പെരുന്നാൾ വിപണിയിൽ ആഘോഷം; പുതിയ തലമുറ ട്രെൻറുകൾ സെറ്റാക്കുന്ന തിരക്കിൽ
text_fieldsപെരുന്നാളിനോടനുബന്ധിച്ചുള്ള കോഴിക്കോട് നഗരത്തിലെ തിരക്ക് (രാത്രിക്കാഴ്ച)
കോഴിക്കോട്: ഈദുൽഫിത്വറിനെ വരവേൽക്കാൻ വിശ്വാസികൾ ഒരുങ്ങിയതോടെ വിപണിയിൽ ആഘോഷത്തിരക്ക്. നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും കച്ചവടകേന്ദ്രങ്ങളിൽ പെരുന്നാൾ ഉണർവിലാണ്. ടെക്സ്റ്റയിൽ, പാദരക്ഷ മേഖലയിൽ വലിയ വ്യാപാരമാണ് ഈദുൽഫിത്വറിൽ ഉണ്ടാവാറുള്ളത്. ഇത്തവണ യുദ്ധഭീതി നിഴലിച്ച ദിനങ്ങളായതിനാൽ കച്ചവടമേഖലയിൽ അത് പ്രതിഫലിക്കുമോ എന്ന ആശങ്കയുമുണ്ട്. പ്രത്യേകിച്ച് ഗൾഫ് മേഖലയിലെ അശാന്തി കച്ചവടത്തിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ട്. എങ്കിലും നിരാശയിലല്ല വിപണി. യുവാക്കൾക്കും കൗമാരക്കാർക്കുമിടയിൽ ആഘോഷം ‘ഫോട്ടോജെനിക്’ ആയ തിനാൽ അവരിലാണ് വിപണിയുടെ പ്രതീക്ഷ.
കോഴിക്കോട് നഗരത്തിൽ പകലിനേക്കാൾ കച്ചവടവും തിരക്കും അനുഭവപ്പെടുന്നത് രാത്രിയിലാണ്. പകൽ കടുത്ത ചൂടും പാർക്കിങ് പ്രശ്നവുമുള്ളതിനാൽ രാത്രിയാണ് ആളുകൾ കൂടുതൽ എത്തുന്നത്. രാത്രിയുടെ വൈബും പ്രധാന ആകർഷണമാണ്. മിഠായിത്തെരുവും പരിസരങ്ങളുമാണ് പെരുന്നാൾ തിരക്കിന്റെ പ്രധാനകേന്ദ്രം. മാളുകളിൽ പക്ഷെ പകലും നല്ല തിരക്കുണ്ട്. ഈദ്ഫെസ്റ്റും ഓഫറുകളുമായി മാളുകളും മത്സരത്തിലാണ്. ദേശീയ പാത തുറന്നതോടെ മലപ്പുറം ജില്ലയിൽ നിന്ന് കോഴിക്കോട്ടേക്ക് കൂടുതൽ ആളുകൾ എത്തുന്നുണ്ട്. കോഴിക്കോട് ബീച്ചിൽ ഇഫ്താർ കൂടി ഇവിടത്തെ പള്ളികളിൽ പ്രാർഥന കഴിഞ്ഞ് രാത്രി ഷോപ്പിങ് കഴിഞ്ഞു തിരിച്ചുപോകുകയാണ് രീതി. അതുകൊണ്ട് തന്നെ നഗരത്തിൽ രാത്രിയിൽ ഗതാഗാതക്കുരുക്ക് അനുഭവപ്പെടുന്നു. ബീച്ചിലെ ഫുട് കോർട്ടുകളിലും പുലരുവോളം തിരക്കാണ്.
പാരമ്പര്യവും പുതുമയും ഒത്തുചേരുന്നതാണ് ഇത്തവണത്തെ ട്രെന്റ്. പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഇടയിൽ ഇത്തവണ ‘ലാച്ചി’ ടൈപ് ഡ്രസുകൾക്ക് ഡിമാന്റ് ഉണ്ട്. നല്ല വർക്കുകളുള്ള അനാർക്കലികളും ഫ്ലോറൽ പ്രിന്റഡ് ഓർഗൻസ സാരികളും ട്രെൻഡിംഗാണ്.
പേസ്റ്റൽ ഷേഡുകൾ: കടും നിറങ്ങളെക്കാൾ ലാവെൻഡർ, മിന്റ് ഗ്രീൻ, പീച്ച് തുടങ്ങിയ പേസ്റ്റൽ നിറങ്ങളോടാണ് പൊതുവെ പ്രിയം.
മെൻസ് വെയർ: പുരുഷന്മാർക്കിടയിൽ ലിനൻ കുർത്തകളും ഡിജിറ്റൽ പ്രിന്റഡ് ഷർട്ടുകളുമാണ് താരം. മുണ്ടിനൊപ്പം മാച്ചിംഗ് ആയ ഷോർട്ട് കുർത്തകളും യുവാക്കൾക്കിടയിൽ ട്രെൻഡാണ്
കോ-ഓർഡ് സെറ്റുകൾ : ഒരേ പ്രിന്റും മെറ്റീരിയലുമുള്ള ടോപ്പും പാന്റും ധരിക്കുന്നതാണ് ഇപ്പോഴത്തെ മെയിൻ ട്രെൻഡ്.
ഓവർസൈസ്ഡ് ഫിറ്റ്സ് : മുറുകി നിൽക്കുന്ന വസ്ത്രങ്ങളെക്കാൾ അയഞ്ഞ ഡിസൈനിലുള്ള കുർത്തകളും ഷർട്ടുകളുമാണ് ഫ്രീക്കന്മാരുടെ ചോയ്സ്.
കസ്റ്റമൈസ്ഡ് കാലിഗ്രാഫി: വസ്ത്രങ്ങളിൽ സ്വന്തം പേരോ ചെറിയ വചനങ്ങളോ അറബിക് കാലിഗ്രാഫിയിൽ പ്രിന്റ് ചെയ്യുന്നത് പുതിയൊരു ഫാഷനാണ്
സ്മാർട്ട് വാച്ചുകൾ: പരമ്പരാഗത വസ്ത്രങ്ങൾക്കൊപ്പം പ്രീമിയം സ്മാർട്ട് വാച്ചുകൾ മാച്ച് ചെയ്യുന്നത് പുതിയ ട്രെന്റാണ്.


