ഓണച്ചന്തയിൽ ശർക്കരക്ക് പൊള്ളും വില; ആശ്രയമായി തമിഴ്‌നാട്ടിലെ നിർമാണകേന്ദ്രങ്ങൾ
text_fieldsകോയമ്പത്തൂർ: ഓണക്കാലത്ത് പ്രധാന ആവശ്യമായ ശർക്കരക്കായി കേരളം പ്രധാനമായും ആശ്രയിക്കുന്നത് തമിഴ്‌നാടിനെയാണ്. മധുര, ഈറോഡ്, കോയമ്പത്തൂർ, സേലം, ധർമ്മപുരി, ദിണ്ടിഗൽ എന്നീ ആറ് ജില്ലകളിലായി കരിമ്പ് കർഷകരുടെ നേതൃത്വത്തിലാണ് ശർക്കര നിർമ്മാണം നടക്കുന്നത്.
ഉരുണ്ട ശർക്കരയും (ഉണ്ട വെല്ലം), അച്ചിലൊഴിച്ചുണ്ടാക്കുന്ന ശർക്കരയും (അച്ച് വെല്ലം) എന്നിങ്ങനെ രണ്ട് തരത്തിലാണ് ഇവ നിർമിക്കുന്നത്. ഇതിൽ അച്ച് വെല്ലത്തിനാണ് വിപണിയിൽ കൂടുതൽ ജനപ്രിയതയുള്ളത്. കരിമ്പ് കൃഷി ചെയ്യുന്ന പ്രദേശങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ആറ് ജില്ലകളിലെ 1,600ലധികം ചെറുതും വലുതുമായ ശർക്കര നിർമാണ യൂണിറ്റുകളിൽ ഒന്നര ലക്ഷത്തിലധികം ആളുകൾ ജോലി ചെയ്യുന്നുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ യൂനിറ്റുകൾ ഉള്ളത് ഈറോഡ് ജില്ലയിലാണ്.
കരിമ്പിന്റെ ഗുണനിലവാരം പരിശോധിച്ച് നീര് പൂർണമായി വേർതിരിച്ചെടുത്താണ് നിർമ്മാണം ആരംഭിക്കുന്നത്. ഈ ജ്യൂസ് വലിയ ടാങ്കുകളിലേക്ക് മാറ്റി ഞാറുകളും മാലിന്യങ്ങളും നീക്കം ചെയ്ത ശേഷം വലിയ അടുപ്പുകളിൽ വച്ച് 200 ഡിഗ്രി താപനിലയിൽ ചൂടാക്കുന്നു. പ്രത്യേക ചേരുവകൾ ചേർത്ത് കട്ടിയാക്കുന്ന ഈ പദാർത്ഥം പിന്നീട് അച്ചുകളിലൊഴിച്ച് തണുപ്പിച്ചാണ് ശർക്കരയായി പുറത്തെടുക്കുന്നത്. കണക്കുകൾ പ്രകാരം 750 കിലോഗ്രാം കരിമ്പ് നീര് തിളപ്പിച്ച് 90 കിലോഗ്രാം ശർക്കര തയാറാക്കാൻ സാധിക്കും.
സേലം ചെവ്വായിപ്പെട്ടൈ മാർക്കറ്റിൽ പ്രതിദിനം ശരാശരി 200 ടൺ ശർക്കരയാണ് ലേലത്തിനായി എത്തുന്നത്. വിപണിയിൽ നാല് ഗ്രേഡുകളിലായി ശർക്കര ലഭ്യമാണ്. കഴിഞ്ഞ മാസം 30 കിലോയുടെ ഒന്നാം ഗ്രേഡ് ശർക്കര ബാഗിന് 1,400 രൂപയായിരുന്നത് പിന്നീട് 1,650 രൂപയായി ഉയർന്നിരുന്നു. എന്നാൽ, ഓണവും മറ്റ് ഉത്സവങ്ങളും അടുത്തതോടെ ആവശ്യക്കാർ മത്സരിച്ച് രംഗത്തിറങ്ങിയതോടെ, ശനിയാഴ്ച നടന്ന ലേലത്തിൽ 30 കിലോയുടെ ഒരു ബാഗ് 1,800 മുതൽ 1,900 രൂപ വരെ ഉയർന്ന വിലയ്ക്കാണ് വിറ്റുപോയത്.


