എണ്ണക്കുള്ള ഡിസ്കൗണ്ട് ഇരട്ടിയാക്കി റഷ്യ; കോളടിച്ച് ഇന്ത്യ, ഇറക്കുമതി വർധിപ്പിക്കും
text_fieldsമോസ്കോ: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർധിപ്പിക്കുമെന്ന് റിപ്പോർട്ട്. യു.എസുമായുള്ള വ്യാപാര ചർച്ചകൾ ലക്ഷ്യത്തിലെത്താത്തതും റഷ്യ എണ്ണക്ക് കൂടുതൽ ഇളവ് നൽകുന്നതുമാണ് ഇന്ത്യയെ കൂടുതൽ വാങ്ങലിന് പ്രേരിപ്പിക്കുന്നത്. വരും മാസങ്ങളിൽ വലിയ രീതിയിൽ ഇന്ത്യ എണ്ണ വാങ്ങുമെന്നാണ് വാർത്തകൾ.
നവംബർ മുതൽ ബാരലിന് 2 ഡോളർ മുതൽ 2.5 ഡോളറിന്റെ വരെ ഡിസ്കൗണ്ട് റഷ്യ എണ്ണക്ക് നൽകുമെന്നാണ് റിപ്പോർട്ട്. ജൂലൈയിൽ ഒരു ഡോളറിന്റെ ഡിസ്കൗണ്ട് നൽകിയിരുന്ന സ്ഥാനത്താണിത്. ഡിസ്കൗണ്ട് ഇരട്ടിയാക്കിയുള്ള റഷ്യൻ തീരുമാനം ഇന്ത്യയുടെ എണ്ണവാങ്ങലിനെ വലിയ രീതിയിൽ സ്വാധീനിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ പ്രതിദിനം 1.7 മില്യൺ ബാരൽ എണ്ണയാണ് റഷ്യയിൽ നിന്നും ഇന്ത്യ വാങ്ങുന്നത്. കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുമ്പോൾ ആറ് ശതമാനം അധികമാണിത്.
ട്രംപിന്റെ താരിഫ് ഭീഷണി ഫലം കണ്ടില്ല; ഇന്ത്യക്ക് ഇഷ്ടം റഷ്യൻ എണ്ണ തന്നെ
മുംബൈ: റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് തടയാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കെതിരെ ഉയർന്ന താരിഫ് ചുമത്തിയിട്ടും ഫലമുണ്ടായില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസം ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ വാങ്ങിയത് റഷ്യയിൽനിന്നാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര നാവിക വ്യാപാരം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്ന കെപ്ലർ കമ്പനിയുടെ കണക്കുകൾ ഉദ്ധരിച്ച് ബിസിനസ് ലൈനാണ് റിപ്പോർട്ട് നൽകിയത്.
ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമായ ഇന്ത്യ 34 ശതമാനം എണ്ണയും വാങ്ങിയത് റഷ്യയിൽനിന്നാണ്. അതേസമയം, റഷ്യൻ എണ്ണ ഇറക്കുമതി ഏപ്രിൽ മാസത്തെ ഏറ്റവും ഉയർന്ന അളവായ 40.26 ശതമാനത്തിൽനിന്ന് സെപ്റ്റംബറിൽ 33.08 ശതമാനത്തിലേക്ക് ഇടിഞ്ഞിട്ടുണ്ട്. ദിനംപ്രതി 1598 ബാരൽ എണ്ണയാണ് റഷ്യയിൽനിന്ന് സെപ്റ്റംബറിൽ വാങ്ങിയത്. ആഗസ്റ്റിലേക്കാൾ 10 ശതമാനവും കഴിഞ്ഞ വർഷം സെപ്റ്റംബറിനേക്കാൾ 13 ശതമാനവും കുറവാണിത്.
എന്നാൽ, സെപ്റ്റംബറിൽ യു.എസ് എണ്ണ ഇറക്കുമതി നാല് ശതമാനത്തിന് അൽപം മുകളിലേക്ക് മാത്രമാണ് ഉയർന്നത്. ഇന്ത്യ പരമ്പരാഗതമായി എണ്ണ ഇറക്കുമതി ചെയ്യുന്ന പശ്ചിമേഷ്യയുടെ പങ്ക് 44 ശതമാനത്തിൽനിന്ന് അൽപം കൂടുതലായിരുന്നു.
യു.എസിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും രാഷ്ട്രീയ സമ്മർദം പ്രതിരോധിക്കാൻ വേണ്ടി മാത്രമായി റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ കുറക്കാൻ സാധ്യതയില്ലെന്ന് കെപ്ലറിലെ മുഖ്യ റിസർച്ച് അനലിസ്റ്റായ സുമിത് റിട്ടോലിയ പറഞ്ഞു. വ്യത്യസ്ത രാജ്യങ്ങളിൽനിന്നുള്ള എണ്ണ വാങ്ങലിന്റെ ഏറ്റക്കുറച്ചിൽ പ്രധാനമായും വിലയിലെ കുറവും വിതരണത്തിലെ സൗകര്യവും പരിഗണിച്ചാണെന്നും അവർ വ്യക്തമാക്കി.
എണ്ണ വാങ്ങുന്നതാണ് യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്നതെന്ന് ആരോപിച്ചാണ് ട്രംപ് ഇന്ത്യൻ ഉത്പങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയത്.