വില കുറവെങ്കിലും വളർച്ച മുരടിച്ച കുഞ്ഞൻ മത്തിയോട് മുഖം തിരിച്ച് ഭൂരിഭാഗം പേരും
text_fieldsകോഴിക്കോട്: കേരളത്തിലെ കടൽതീരത്ത് കിട്ടുന്ന മത്തിക്ക് മാസങ്ങളായി ഒരേ വലുപ്പം. മാസങ്ങൾക്കുമുമ്പ് കോഴിക്കോട് കടൽത്തീരത്തേക്ക് കൂട്ടത്തോടെ മത്തി വന്നുകയറിയിരുന്നു. ഈ സംഭവം കഴിഞ്ഞ് ആറുമാസമായിട്ടും മത്തിയുടെ വലുപ്പത്തിൽ വ്യത്യാസമൊന്നും വന്നിട്ടില്ല. രണ്ടോ മൂന്നോ ആഴ്ച കൊണ്ടുതന്നെ വലുപ്പം വെക്കുന്ന മത്തിയാണ് മാസങ്ങൾ പിന്നിടുമ്പോഴും വളർച്ച മുരടിച്ച് ഒരേ വലുപ്പത്തിൽതന്നെയുള്ളത്.
കേരള കടൽത്തീരത്തെ മത്തിക്ക് സാധാരണ 20 സെന്റിമീറ്ററോളം നീളം വരുമെങ്കിലും ഇപ്പോൾ ലഭിക്കുന്ന മത്തിക്ക് 12 സെന്റിമീറ്ററിൽ കുറവാണ് നീളം. തെക്കൻ കേരളത്തിൽ ലഭ്യമാകുന്ന മത്തിയേക്കാൾ കുറച്ചുകൂടി നീളം കുറഞ്ഞ മത്തിയാണ് വടക്കൻ കേരളത്തിൽ ലഭ്യമാകുന്നത്. വലുപ്പം കുറഞ്ഞതോടെ മത്തിയുടെ വിലയും ഗണ്യമായി കുറഞ്ഞു. വലുപ്പമുള്ള നെയ്ചാളക്ക് 350-400 രൂപ വരെ ഉയർന്ന സന്ദർഭങ്ങളുണ്ടായിരുന്നു. എന്നാൽ, കുഞ്ഞൻ മത്തി രണ്ട് കിലോക്ക് 150 രൂപ നിരക്കിലാണ് ചെറുകിട കച്ചവടക്കാർ പോലും വിൽക്കുന്നത്. മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട മത്സ്യവിഭവമായിട്ടുപോലും വൃത്തിയാക്കിയെടുക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടുതന്നെ ഇതിനോട് മുഖംതിരിക്കുകയാണ് ഭൂരിഭാഗം പേരും.
മാത്രമല്ല, വളർച്ച മുരടിച്ച കുഞ്ഞൻ മത്തിയിൽ നെയ്യില്ലാത്തതിനാൽ രുചി കുറവാണെന്ന് പരാതിയുമുണ്ട്. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്ക് ചെറിയ തോതിൽ വലിയ മത്തി എത്തുന്നുണ്ടെങ്കിലും നാടൻ മത്തിയുടെ രുചി ഇതിനില്ലെന്നും പറയുന്നു. വലിയ തോതിൽ മീൻപൊടിയാക്കുന്ന ഫാക്ടറികളാണ് ഇപ്പോൾ കൂടുതലായും മത്തി വാങ്ങുന്നത്.
മത്തിയുടെ വലുപ്പം കുറഞ്ഞതിനുള്ള കാരണം തേടിയുള്ള പഠനം നടത്തുന്നുണ്ടെന്നും വൈകാതെ റിപ്പോർട്ട് പുറത്തുവിടുമെന്നും കൊച്ചി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പറയുന്നു. 2023 ഒക്ടോബർ മുതൽ 2024 ഏപ്രിൽവരെ ചൂടേറിയ കാലഘട്ടമായിരുന്നു.
സമുദ്രത്തിലെ ഉപരിതല ഊഷ്മാവ് കൂടിയത് പ്രജനനസമയം നീളാൻ കാരണമായിട്ടുണ്ടാകാം. അതായിരിക്കാം ഈ സമയത്ത് കുഞ്ഞൻ മത്തികൾ ലഭ്യമാകാൻ കാരണമായിട്ടുണ്ടാകുകയെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിംസൺ ജോർജ് പറഞ്ഞു. ഒരു വർഷംപോലും വളർച്ചയെത്താത്ത മത്തികളെ സീറോ ഇയർ ക്ലാസെന്നും ഒരു വർഷം പൂർത്തിയായ മത്തികളെ വൺ ഇയർ ക്ലാസെന്നുമാണ് വിളിക്കുന്നത്. കാലാവസ്ഥ മാറ്റം മൂലം വൺ ഇയർ ക്ലാസ് മത്തികൾ ലഭ്യമാകാത്തതായിരിക്കാം കാരണമെന്നും അദ്ദേഹം പറഞ്ഞു.