Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണവിലയിൽ ഇന്ന്...

സ്വർണവിലയിൽ ഇന്ന് പലതവണ മാറ്റം; കേരളത്തിൽ വ്യത്യസ്ത വില; തീരുവ വർധന കള്ളക്കടത്ത് കൂടാൻ ഇടയാക്കുമെന്ന് വ്യാപാരികൾ

text_fields
bookmark_border
Gold Rate
cancel

കൊച്ചി: സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ വർധിപ്പിച്ചതിന്​ പിന്നാലെ വില കുതിച്ചുയർന്ന കേരളത്തിൽ, രണ്ട് സ്വർണ വ്യാപാര സംഘടനകൾക്കും ഇന്ന് വ്യത്യസ്ത വില. കെ.ജി.എസ്.എം.എ മൂന്നു തവണയും ​എ.കെ.ജി.എസ്.എം.എ രണ്ടുതവണയുമാണ് ഇന്ന് വില പുതുക്കി നിശ്ചയിച്ചത്.

ബുധനാഴ്ച രാവിലെ ഒറ്റയടിക്ക്​ ഗ്രാമിന്​ 1,275 രൂപ വർധിച്ച്​ 15,300 രൂപയും പവന്​ 10,200 രൂപ വർധിച്ച് 1,23,120 രൂപയുമായി. ഇരുവിഭാഗവും ഇതേവില തന്നെയാണ് രാവിലെ പ്രഖ്യാപിച്ചത്.

എന്നാൽ, ഇറക്കുമതി ചുങ്കം വർധിപ്പിച്ചതുമായി ബന്ധപ്പെട്ട് വിലനിലവാരം, രൂപയുടെ വിനിമയ നിരക്ക്, ബാങ്ക് നിരക്കുകൾ എന്നിവ ചേർത്ത്​ പുനഃക്രമീകരിച്ചതോടെ ഉച്ചകഴിഞ്ഞ്​ രണ്ടുതവണയായി കെ.ജി.എസ്.എം.എ ഗ്രാമിന്​ 600 രൂപയും പവന് 4,800 രൂപയും കുറച്ചു.​ യഥാക്രമം 14,790 രൂപയും 1,18,320 രൂപയുമായി. ഇതോടെ, ഇവരുടെ കടകളിൽ ഫലത്തി​ൽ ബുധനാഴ്ചത്തെ വർധന​ യഥാക്രമം 675 രൂപയും 5,400 രൂപയുമായി.

അതേസമയം, എ.കെ.ജി.എസ്.എം.എ ഉച്ചക്ക് 540 രൂപയാണ് ഗ്രാമിന് കുറച്ചത്. 14,850 രൂപയാണ് ഗ്രാം വില. പവന് 4,320 രൂപ കുറഞ്ഞ് 1,18,800 രൂപയായി. ഇവരുടെ കടകളിൽ ഗ്രാമിന് 735 രൂപയും പവന് 5,880 രൂപയുമാണ് ഇന്ന് ഫലത്തിൽ വർധിച്ചത്.

ആറു​ശതമാനമായിരുന്ന ഇറക്കുമതി ചുങ്കം 15 ശതമാനമായാണ്​ സർക്കാർ കൂട്ടിയത്. ചുങ്കം വർധിപ്പിച്ചത് ഇറക്കുമതി കുറക്കുകയെന്ന ലക്ഷ്യത്തോടെയാണെങ്കിലും ഇത്​ കള്ളക്കടത്ത് വർധിക്കാൻ ഇടയാക്കുമെന്ന്​ വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. മുമ്പ്​ 15 ശതമാനം ചുങ്കം നിലനിന്ന ഘട്ടത്തിലാണ്​ ഇന്ത്യയിലേക്ക് 1,000 ടൺ സ്വർണം ഇറക്കുമതി ചെയ്തത്​. പിന്നീട്​ ചുങ്കം ആറുശതമാനമായി കുറച്ചപ്പോൾ ഇറക്കുമതി 800 ടണ്ണിൽ താഴെയായി.

ഒരുകിലോ സ്വർണം കള്ളക്കടത്തായി കൊണ്ടുവന്നാൽ 20 ലക്ഷം രൂപക്ക്​ മുകളിലാണ്​ ലാഭം. കള്ളക്കടത്ത് സ്വർണം സമാന്തര വിപണിയിലേക്ക് ഇറങ്ങുന്നത് വഴി മൂന്നുശതമാനം ജി.എസ്​.ടി കൂടി കൂട്ടിയാൽ 24 ലക്ഷത്തിന്‍റെ ലാഭമാണ് കള്ളക്കടത്തുകാർക്ക് ഉണ്ടാവുക.

