പൊന്നിന്റെ പോക്കെങ്ങോട്ട്; സ്വർണവിലയിൽ ഇന്നും വൻ വർധന
text_fieldsകൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. പവന് 840 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 71,360 രൂപയായി ഉയർന്നു. ഗ്രാമിന്റെ വിലയിൽ 105 രൂപയുടെ വർധനയാണ് ഉണ്ടായത്. 8920 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഉയർന്നത്.
അതേസമയം, ലോക വിപണിയിൽ സ്വർണവില 3300 ഡോളർ പിന്നിട്ടു. സ്പോട്ട് ഗോൾഡിന്റെ വില 3.1 ശതമാനം ഉയർന്ന് ഔൺസിന് 3,327 ഡോളറായി ഉയർന്നു. റെക്കോഡ് നിരക്കായ 3,332.89 ഡോളറിലെത്തിയതിന് ശേഷം പിന്നീട് വിലയിൽ ഇടിവുണ്ടാവുകയായിരുന്നു.
സ്വർണത്തിന്റെ ഭാവി വിലകളും ഉയർന്നിട്ടുണ്ട്. യു.എസിൽ ഗോൾഡ് ഫ്യൂച്ചർ നിരക്കിൽ 3.3 ശതമാനം ഉയർന്നു 3,324.50 ഡോളറായി ഉയർന്നു. ലോക വിപണിയിൽ സ്വർണവില 3400 മുതൽ 3500 ഡോളറിലേക്ക് വരെ ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്. അങ്ങനെയെങ്കിൽ ഇതിന് ആനുപാതികമായി അന്താരാഷ്ട്ര വിപണിയിലു വില വർധനയുണ്ടാകും.
നേരത്തെ വ്യാപാരയുദ്ധം കൂടുതൽ ശക്തമാക്കി ചൈനക്കുമേലുള്ള തീരുവ വീണ്ടും യു.എസ് ഉയർത്തിയിരുന്നു. തീരുവ 245 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. ചൈനക്കുമേലുള്ള തീരുവ 245 ശതമാനമാക്കി ഉയർത്തുകയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. അമേരിക്ക ഫസ്റ്റ് നയത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഗലീലിയം, ജെർമേനിയം പോലുള്ള പല പ്രധാനപ്പെട്ട വസ്തുക്കളുടേയും യു.എസിലേക്കുള്ള കയറ്റുമതിയിൽ ചൈന നിയന്ത്രണം ഏർപ്പെടുത്തുകയാണെന്ന് വൈറ്റ് ഹൗസ് ആരോപിച്ചിരുന്നു. സൈനിക, ബഹിരാകാശ, സെമികണ്ടക്ടർ വ്യവസായങ്ങൾക്ക് ഈ വസ്തുക്കൾ അത്യാന്താപേക്ഷതിമാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഈയാഴ്ച ആറ് ലോഹങ്ങളുടെ കയറ്റുമതിക്ക് ചൈന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തുവെന്നും വൈറ്റ് ഹൗസിന്റെ ആരോപണമുണ്ട്.