ചരിത്രം കുറിച്ച് സ്വർണം; പൊന്നിന്റെ പോക്ക് മുകളിലേക്ക്, ഇന്നും വില വർധിച്ചു
text_fieldsകൊച്ചി: സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണവില 70,000 തൊട്ടു. ഇന്ന് കേരളത്തിൽ സ്വർണത്തിന്റെ വില 70,160 രൂപയായി ഉയർന്നു. പവന് ഇന്ന് 200 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന് 25 രൂപ ഉയർന്ന് 8770 രൂപയായാണ് സ്വർണത്തിന്റെ വില ഉയർന്നത്.
ലോകവിപണിയിലും കഴിഞ്ഞ ദിവസം സ്വർണം നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്പോട്ട് ഗോൾഡിന്റെ വില വെള്ളിയാഴ്ച 3200 ഡോളർ കടന്നു. രണ്ട് ശതമാനം വർധനയാണ് സ്പോട്ട് ഗോൾഡിനുണ്ടായത്. 3,235 ഡോളറിലേക്കാണ് സ്പോട്ട് ഗോൾഡിന്റെ വില കയറിയത്. ഈയാഴ്ച മാത്രം ആറ് ശതമാനം നേട്ടമാണ് സ്പോട്ട് ഗോൾഡിനുണ്ടായത്.
യു.എസിൽ സ്വർണത്തിന്റെ ഭാവിവിലകളിലും വർധന രേഖപ്പെടുത്തി. 2.1 ശതമാനം വർധനയാണ് ഉണ്ടായത്. യു.എസിനുമേൽ 125 ശതമാനം തീരുവ ചെലുത്താനുള്ള ചൈനയുടെ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം വർധിക്കാൻ കാരണമാകുമെന്ന് ആശങ്കയുണ്ട്. ഇതാണ് സ്വർണവില ഉയരാനുള്ള പ്രധാനകാരണങ്ങളിലൊന്ന്.
അതേസമയം, ഡോളർ ഇൻഡക്സിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ചൈനയുടെ മേൽ അമേരിക്ക ചുമത്തിയ താരിഫ് വർധനവ്, അന്താരാഷട്ര നിയമങ്ങളുടെയും സാമ്പത്തിക വ്യാപാര നിയമങ്ങളുടെ ലംഘനവും ഏകപക്ഷീയവുമാണെന്ന് ചൈനീസ് സാമ്പത്തിക മന്ത്രാലയം വാർത്താ മാധ്യമമായ റോയിട്ടേഴ്സിനോട് പ്രതികരിച്ചിരുന്നു. അമേരിക്ക ഇനിയും പ്രകോപനപരമായ നടപടികൾ തുടർന്നാൽ പ്രതിരോധ നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം കൂട്ടി ചേർത്തിരുന്നു.