ ഒമ്പത് തവണയും നിക്ഷേപകർക്ക് മികച്ച റിട്ടേൺ നൽകിയിട്ടുണ്ട്. ഈ വർഷം 30 ശതമാനം നേട്ടം സമ്മാനിച്ചു.
അതേസമയം, അന്താരാഷ്ട്ര വിപണിയിൽ പ്രമുഖ കറൻസികളുമായുള്ള വിനിമയത്തിൽ യു.എസ് ഡോളറിന്റെ മൂല്യം വീണ്ടും ഇടിഞ്ഞു.