പുതിയ ഉയരങ്ങൾ തേടി സ്വർണവില; ലക്ഷം ഭേദിക്കാനുള്ള കുതിപ്പ്
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: റെക്കോഡുകൾ ഭേദിച്ച് മുന്നേറ്റം തുടരുകയാണ് സ്വർണവില. രാവിലെ പവന് 90,000 രൂപ കടന്ന സ്വർണവിലയിൽ ഉച്ചക്കു ശേഷം വീണ്ടും കുതിച്ചുചാട്ടം. ഉച്ചക്കു ശേഷം നടന്ന വ്യാപാരത്തിൽ ഗ്രാമിന് 70 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാമിന്റെ വില 11,360 രൂപയായി. പവൻ വില 90,880 രൂപയും.
സ്വർണ വില അധികം വൈകാതെ ലക്ഷം കടക്കുമെന്നാണ് മാർക്കറ്റ് വിദഗ്ധരുടെ വിലയിരുത്തൽ. 10 ദിവസത്തിനിടെ 5,640 രൂപയുടെ വർധനയാണ് സ്വർണവിലയിലുണ്ടായത്. സെപ്റ്റംബർ 28ന് ഗ്രാമിന് 10,585 രൂപയായിരുന്നത് ഇപ്പോൾ 11,360 രൂപയായി. ഇടക്ക് ചെറിയ തോതിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും സ്വർണ വില റെക്കോഡുകൾ തിരുത്തി കുതിപ്പു തുടരുകയായിരുന്നു. ഇപ്പോൾ പണിക്കൂലിയടക്കം ഒരു പവൻ വാങ്ങണമെങ്കിൽ ലക്ഷം രൂപയോളമാകും.
18 കാരറ്റ് സ്വർണം ഗ്രാമിന് 9345ലും14 കാരറ്റ് സ്വർണം ഗ്രാമിന് 7275ലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. വെള്ളിവില ഗ്രാമിന് രണ്ട് രൂപ വർധിച്ച് 163 രൂപയാണ് വിപണിവില. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരുന്നതാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. കൂടുതൽ പേർ സുരക്ഷിത നിക്ഷേപമായി സ്വർണത്തെ കാണുന്നതിനാൽ സ്വർണവിലയിൽ ഇനിയൊരു തിരിച്ചുപോക്ക് ഉണ്ടാകില്ലെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.