കമ്പനികൾ ഒത്തുകളിച്ചു; ഒട്ടുപാൽ വില കുത്തനെ ഇടിഞ്ഞു
text_fieldsകോട്ടയം: വിപണിയിൽ കമ്പനികളും കച്ചവടക്കാരും ഒത്തുകളിച്ചതുമൂലം ഒട്ടുപാൽവില കുത്തനെ ഇടിഞ്ഞു. റബർകർഷകർക്ക് പ്രഹരമുണ്ടാക്കുന്ന നടപടിയാണുണ്ടായത്. കഴിഞ്ഞ ദിവസംവരെ കിലോക്ക് 132 രൂപ വരെ ലഭ്യമായിരുന്ന ഒട്ടുപാൽ വില ഇന്നലെ 118 രൂപയായി കുറഞ്ഞു. മിക്കയിടങ്ങളിലും ഈ വിലക്കാണ് കച്ചവടം നടന്നതെന്ന് റബർ കർഷകർ ചൂണ്ടിക്കാട്ടുന്നു. റബർ വില കിലോക്ക് 200 കടന്നതും ഒട്ടുപാൽ വില 132 രൂപയായതും റബർ കർഷകർക്ക് ആശ്വാസമായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇനിയും ഒട്ടുപാൽ വില വർധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു റബർ കർഷകർ.
ഒട്ടുപാലിന് വില വർധിച്ചതോടെ റബർ ഷീറ്റ് ഉൽപാദനത്തിൽനിന്ന് പലരും പിന്മാറുകയും ചെയ്തു. റബർഷീറ്റ് നിർമിക്കാനുള്ള ചെലവ് നോക്കുമ്പോൾ ഒട്ടുപാലിൽനിന്ന് നല്ല വരുമാനം ലഭിച്ച് തുടങ്ങിയതോടെയായിരുന്നു ഇത്. എന്നാൽ, അവരുടെ പ്രതീക്ഷകൾ തകിടംമറിച്ചാണ് ഒട്ടുപാൽ വിലയിൽ 14 രൂപ കുറഞ്ഞത്. ഒട്ടുപാലിന് വില വർധിക്കുമെന്ന പ്രതീക്ഷയിൽ പല കർഷകരും അത് ശേഖരിച്ച് സൂക്ഷിക്കുകയും ചെയ്തിരുന്നു. അവർക്കും ഈ നീക്കം ഇരുട്ടടിയായി. റബർ മേഖലയിലെ കാര്യങ്ങൾ നിശ്ചയിക്കുന്നത് വൻകിട കമ്പനികളാണെന്നും അവർ നിശ്ചയിക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും കർഷകർ ആരോപിക്കുന്നു.
കമ്പനികൾ ആസൂത്രിതമായി നടത്തിയ നീക്കമാണ് ഒട്ടുപാൽ വില കുറയാൻ കാരണമെന്ന് കർഷക കോൺഗ്രസ് കോട്ടയം ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു. റബർ ബോർഡിന്റെ നിയന്ത്രണത്തിലുള്ള കമ്പനികളും ഈ ചൂഷണത്തിന് ചൂട്ടുപിടിക്കുകയാണെന്ന ആരോപണവും ശക്തമാണ്. വില ഇനിയും ഇടിയുമെന്ന പ്രതീതിയുണ്ടായതോടെ കർഷകരുടെ കൈവശമിരുന്ന ഒട്ടുപാൽ വിപണിയിലേക്ക് എത്താനും തുടങ്ങിയിട്ടുണ്ട്. ഇതായിരുന്നു കമ്പനികൾ ഉദ്ദേശിച്ചതെന്നും കർഷകർ ആരോപിക്കുന്നു.