കുരുമുളക് വിളവെടുപ്പ് തുടങ്ങി; വിലയിടിക്കാൻ വ്യാപാരികൾ
text_fieldsആഗോള വിപണിയിൽ കുരുമുളക് ശക്തമായ നിലയിലാണെങ്കിലും ഇന്ത്യൻ കർഷകർ വിളവെടുപ്പിന് ഒരുങ്ങുന്നത് വില നിലവാര ഗ്രാഫിനെ താഴ്‌ന്ന റേഞ്ചിലേക്ക് തിരിക്കുമെന്ന നിഗമനത്തിലാണ് യൂറോപ്യൻ വ്യാപാരികൾ. ഏതാനും മാസങ്ങളായി അന്താരാഷ്‌ട്ര സുഗന്ധവ്യഞ്‌ജന വിപണിയിൽ കുരുമുളക് ലഭ്യത കുറഞ്ഞത് വില ഉയർത്താൻ വാങ്ങലുകാരെ പ്രേരിപ്പിച്ചിരുന്നു. മാസാന്ത്യത്തോടെ ഹൈറേഞ്ചിലെ തോട്ടങ്ങളിൽ മൂപ്പെത്തിയ മുളക് വിളവെടുപ്പ് ഊർജിതമാകുമെന്നാണ് വിലയിരുത്തൽ.
ഹൈറേഞ്ച് കവാടമായ അടിമാലി മേഖലയിൽ ഇതിനകം തന്നെ വിളവെടുപ്പിന് തുടക്കം കുറിച്ചു. മാസാന്ത്യത്തോടെ ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ വിളവെടുപ്പ് രംഗം സജീവമാകും. വൈകാതെ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ചരക്ക് ലഭ്യത ഉയരുമെന്ന സൂചനകൾ വിദേശികളെ രാജ്യാന്തര മാർക്കറ്റിൽ നിന്നും അൽപം പിന്തിരിപ്പിച്ചു.
യു.എസ്, യൂറോപ്യൻ ബയർമാർ വിയറ്റ്‌നാം കേന്ദ്രീകരിച്ചാണ് ഏതാനും മാസങ്ങളായി മുളക് സംഭരിച്ചിരുന്നത്. നിലവിൽ ടണ്ണിന് 8100 ഡോളറാണ് മലബാർ മുളക് വില. അന്താരാഷ്‌ട്ര മാർക്കറ്റിൽ വിയറ്റ്‌നാം ടണ്ണിന് 6800 ഡോളറും ഇന്തോനേഷ്യ 7000 ഡോളറും ബ്രസീൽ 6300 ഡോളറുമാണ് രേഖപ്പെടുത്തുന്നത്. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 71,700 രൂപ.
അനുകൂല കാലാവസ്ഥ തുടരുന്നതിനാൽ ഫെബ്രുവരിയിലും ഏലം വിളവെടുപ്പുമായി മുന്നേറാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം കർഷകർ. വിദേശ വ്യാപാരങ്ങൾ ഉറപ്പിച്ചവർക്ക് ഒപ്പം ആഭ്യന്തര ഇടപാടുകാരും ലേല കേന്ദ്രങ്ങളിൽ ഏലക്ക സംഭരിക്കാൻ ഉത്സാഹിച്ചു. വാരാന്ത്യം നടന്ന ലേലത്തിന് വന്ന 21,388 കിലോ ചരക്ക് പൂർണമായി ലേലം കൊണ്ടു. ശരാശരി ഇനങ്ങൾ കിലോ 2485 രൂപയിലും മികച്ചയിനങ്ങൾ 2956 രൂപയിലും കൈമാറി.
ആഗോള കൊക്കോ കർഷകരെ സമ്മർദത്തിലാക്കി ഉൽപന്ന വില വീണ്ടും ഇടിയുന്നു. കഴിഞ്ഞ വർഷം റെക്കോഡ് നിരക്കിൽ നിന്നും കൊക്കോ 48 ശതമാനം വിലത്തകർച്ച നേരിട്ടിരുന്നു. അതിന്റെ ഞെട്ടൽ മാറും മുമ്പേ കൊക്കോ വീണ്ടും വിലത്തകർച്ചയിലേക്ക് നീങ്ങുമെന്ന നിഗമത്തിൽ ചോക്ലറ്റ് വ്യവസായികൾ ചരക്ക് സംഭരണം കുറച്ചു. മുന്നിലുള്ള രണ്ട് മാസം വിളവെടുപ്പിനുള്ള ഒരുക്കത്തിലാണ് ആഫ്രിക്കൻ രാജ്യങ്ങൾ. രാജ്യാന്തര വിപണിയിൽ കൊക്കോ വില ടണ്ണിന് 4900 ഡോളറിലേക്ക് ഇടിഞ്ഞു. രണ്ട് വർഷം മുമ്പേ നിരക്ക് 10,000 ഡോളർ വരെ ഉയർന്നിരുന്നു. സംസ്ഥാനത്ത് പച്ച കൊക്കോ കിലോ 140 രൂപയിലും കൊക്കോ പരിപ്പ് 400 രൂപയിലുമാണ്.
അന്താരാഷ്‌ട്ര പാം ഓയിൽ വിലയിലെ തളർച്ച ദക്ഷിണേന്ത്യൻ കൊപ്രയാട്ട് വ്യവസായികളെ പിരിമുറുക്കത്തിലാക്കി. മലേഷ്യയിൽ പാം ഓയിൽ അവധി നിരക്ക് ഇടിഞ്ഞതോടെ ആഭ്യന്തര കൊപ്രയാട്ട് മില്ലുകാർ ചരക്ക് സംഭരണം കുറച്ചു. കാങ്കയത്ത് വെളിച്ചെണ്ണ വില 22,475 രൂപയായി താഴ്‌ന്നു. പാം ഓയിലിന്റെ തളർച്ച ഇറക്കുമതി വർധിക്കാൻ ഇടയാക്കിയാൽ അത് വെളിച്ചെണ്ണ വിലയെ ബാധിക്കും. കൊച്ചിയിൽ വെളിച്ചെണ്ണ വില ക്വിൻറലിന് 30,800 രൂപ.
സംസ്ഥാനത്ത് റബർ ഷീറ്റിന് വിൽപനക്കാർ കുറഞ്ഞത് മുൻ നിർത്തി ടയർ വ്യവസായികൾ നാലാം ഗ്രേഡ് ഷീറ്റ് വില 18,700 രൂപയിൽ നിന്നും 19,100ലേക്ക് ഉയർത്തി. ഉത്തരേന്ത്യൻ ചെറുകിട വ്യവസായികൾ അഞ്ചാം ഗ്രേഡ് റബർ വില 200 രൂപ വർധിപ്പിച്ച് 18,600ന് ശേഖരിച്ചു.


