ലക്ഷ്യം പാളി; കർഷകർക്ക് തുണയാകാതെ കാബ്കോ
text_fieldsകോഴിക്കോട്: കേരള അഗ്രോ ബിസിനസ് കമ്പനിയുടെ (കാബ്കോ) പ്രവർത്തനങ്ങൾ സാങ്കേതിക കുരുക്കിൽ അമർന്നതോടെ നഗര-ഗ്രാമീണ കാർഷിക വിപണികൾ മങ്ങി. കാർഷിക വികസന വകുപ്പിന് കീഴിലുണ്ടായിരുന്ന അഞ്ച് പ്രധാന സ്ഥാപനങ്ങളെ അടിസ്ഥാന യൂനിറ്റുകളാക്കി പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ രൂപവത്കരിച്ച കാബ്കോയാണ് തുടക്കത്തിൽതന്നെ മുരടിച്ചത്.
കർഷകരുടെയും കാർഷിക മേഖലയുടെയും വികസനം ലക്ഷ്യമാക്കിയാണ് ഇടുക്കിയിലെ വട്ടവട വെജിറ്റബിൾ അഗ്രോപാർക്ക്, തൃശൂർ കണ്ണാറയിലെ ബനാന ഹണി അഗ്രോപാർക്ക്, കോഴിക്കോട് വേങ്ങേരിയിലെ കോക്കനട്ട് ട്രേഡിങ് ആൻഡ് മാർക്കറ്റിങ് ഹബ് അഗ്രോപാർക്ക്, കോഴിക്കോട് കൂത്താളിയിലെ കോക്കനട്ട് മാനുഫാക്ചറിങ് ഫെസിലിറ്റി, പാലക്കാട് മുതലമടയിലെ മാംഗോ അഗ്രോപാർക്ക് എന്നിവയെ അടിസ്ഥാന യൂനിറ്റുകളാക്കി കാബ്കോ രൂപവത്കരിച്ചത്.
കാർഷിക ഉൽപന്നങ്ങൾക്ക് പരമാവധി വില ലഭ്യമാക്കുക, വിവിധ കാർഷികോൽപന്നങ്ങളുടെ സംഭരണത്തിനും സംസ്കരണത്തിനും മൂല്യവർധനക്കും ദേശീയ അന്തർദേശീയ വിപണനത്തിനും പുത്തൻ മാർഗം കണ്ടെത്തുക, കാർഷിക ഉൽപന്നങ്ങളെ പൊതു ബ്രാൻഡിൽ കൊണ്ടുവരുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ആരംഭിച്ച കാബകോക്ക് രണ്ടുവർഷമായിട്ടും ഒരു ലക്ഷ്യവും നിറവേറ്റാനായില്ലെന്നാണ് ആക്ഷേപം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (സിയാല്‍) മാതൃകയില്‍ സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് പങ്കാളിത്തത്തോടെ നിർമിച്ച കമ്പനിയാണ് കാബ്കോ.
സംസ്ഥാനത്ത് കാർഷിക ഉൽപന്നങ്ങളുടെ മൂല്യവർധനവിനും സംസ്കരണത്തിനും ഊന്നൽ നൽകുന്നതിനായി അഗ്രി പാർക്കുകളും ഫ്രൂട്ട് പാർക്കുകളും സ്ഥാപിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കമ്പനി രൂപവത്കരികരിക്കുന്നതിലൂടെ സാധ്യമാകുമെന്നാണ് കൃഷിമന്ത്രിയും കാർഷിക വകുപ്പും അവകാശപ്പെട്ടിരുന്നത്. എന്നാൽ, കർഷകർക്ക് കാബ്കോയുടെ ഗുണം ലഭിച്ചില്ലെന്നുമാത്രമല്ല മുമ്പ് കൃഷിവകുപ്പിന് കീഴിലായിരുന്നപ്പോൾ അഗ്രോ പാർക്കുകൾക്ക് ലഭിച്ച ആനുകൂല്യവും ഇല്ലാതായ അവസ്ഥയാണ്. കാർഷിക ഉൽപന്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും കാർഷികോൽപാദനത്തെ അടിസ്ഥാനമാക്കി വിപണി കണ്ടെത്തുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള ഏജൻസിയായി പ്രവർത്തിക്കാനും കമ്പനിക്കാവുമെന്നാണ് അവകാശപ്പെട്ടതെങ്കിലും ഒന്നുമുണ്ടായില്ലെന്ന് കർഷകർ പറയുന്നു. അഗ്രോ പാർക്കുകൾ ഏറ്റെടുക്കുന്നതിലുള്ള സാങ്കേതിക കുരുക്കാണ് കാബ്കോയുടെ പ്രവർത്തനങ്ങൾക്ക് വിഘാതമാകുന്നത്.