Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഅദാനി ഓഹരി...

അദാനി ഓഹരി വെട്ടിക്കുറച്ച് എൽ.ഐ.സി; കാരണം പ്രതിപക്ഷ പ്രതിഷേധമോ?

text_fields
bookmark_border
അദാനി ഓഹരി വെട്ടിക്കുറച്ച് എൽ.ഐ.സി; കാരണം പ്രതിപക്ഷ പ്രതിഷേധമോ?
cancel
Listen to this Article

മുംബൈ: ശതകോടീശ്വരൻ ഗൗതം അദാനിയുടെ ഗ്രൂപ്പിലെ ഓഹരി നിക്ഷേപം വെട്ടിക്കുറച്ച് പൊതുമേഖല കമ്പനിയായ ലൈഫ് ഇൻഷൂറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽ.​ഐ.സി). ഏറ്റവും പ്രധാന കമ്പനിയായ അദാനി എന്റർപ്രൈസസിലെയും അദാനി പോർട്സിലെയും ഓഹരിയാണ് എൽ.​ഐ.സി ഗണ്യമായി വിറ്റൊഴിവാക്കിയത്. അദാനി എന്റർപ്രൈസസിലെ 0.52 ശതമാനവും അദാനിലെ പോർട്സിൽ 1.35 ശതമാനവും നിക്ഷേപം ഡിസംബർ സാമ്പത്തിക പാദത്തിൽ വെട്ടിക്കുറച്ചെന്നാണ് ട്രെൻഡ് ലൈൻ വെബ്സൈറ്റ് നൽകുന്ന കണക്ക്.

സെപ്റ്റംബർ സാമ്പത്തിക പാദത്തിൽ അദാനി എന്റർപ്രൈസസിലുണ്ടായിരുന്ന 4.16 ശതമാനം ഓഹരി പങ്കാളിത്തം 3.64 ശതമാനമായും ജൂൺ സാമ്പത്തികപാദത്തിൽ അദാനിലെ പോർട്സിലുണ്ടായിരുന്ന 8.14 ശതമാനം ഓഹരി പങ്കാളിത്തം 6.79 ശതമാനവുമായാണ് ഇടിഞ്ഞത്. ഓഹരി വിറ്റ് ലാഭമെടുത്തതാണ് നിക്ഷേപം ഇടിയാൻ കാരണമെന്നാണ് സൂചന. ഇൻഷൂറൻസ് പോളിസി ഉടമകളായ പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് കോർപറേറ്റുകളെ സഹായിക്കുകയാണെന്നും എൽ.ഐ.സിയുടെ നിക്ഷേപത്തെ കുറിച്ച് പാർലമെന്ററി സമിതി അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം കഴിഞ്ഞ വർഷം ആവശ്യപ്പെട്ടിരുന്നു.

അതേസമയം, അദാനിയുടെ സിമെന്റ് കമ്പനിയായ എ.സി.സിയിലെ എൽ.​ഐ.സിയുടെ ഓഹരി പങ്കാളിത്തം വർധിച്ചതായാണ് റിപ്പോർട്ട്. 9.95 ശതമാനത്തിൽനിന്ന് 10.51 ശതമാനത്തിലേക്കാണ് ഉയർന്നത്. അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്, അംബുജ സിമെന്റ് തുടങ്ങിയ കമ്പനികളിലും എൽ.ഐ.സിക്ക് ഓഹരി പങ്കാളിത്തമുണ്ട്. ഈ ഓഹരികൾ അതേപോലെ തന്നെ തുടരുകയാണ് എൽ.​ഐ.സി. എൽ.ഐ.സിക്കൊപ്പം പ്രവാസി വ്യവസായി രാജീവ് ജെയ്നിന്റെ യു.എസിലെ ഫ്ലോറിഡ ആസ്ഥാനമായ കമ്പനി ജി.ക്യു.ജിയും അദാനി ഗ്രൂപ്പിലെ നിക്ഷേപം വിറ്റൊഴിവാക്കിയിട്ടുണ്ട്. അദാനി പോർട്സിലെ ഓഹരി 3.49 ശതമാനത്തിൽനിന്ന് 2.27 ശതമാനമായും അദാനി പവർ ഓഹരി 1.53 ശതമാനമായുമാണ് കുറച്ചത്.

എൻ.ഡി.ടി.വി അടക്കം അദാനിയുടെ അഞ്ച് കമ്പനികളിൽ വിദേശ നിക്ഷേപകരുടെ ഓഹരി കുറഞ്ഞതായാണ് പുതിയ കണക്ക്. എന്നാൽ, കഴിഞ്ഞ വർഷം അദാനി ഗ്രൂപ്പിന്റെ വിപണി മൂലധനം 10.6 ശതമാനം ഉയർന്ന് 14.6 ലക്ഷം കോടി രൂപയായി. അദാനി പോർട്സ്, അദാനി പവർ, അദാനി എനർജി തുടങ്ങിയ കമ്പനികളുടെ വിപണി മൂലധനത്തിൽ 35 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്.

Show Full Article
TAGS:Adani stocks LIC- ADANI Ports goutham adani Life Insurance Corporation 
News Summary - LIC cuts stake in Adani stocks
Next Story