ഇറക്കുമതി ചെലവുകൾ കുറക്കാൻ​ എക്സൈസ് ഡ്യൂട്ടി കൂട്ടിയതിലൂടെ കൂടുതൽ വില നൽകി സ്വർണം വാങ്ങേണ്ട അവസ്ഥയിലാണ് ഉപഭോക്താക്കൾ. ഒരുവർഷത്തേക്ക് സ്വർണം വാങ്ങരുതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നപ്പോൾ വില കുറയുമെന്ന കണക്കുകൂട്ടലിൽ ഒട്ടേറെ പേർ കഴിഞ്ഞ രണ്ടുദിവസം പഴയ സ്വർണം വൻ തോതിൽ വിറ്റതായും വ്യാപാരികൾ പറയുന്നു.

തീരുവ വർധന ഇങ്ങനെ

ന്യൂഡൽഹി: സ്വർണം വാങ്ങുന്നത് ഒരു വർഷത്തേക്ക് കുറക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെ സ്വർണത്തി​െന്റ ഇറക്കുമതി തീരുവ കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ. ആറിൽനിന്ന് 15 ശതമാനമായാണ് വർധന.

പശ്ചിമേഷ്യയിലെ സംഘർഷത്തി​െന്റ പശ്ചാത്തലത്തിലാണ് ചെലവ് ചുരുക്കൽ നടപടികൾക്ക് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നതും ഇന്ധന ഉപയോഗവും കുറക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇറക്കുമതി കുറച്ച് വിദേശനാണ്യ ശേഖരം സംരക്ഷിക്കുകയാണ് ലക്ഷ്യമിടുന്നത്.

അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനമാക്കി

സ്വർണത്തി​െന്റയും വെള്ളിയുടെയും അടിസ്ഥാന ഇറക്കുമതി തീരുവ അഞ്ച് ശതമാനത്തിൽനിന്ന് 10 ശതമാനമായും കാർഷിക അടിസ്ഥാന സൗകര്യ, വികസന സെസ് ഒരു ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായുമാണ് ഉയർത്തിയത്. ഇതോടെ മൊത്തം തീരുവ 15 ശതമാനമായി. പ്ലാറ്റിനത്തി​െന്റ ഇറക്കുമതി തീരുവ 6.4 ശതമാനത്തിൽനിന്ന് 15.4 ശതമാനമായും ഉയർത്തി. തീരുവ വർധന ബുധനാഴ്ചതന്നെ പ്രാബല്യത്തിൽവന്നു. തീരുവക്കൊപ്പം ഇറക്കുമതിക്കാർ മൂന്ന് ശതമാനം ജി.എസ്.ടിയും നൽകണം. ഫലത്തിൽ മൊത്തം നികുതി നിലവിലെ 9.18 ശതമാനത്തിൽനിന്ന് 18.45 ശതമാനമാകും.

കഴിഞ്ഞ സാമ്പത്തിക വർഷം സ്വർണത്തി​​െന്റ ഇറക്കുമതി 26.7 ശതമാനം ഉയർന്ന് 9.8 ലക്ഷം കോടി രൂപയായി. ഇതോടെ, രാജ്യത്തി​െന്റ മൊത്തം ഇറക്കുമതിയിൽ 14 ശതമാനവും സ്വർണമായി. മുൻവർഷം ഇത് 11.8 ശതമാനമായിരുന്നു.

തീരുവ വർധനയോടെ 10 ഗ്രാം സ്വർണത്തിന് 27,000 രൂപയുടെ വർധനയുണ്ടാകുമെന്ന് ഓൾ ഇന്ത്യ ജെംസ് ആൻഡ് ജ്വല്ലറി കൗൺസിൽ ചെയർമാൻ രാജേഷ് റോക്ദെ പറഞ്ഞു. സ്വർണ കള്ളക്കടത്ത് കൂടാൻ തീരുമാനം ഇടയാക്കുമെന്നാണ് സ്വർണ വ്യവസായ മേഖല ആശങ്കപ്പെടുന്നത്.

Show Full Article
TAGS:Gold Price Gold Gold Rate 
News Summary - kerala gold price
Next Story