ഇനി ‘മെയ്ഡ് ഇൻ ഇന്ത്യ’; ഐഫോൺ കയറ്റുമതിയിൽ വൻ റെക്കോഡ്
text_fieldsമുംബൈ: ഇന്ത്യയുടെ ഐഫോൺ കയറ്റുമതിയിൽ വൻ കുതിപ്പ്. 10 ബില്ല്യൻ ഡോളറിന്റെ അതായത് 88,730 കോടി രൂപയുടെ ഐഫോണുകളാണ് ആപ്പിൾ കയറ്റുമതി ചെയ്തത്. ഈ സാമ്പത്തിക വർഷം പകുതി പിന്നിട്ടപ്പോഴാണ് ഇത്രയും അധികം ഐഫോണുകൾ നിർമിച്ച് കയറ്റി അയച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേകാലയളവിൽ 5.71 ബില്ല്യൻ ഡോളറിന്റെ കയറ്റുമതി രേഖപ്പെടുത്തിയിരുന്നു. കയറ്റുമതിയിൽ 75 ശതമാനം വർധനവുണ്ടായെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.
പുതിയ മോഡലിന് വേണ്ടി ഉപഭോക്താക്കൾ കാത്തിരിക്കുന്നതിനാൽ പൊതുവെ വിൽപന കുറഞ്ഞ മാസങ്ങളാണ് ആഗസ്റ്റും സെപ്റ്റംബറും. എന്നിട്ടും സെപ്റ്റംബറിൽ 1.25 ബില്ല്യൻ ഡോളറിന്റെ ഐഫോണുകൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 155 ശതമാനം വളർച്ചയാണിത്.
ഇന്ത്യയിൽ നിർമിച്ച ഐഫോൺ 17 മോഡലിന് വേണ്ടി ആഭ്യന്തര വിപണിയിൽ വൻ ഡിമാൻഡ് നിലനിൽക്കെയാണ് ഇത്രയധികം കയറ്റുമതി ചെയ്തത്. എല്ലാ വർഷവും സെപ്റ്റംബറിലാണ് ആപ്പിൾ പുതിയ ഐ ഫോൺ പുറത്തിറക്കാറുള്ളത്. തുടർന്ന് ദീപാവലിക്ക് ശേഷം കയറ്റുമതി വർധിക്കാറാണ് പതിവ്. താങ്ക്സ്ഗിവിങ് അവധി ദിനങ്ങൾ, ബ്ലാക്ക് ഫ്രൈഡേ, ക്രിസ്മസ്, പുതുവത്സര വിൽപന തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ് അന്താരാഷ്ട്ര ഡിമാൻഡ് വർധിക്കുന്നത്.
ഇത്തവണ ആദ്യമായി അന്താരാഷ്ട്ര വിപണിയിലേക്ക് പ്രോ, പ്രോ മാക്സ്, എയർ തുടങ്ങിയ ഐഫോണിന്റെ എല്ലാ മോഡലുകളും ഇന്ത്യയിലെ ഫാക്ടറികളിൽനിന്നാണ് പുറത്തിറക്കിയതെന്ന പ്രത്യേകതയുമുണ്ട്.