ഓണച്ചന്തകളിലേക്ക് ഇത്തവണ മറ്റത്തൂരിലെ മത്തനും കുമ്പളവുമില്ല
text_fieldsകോടാലിയിലെ സ്വാശ്രയ കര്‍ഷക ചന്ത (ഫയല്‍ ചിത്രം)
കൊടകര: ഓണക്കാലത്ത് പച്ചക്കറി ഉൽപാദനത്തിലും വിപണനത്തിലും റെക്കോഡ് നേട്ടം കൈവരിക്കാറുള്ള മറ്റത്തൂരിലെ വി.എഫ്.പി.സി.കെ സ്വാശ്രയകര്ഷകസമിതി നേന്ത്രക്കായ ഒഴികെയുള്ള പച്ചക്കറി ഇനങ്ങളുടെ ഉൽപാദനത്തില് ഇത്തവണ പുറകിലായി. മഴക്കെടുതി ബാധിച്ചതും കര്‍ഷകര്‍ കൃഷിയില്‍ നിന്ന് വിട്ടുനിന്നതുമാണ് കാരണം.
വി.എഫ്.പി.സി.കെയുടെ കീഴിലെ മറ്റത്തൂര്‍ സ്വാശ്രയ കര്‍ഷക സമിതിയുടെ കോടാലിയിലുള്ള സ്വാശ്രയകര്‍ഷക ചന്ത വഴി ഇത്തവണ വിറ്റഴിച്ചത് എട്ടുടണ് പച്ചക്കറിയാണ്. കഴിഞ്ഞ ഓണക്കാലത്ത് ഇത് 40 ടണ്ണോളമായിരുന്നു.
മത്തന്‍, കുമ്പളം, വെള്ളരി തുടങ്ങിയ ഇനങ്ങളാണ് മറ്റത്തൂരില്‍ കൂടുതലായി ഉൽപാദിപ്പിക്കാറുള്ളത്. പ്രതികൂല കാലാവസ്ഥയും ഓണക്കാലത്ത് വിറ്റഴിയാതെ കെട്ടിക്കിടക്കാറുള്ള സാഹചര്യവും കണക്കിലെടുത്ത് മലയോര കര്‍ഷകര്‍ മിക്കവരും ഈ വര്‍ഷം മത്തന്‍, കുമ്പളം, വെള്ളരി പോലുള്ള വിളകള്‍ കൃഷി ചെയ്തില്ല. ചെറുകിട കര്‍ഷകരുടെ വിളകളാകട്ടെ മഴക്കെടുതിയില്‍ നശിച്ചുപോയി. അവശേഷിച്ചത് ഓണത്തിന് മുമ്പേ വിളവെടുപ്പിന് പാകമായുമില്ല.
കാട്ടാന, മയില്‍, മാന്‍ തുടങ്ങിയവയുടെ ശല്യവും പച്ചക്കറി കൃഷിയില്‍ നിന്ന് പിന്തിരിയാന് കര്‍ഷകരെ നിര്‍ബന്ധിച്ചു. രണ്ടു പതിറ്റാണ്ടോളമായി മറ്റത്തൂരില്‍ വിളയിച്ച ടണ്‍കണക്കിന് പച്ചക്കറിയാണ് ഹോര്‍ട്ടികോര്‍പ്പ് മുഖേന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഔട്ട്ലെറ്റുകളിൽ എത്തിയിരുന്നത്. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കാണ് ഇവിടെ നിന്ന് കൂടുതല്‍ പച്ചക്കറി പോയിരുന്നത്.
മത്തങ്ങ, കുമ്പളങ്ങ, പയര്‍ എന്നീ ഇനങ്ങളായിരുന്നു കൂടുതല്‍ കൊണ്ടുപോയിരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഉല്പന്നങ്ങള് മറ്റത്തൂര്‍ സ്വാശ്രയകര്‍ഷക ചന്തയില്‍ കെട്ടിക്കിടന്ന് നശിച്ചുപോയ സാഹചര്യവും നേരിടേണ്ടിവന്നിരുന്നു. ഈ ദുരനുഭവം മുന്‍നിര്‍ത്തിയാണ് ഇത്തവണ പല കര്‍ഷകരും പച്ചക്കറികൃഷിയില്‍ നിന്ന് വിട്ടുനിന്നത്.