സ്വർണ വില കുതിച്ചപ്പോൾ ചൂടപ്പം പോലെ വിറ്റു; കൈനിറയെ നേട്ടം സമ്മാനിച്ച് ഇ.ടി.എഫ്
text_fieldsമുംബൈ: സ്വർണ വില കുതിച്ചുയർന്ന് സർവകാല റെക്കോർഡ് തകർക്കുമ്പോൾ നിക്ഷേപകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ഗോൾഡ് ഇ.ടി.എഫ്. ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്സ് എന്ന ഇ.ടി.എഫ് ഈ വർഷം മാത്രം 66 ശതമാനം ലാഭമാണ് സമ്മാനിച്ചത്. ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥക്കും താരിഫ് യുദ്ധത്തിനും ഇടയിൽ ഓഹരി വിപണിയും രൂപയുടെ മൂല്യവും ഇടിഞ്ഞപ്പോൾ നിക്ഷേപകരുടെ പൊന്നായി ഗോൾഡ് ഇ.ടി.എഫ് മാറി. ഭൂരിഭാഗം പേരും സ്വർണാഭരണങ്ങളോ നാണയങ്ങളോ ആണ് നിക്ഷേപമായി കണക്കാക്കുന്നത്. എന്നാൽ, പരമ്പരാഗതമായ ഈ നിക്ഷേപ രീതികൾ മാറ്റി ഡിജിറ്റൽ ഗോൾഡ് വാങ്ങിക്കുന്നവർ ഏറി വരികയാണ്.
പണപ്പെരുപ്പം പ്രതിരോധിക്കാനും കറൻസിയുടെ മൂല്യം ഇടിഞ്ഞാലും സാമ്പത്തിക മാന്ദ്യം നേരിടുന്ന കാലത്തും മൂല്യം ഉയരുന്ന ഒരേയൊരു ആസ്തിയാണ് സ്വർണം. പക്ഷെ, സ്വർണാഭരണങ്ങളും കോയിനുകളും വാങ്ങിച്ചുവെക്കുന്നതിൽ ചില പ്രശ്നങ്ങളുണ്ട്. സ്വർണത്തിന്റെ പരിശുദ്ധി പരിശോധനയും ഉയർന്ന പണിക്കൂലിയും സൂക്ഷിച്ചുവെക്കാനുള്ള ബുദ്ധിമുട്ടും പിന്നെ പെട്ടെന്ന് വിറ്റ് കാശാക്കാനുള്ള തടസ്സങ്ങളുമാണ് ഭൗതിക സർണത്തിന്റെ നിറം കെടുത്തുന്നത്. അതുകൊണ്ടാണ് ഫിസിക്കൽ ഗോൾഡ് അല്ലെങ്കിൽ സ്വർണം നേരിട്ടു വാങ്ങുന്നതിനേക്കാൾ പലരും ഇ.ടി.എഫ് നിക്ഷേപിത്തിലേക്ക് തിരിഞ്ഞത്. ഇ.ടി.എഫുകളിൽ നിക്ഷേപിക്കുന്നവർക്ക് ഡിജിറ്റൽ രൂപത്തിലുള്ള സ്വർണമാണ് ലഭിക്കുക. ഡിജിറ്റലായത് കൊണ്ട് സുരക്ഷയെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ആഭരണങ്ങളോ നാണയങ്ങളോ സൂക്ഷിക്കുന്നതിന്റെ ബുദ്ധിമുട്ടുകളില്ലാതെ വരുമാനം നേടാം.
ഇ.ടി.എഫിന്റെ ആകർഷണങ്ങൾ
നിങ്ങൾ നിക്ഷേപിക്കുന്ന പണം കൊണ്ട് സ്വർണം വാങ്ങിക്കുന്ന മ്യൂച്ച്വൽ ഫണ്ട് സ്കീമുകളാണ് ഗോൾഡ് ഇ.ടി.എഫ്. ഒരു യൂനിറ്റ് എന്നത് സാധാരണയായി ഒരു ഗ്രാം പരിശുദ്ധമായ സ്വർണമായിരിക്കും. ഈ ഗോൾഡ് ഇ.ടി.എഫുകൾ ഓഹരി വിപണിയിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഗോൾഡ് ഇ.ടി.എഫുകൾ ഒരു ക്ലിക്കിൽ ഏത് സമയവും ബ്രോക്കറേജ് അക്കൗണ്ടിലൂടെ വാങ്ങുകയും വിൽക്കുകയും ചെയ്യാം. പണിക്കൂലി അടക്കം ഒരു അധിക ചാർജും കൊടുക്കാതെ സ്വർണം വാങ്ങിക്കാനുള്ള ഏറ്റവും നല്ല വഴികൂടിയാണിത്. ഡിജിറ്റൽ ഗോൾഡ് സ്വന്തമാക്കുന്നവർക്ക് ചെലവ് വെറും 0.30 മുതൽ 0.80 ശതമാനം വരെ മാത്രമാണ്.
