90,000 തൊട്ടിട്ടും താഴാതെ സ്വർണം; വിലയിൽ ഇന്നും വർധന
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന.ഗ്രാമിന് 20 രൂപയുടെ വർധനയാണ് ഇന്ന് ഉണ്ടായത്. 11,380 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഉയർന്നത്. പവന്റെ വിലയിൽ 160 രൂപയുടെ വർധനവ് രേഖപ്പെടുത്തി. പവന്റെ വില 91,000 കടന്ന് 91,040 രൂപയായി ഉയർന്നു. കഴിഞ്ഞ ദിവസം സ്വർണവില 90,000 രൂപ പിന്നിട്ടിരുന്നു.
അതേസമയം, ആഗോളവിപണിയിൽ സ്വർണത്തിന് ഇന്ന് നേരിയ വിലയിടിവുണ്ടായിട്ടുണ്ട്. നിക്ഷേപകർ ലാഭമെടുപ്പിന് മുതിർന്നതോടെയാണ് വിപണിയിൽ ചെറിയ ഇടിവുണ്ടായത്. സ്പോട്ട് ഗോൾഡ് വില 0.4 ശതമാനം ഇടിഞ്ഞ് 4,020.99 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.7 ശതമാനം ഇടിഞ്ഞ് 4,040.70 ഡോളറായി.
യു.എസ് ഷട്ട്ഡൗൺ തുടരുന്നതും ഫ്രാൻസിലും ജപ്പാനിലുമുള്ള രാഷ്ട്രീയ അനിശ്ചിതാവസ്ഥകളും മൂലം വരും ദിവസങ്ങളിലും എല്ലാവരും സ്വർണത്തെ സുരക്ഷിത നിക്ഷേപമായി തന്നെ പരിഗണിക്കാനാണ് സാധ്യത. അതുകൊണ്ട് വരും ദിവസങ്ങളിലും സ്വർണവില ഉയർന്നേക്കും. ഈ വർഷം മാത്രം 54 ശതമാനം വർധനയാണ് സ്വർണത്തിന് ഉണ്ടായത്. സ്വർണം പിന്തുണ നൽകുന്ന ഇ.ടി.എഫ് ഫണ്ടുകളും വലിയ ഉയർച്ചയിലാണ്.
കഴിഞ്ഞ ദിവസം രാവിലെ പവന് 90,000 രൂപ കടന്ന സ്വർണവിലയിൽ ഉച്ചക്കു ശേഷം വീണ്ടും കുതിച്ചുചാട്ടമുണ്ടായി. ഉച്ചക്കു ശേഷം നടന്ന വ്യാപാരത്തിൽ ഗ്രാമിന് 70 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാമിന്റെ വില 11,360 രൂപയായി. പവൻ വില 90,880 രൂപയായും ഉയർന്നിരുന്നു.