ജെ.എൽ.ആർ വിൽപന കുത്തനെ ഇടിഞ്ഞു; ടാറ്റ മോട്ടോർസിനെ കൈവിട്ട് നിക്ഷേപകർ
text_fieldsമുംബൈ: രാജ്യത്തെ ഏറ്റവും വലിയ യാത്ര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസിനെ കൈവിട്ട് നിക്ഷേപകർ. ഓഹരി വിപണിയിൽ ടാറ്റ മോട്ടോർസിന്റെ വില തുടർച്ചയായി രണ്ടാം ദിവസവും കനത്ത നഷ്ടത്തിൽ. ബുധനാഴ്ച ഒരു ശതമാനത്തിലേറെ ഇടിഞ്ഞ് 690.85 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. ഒരു വർഷത്തിനിടെ 24 ശതമാത്തിന്റെ നഷ്ടമാണ് ഏറ്റവും അധികം വ്യാപാരം ചെയ്യപ്പെടുന്ന ടാറ്റ മോട്ടോർസ് ഓഹരി വിലയിലുണ്ടായത്.
യു.കെയിലെ സബ്സിഡിയറിയും ആഢംബര കാർ നിർമാണ കമ്പനിയുമായ ജാഗ്വർ ആൻഡ് ലാൻഡ് റോവറിന്റെ വിൽപനയിൽ കനത്ത ഇടിവ് രേഖപ്പെടുത്തിയതും ചില മോഡലുകളുടെ ഉത്പാദനം നിർത്താനുള്ള തീരുമാനവുമാണ് ടാറ്റ മോട്ടോർസിൽ നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെടാൻ കാരണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ മൊത്ത വിൽപനയിൽ 24.2 ശതമാനത്തിന്റെയും ചെറുകിട വിൽപനയിൽ 17.1 ശതമാനത്തിന്റെയും കുറവാണുണ്ടായത്.
ജെ.എൽ.ആറിന് യു.കെയിൽ മൂന്ന് ഫാക്ടറികളാണുള്ളത്. ഈയിടെ സൈബർ ആക്രമണമുണ്ടായതിനെ തുടർന്ന് ഉത്പാദനം നിർത്തി ഫാക്ടറികൾ അടച്ചുപൂട്ടിയിരുന്നു. മാത്രമല്ല, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് താരിഫ് വർധിപ്പിച്ചത് ജെ.എൽ.ആറിന്റെ വിൽപനയെ സാരമായി ബാധിച്ചിട്ടുണ്ട്. റേഞ്ച് റോവർ, റേഞ്ച് റോവർ സ്പോർട്സ്, ഡിഫൻഡർ തുടങ്ങിയ മോഡലുകളാണ് കമ്പനിയുടെ മൊത്ത വിൽപനയുടെ 77 ശതമാനവും കവർന്നത്. ഇതുകാരണം, വിൽപന കുറഞ്ഞ പഴയ കാല കാർ മോഡലുകളുടെ ഉത്പാദനം നിർത്താൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായി ഫാക്ടറി പ്രവർത്തനം പുനരാരംഭിക്കാനുള്ള ശ്രമം തുടങ്ങിയെന്ന് ജെ.എൽ.ആർ ആൻഡ്രിയൻ മാർദെൽ പറഞ്ഞു.
സൈബർ ആക്രമണത്തിന് പിന്നാലെ ഉത്പാദനം നിർത്തി ഫാക്ടറി താൽകാലികമായി പൂട്ടിയത് കാരണം രണ്ട് ബില്ല്യൻ യൂറോ അതായത് 9000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.