സ്വർണാഭരണം വിൽക്കുമ്പോൾ പരിശുദ്ധി പരിശോധിക്കുകയും വിലയും പണിക്കൂലിയും കുറക്കുകയും ചെയ്യും. മാത്രമല്ല, വാങ്ങുമ്പോൾ വൻ തുക ഒരുമിച്ച് നൽകണം. എന്നാൽ, ഇ.ടി.എഫിൽ മാസം തോറും ചെറിയ തുക നിക്ഷേപിക്കുന്നതിലൂടെ ആർക്കും സ്വർണം സ്വന്തമാക്കാം. ഓഹരി വിപണി നിയന്ത്രിക്കുന്ന സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ നിരന്തര നിരീക്ഷണവും ഫണ്ടുകളുടെ സുതാര്യതയും നിക്ഷേപകർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നുണ്ട്. ഇൻഷൂർ ചെയ്ത കേന്ദ്രങ്ങളിൽ സുരക്ഷിതമായി സൂക്ഷിക്കുന്നതിനാൽ, ഗോൾഡ് ഇ.ടി.എഫുകൾ മോഷണം പോകുമോയെന്ന് ടെൻഷൻ വേണ്ട. സൂക്ഷിച്ചുവെക്കാനുള്ള ചെലവുകളും ഇല്ലാതാക്കുന്നു. ജി.എസ്.ടി നൽകേണ്ടതില്ലെന്ന പ്രത്യേകതയും ഗോൾഡ് ഇ.ടി.എഫുകൾക്കുണ്ട്.
ഇ.ടി.എഫ് പുലികളും നേട്ടവും
ഓഹരി വിപണിയിൽ ഏറ്റവും കൂടുതൽ ആസ്തി കൈകാര്യം ചെയ്യുന്ന (അസറ്റ് അണ്ടർ മാനേജ്മെന്റ്) അഞ്ച് ഗോൾഡ് ഇ.ടി.എഫുകളെ പരിചയപ്പെടുത്താം. മ്യൂച്ച്വൽ ഫണ്ട് കമ്പനികളിൽ നിക്ഷേപകരുടെ ആത്മവിശ്വാസവും ഫണ്ടിന്റെ സ്ഥിരതയും വ്യക്തമാക്കുന്ന അളവുകോലാണ് അസറ്റ് അണ്ടർ മാനേജ്മെന്റ്. 23,832 കോടി രൂപയുടെ അസറ്റ് അണ്ടർ മാനേജ്മെന്റുള്ള നിപ്പോൺ ഇന്ത്യ ഇ.ടി.എഫ് ഗോൾഡ് ബീസാണ് ഏറ്റവും മുന്നിലുള്ളത്. 11,379 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന എച്ച്.ഡി.എഫ്.സി ഗോൾഡ് ഇ.ടി.എഫും 9,506 കോടി രൂപയുടെ നിക്ഷേപമുള്ള എസ്.ബി.ഐ ഗോൾഡ് ഇ.ടി.എഫുമാണ് തൊട്ടുപിന്നിൽ. 8,770 കോടി രൂപയുള്ള ഐ.സി.ഐ.സി.ഐ പ്രു ഗോൾഡ് ഇ.ടി.എഫും 8315 കോടി രൂപയുമായി കൊട്ടക് ഗോൾഡ് ഇ.ടി.എഫും നാലും അഞ്ചും സ്ഥാനത്തുണ്ട്.
രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക മാന്ദ്യവും നേരിടുമ്പോൾ മറ്റുള്ള നിക്ഷേപ പദ്ധതികളിൽനിന്ന് വ്യത്യസ്തമായി മികച്ച റിട്ടേൺ നൽകുമെന്നതാണ് ഇ.ടി.എഫിന്റെ ഏറ്റവും വലിയ പ്രത്യേകത. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് ഭീഷണിയും റഷ്യ-യുക്രെയ്ൻ യുദ്ധവും പശ്ചിമേഷ്യ സംഘർഷവും രൂക്ഷമായ ഈ വർഷം 66 ശതമാനം നേട്ടമാണ് നൽകിയത്. ഈ മൂച്ച്വൽ ഫണ്ടുകളടെ ഒരു വർഷത്തെ നേട്ടവും 50 ശതമാനത്തിലേറെയാണ്. മൂന്ന് വർഷത്തെ കാലയളവിൽ 30 ശതമാനവും അഞ്ച് വർഷത്തെ കാലയളവിൽ 16 ശതമാനവും വളർച്ച നേടിയെന്നതാണ് ഗോൾഡ് ഇ.ടി.എഫിനെ വ്യത്യസ്തയാക്കുന്നത്.