സ്വർണവില കൂടുമോ കുറയുമോ? -കേരളത്തിൽ സ്വർണ വില നിശ്ചയിക്കുന്നയാളുടെ പ്രവചനം ഇങ്ങനെ
text_fieldsകൊച്ചി: സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഏതാനും നാളുകളായി 90,000 രൂപയോട് ചുറ്റിപ്പറ്റിയാണ് കേരളത്തിൽ ഒരുപവൻ സ്വർണത്തിന് വിപണി വില. 1000- 2000 രൂപയുടെ ഏറ്റക്കുറച്ചിലാണ് പൊതുവേ രേഖപ്പെടുത്തുന്നത്. അന്താരാഷ്ട്ര സ്വർണ്ണവിലയിലും സമാനമാണ് അവസ്ഥ. ട്രോയ് ഔൺസിന് 3,885ലേക്ക് താഴ്ന്നതിനുശേഷം 4000-3950 എന്ന നിലവാരത്തിൽ ചാഞ്ചാട്ടം തുടരുകയാണ്.
ഈ സാഹചര്യത്തിൽ, വരുംമാസങ്ങളിൽ സ്വർണവില എങ്ങിനെയായിരിക്കും എന്ന് പ്രവചിക്കുകയാണ് വർഷങ്ങളായി കേരളത്തിൽ വില നിർണയിക്കുന്നതിൽ പ്രമുഖ പങ്കുവഹിക്കുന്ന ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ. ഇനിയും വലിയ രീതിയിൽ കുറയാൻ ഉള്ള സാധ്യത കുറവാണെന്നാണ് അദ്ദേഹം പറയുന്നത്. ഫെബ്രുവരി മാസത്തോടു കൂടി അന്താരാഷ്ട്ര വില 4300- 4500 ഡോളറാ അതിനേക്കാൾ കൂടുതലോ ആയി ഉയർന്നേക്കുമെന്ന് അബ്ദുൽ നാസർ പറയുന്നു. 4300 ഡോളർ കടന്നാൽ കേരളത്തിൽ പവന് 97000 രൂപയിലേക്ക് എത്തും.
‘ഒക്ടോബർ 17ന് അന്താരാഷ്ട്ര സ്വർണവില 4380 ഡോളറിലേക്ക് കുതിച്ചിരുന്നു. ഇതിന്റെ ചൂവട് പിടിച്ച് കേരളത്തിൽ പവന് 97,360 രൂപയും ഗ്രാമിന് 12,170 രൂപയുമായി ഉയർന്നു. അതിനുശേഷം ഏകദേശം 10%.ൽ അധികം തിരുത്തൽ വരുന്ന കാഴ്ചയാണ് കണ്ടത്. അന്താരാഷ്ട്ര സ്വർണ്ണവില 3885ലേക്ക് താഴ്ന്നതിനുശേഷം 4000-3950 എന്ന നിലവാരത്തിൽ തുടരുകയാണ്. ഇന്ന് സ്വർണ്ണവില നിശ്ചയിക്കുമ്പോൾ 4,013.31 ആയിരുന്നു അന്താരാഷ്ട്ര സ്വർണവില.
അഡ്വ. എസ്. അബ്ദുൽ നാസർ
കഴിഞ്ഞ 15 വർഷത്തെ വിലനിലവാരങ്ങൾ പരിശോധിച്ചാൽ ഒക്ടോബർ മാസത്തോടെ വില കുറയുകയും, അതിനുശേഷം നവംബർ മുതൽ ഫെബ്രുവരി വരെ ഏകദേശം 10 -20%. വരെ ഉയരുന്ന കാഴ്ചയുമാണ് കണ്ടുവരുന്നത് ആ ഒരു അർഥത്തിൽ ഫെബ്രുവരി മാസത്തോടു കൂടി 4300- 4500 അല്ലെങ്കിൽ അതിനു മുകളിലേക്ക് വില ഉയരാണ് സാധ്യത. വിലയിലെ ഏറ്റക്കുറച്ചിലുകൾ വിപണിയിൽ സ്വർണ്ണ വില്പനയുടെ തോത് കുറച്ചിട്ടുണ്ട്’ -അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.
കേരളത്തിൽ ഇന്ന് ഗ്രാമിന് രണ്ടുതവണയായി 100 രൂപയുടെ വർധനയാണ് ഉണ്ടായത്. പവന് 800 രൂപയും കൂടി. ഇതോടെ പവന് 89880 രൂപയും ഗ്രാമിന് 11235 രൂപയുമായി. ആഗോളവിപണിയിലും സ്വർണവില ഉയരുകയാണ്.
സ്വർണവിലയിൽ ഒരു ശതമാനം വർധനവാണ് ആഗോളവിപണിയിൽ ഉണ്ടായത്. സ്പോട്ട് ഗോൾഡ് വിലയിൽ 1.3 ശതമാനം വർധനവാണ് ഉണ്ടായത്. ഔൺസിന് 4,013.31 ഡോളറായാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയർന്നത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിലും വർധനയുണ്ടായിട്ടുണ്ട്. 0.8 ശതമാനം വർധനയോടെ 3,992.90 ഡോളറായാണ് യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് ഉയർന്നത്.
കഴിഞ്ഞയാഴ്ച ചേർന്ന യോഗത്തിലും പലിശനിരക്കുകൾ കുറക്കുമെന്ന് യു.എസ് ഫെഡറൽ സൂചന നൽകിയിരുന്നു. ഡിസംബറിൽ പലിശനിരക്ക് കുറക്കുമെന്ന സൂചനകളാണ് ഫെഡറൽ റിസർവ് നൽകിയിരിക്കുന്നത്. ഇതും സ്വർണനിരക്ക് ഉയരാനുള്ള കാരണങ്ങളിലൊന്നാണ്. ഇതിനൊപ്പം യു.എസ് തീരുവ സംബന്ധിച്ച സുപ്രീംകോടതി വിധിയും സ്വർണവിലയിൽ സ്വാധീനം ചെലുത്തും.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. ഇന്നലെ പവന് 720 രൂപ കുറഞ്ഞ് 89,080 രൂപയിലെത്തി. ഗ്രാമിന് 90 രൂപയുടെ കുറവാണുണ്ടായത്. 11,135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ചൊവ്വാഴ്ച 11,225 രൂപയായിരുന്നു ഗ്രാമിന്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. തിങ്കളാഴ്ച പവന് 90,320 രൂപയിലെത്തിയ സ്വർണ വില ചൊവ്വാഴ്ച 89800 രൂപയിലേക്ക് ഇടിയുകയായിരുന്നു.


