പൊന്ന് പൊള്ളുന്നു; വീണ്ടും വൻ വില വർധന
text_fieldsകൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. പവന് 560 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 72,120 രൂപയായാണ് ഉയർന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ വില ചരിത്രത്തിലാദ്യമായി 9000 കടന്നു. ഗ്രാമിന് 70 രൂപയുടെ വർധനയാണ് ഉണ്ടായത്. 9015 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില വർധിച്ചത്.
ലോകവിപണിയിലും സ്വർണവില വർധിക്കുകയാണ്. സ്പോട്ട് ഗോൾഡിന്റെ വില 1.7 ശതമാനം ഉയർന്ന് 3,383 ഡോളറിലേക്ക് എത്തി. ഒരു ഘട്ടത്തിൽ റെക്കോഡ് നിരക്കായ 3,384 ഡോളറിലേക്ക് സ്വർണവില ഉയർന്നിരുന്നു.
യു.എസ് ഗോൾ ഫ്യൂച്ചർ നിരക്കുകൾ രണ്ട് ശതമാനം ഉയർന്ന് 3,396.10 ഡോളറിലേക്ക് എത്തി. ഡോളർ ഇൻഡക്സ് മൂന്ന് വർഷത്തിനിടയിലെ കുറഞ്ഞ നിരക്കിലേക്ക് എത്തിയതും സ്വർണത്തെ ആകർഷകമാക്കി മാറ്റുന്നുണ്ട്. ഏപ്രിൽ രണ്ടിന് വിവിധ രാജ്യങ്ങൾക്കുമേൽ ഡോണൾഡ് ട്രംപ് ഭരണകൂടം പകരതീരുവ പ്രഖ്യാപിച്ചതോടെയാണ് സ്വർണവില ഉയർന്നത്.
പിന്നീട് ട്രംപ് തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ചുവെങ്കിലും ചൈനക്കുമേൽ വൻ തീരുവ ചുമത്തുകയായിരുന്നു. ഇതോടെ ലോക വ്യാപാര യുദ്ധത്തിന്റെ സാഹചര്യത്തിലേക്ക് നീങ്ങിയിരുന്നു. നിലവിൽ വിവിധ ചൈനീസ് ഉൽപന്നങ്ങൾക്ക് 245 ശതമാനം തീരുവയാണ് യു.എസ് ചുമത്തുന്നത്. യു.എസ് അധിക തീരുവ ചുമത്തിയതോടെ കയറ്റുമതിയിൽ ഉൾപ്പടെ ചൈന നിന്ത്രണം ഏർപ്പെടുത്തിയിരുന്നു.