Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഅരി സൂക്ഷിക്കാൻ...

അരി സൂക്ഷിക്കാൻ ഇടമില്ല; തുച്ഛമായ വിലയ്ക്ക് നേരിട്ട് വിൽക്കാൻ സർക്കാർ

text_fields
bookmark_border
അരി സൂക്ഷിക്കാൻ ഇടമില്ല; തുച്ഛമായ വിലയ്ക്ക് നേരിട്ട് വിൽക്കാൻ സർക്കാർ
cancel

മുംബൈ: രാജ്യ​ത്തിന്റെ കേന്ദ്ര പൂളിലെ നെല്ല് സംഭരണം സർവകാല ​റെക്കോഡിലേക്ക് ഉയർന്നതോടെ മൊത്തം അരിയുടെ കരുതൽ ശേഖരം 679.32 ലക്ഷം ടണ്ണായി വർധിച്ചെന്ന് റിപ്പോർട്ട്. പൊതുവിതരണ സമ്പ്രദായത്തിൽ ഉപഭോക്താക്കൾക്ക് ഒരു വർഷം വിതരണം ചെയ്യാൻ 410 ലക്ഷം ടൺ അരിയാണ് ആവശ്യമുള്ളത്. ഡിമാൻഡ് കുറഞ്ഞതിനാൽ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്.സി.ഐ) ഗോഡൗണുകളിലും മറ്റും കെട്ടിക്കിടക്കുന്ന അധിക അരി വിറ്റൊഴിവാക്കാൻ കേന്ദ്ര സർക്കാർ പുതിയ വഴി കണ്ടെത്തേണ്ടി വരുമെന്നാണ് സൂചന.

ജനുവരി ഒന്നുവരെ എഫ്.സി.ഐ സംഭരണിയിൽ 309.38 ലക്ഷം ടൺ അരിയുണ്ട്. മുൻ വർഷത്തേക്കാൾ ആറ് ശതമാനം അധികമാണിത്. അതുപോലെ 552.15 ലക്ഷം ടൺ നെല്ലിന്റെയും കരുതൽ ശേഖരമുണ്ട്. അതായത് 2024നേക്കാൾ 16 ശതമാനം കൂടുതൽ. ഇത്രയും നെല്ല് സംസ്കരിച്ചാൽ 370 ലക്ഷം ടൺ അരി ലഭിക്കുമെന്നാണ് കണക്ക്. ഇതുംകൂടി കണക്കിലെടുത്താണ് മൊത്തം അരിയുടെ കരുതൽ ശേഖരം 679.32 ലക്ഷം ടണ്ണാകുന്നത്.

നിലവിലെ അരിയുടെ സ്റ്റോക്ക് (നെല്ല് ഉൾപ്പെടെ) ബഫർ മാനദണ്ഡമായ 76.1 ലക്ഷം ടണ്ണിന്റെ ഒമ്പത് മടങ്ങ് അധികമാണ്. 52 ലക്ഷം ടൺ അരി എഥനോൾ ഉത്പാദനത്തിന് നൽകിയിട്ടും വലിയ അളവിൽ അരി കെട്ടിക്കിടക്കുകയാണ്. ഒരു ടൺ അരി സംഭരണത്തിന് 41,733.40 രൂപയോളം ചെലവായിട്ടും 23,200 രൂപക്കാണ് എഥനോൾ ഉത്പാദകർക്ക് സർക്കാർ നൽകിയത്.

സെൻട്രൽ പൂളിൽനിന്ന് പരമാവധി അരി വിൽക്കാൻ സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് എഫ്.സി.ഐ മുൻ ഉദ്യോഗസ്ഥൻ പറഞ്ഞു. എഫ്.സി.ഐയിലെ അധിക സ്റ്റോക്ക് ഒഴിവാക്കാൻ കുറഞ്ഞത് 40 ശതമാനം എഥ​നോൾ അരിയിൽനിന്ന് ഉത്പാദിപ്പിക്കാൻ പ്ലാന്റുകൾക്ക് സർക്കാർ നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

​റേഷൻ കടകളിലൂടെ ഒരു മാസം ഒരാൾക്ക് അഞ്ച് കിലോഗ്രാം അരി മാത്രമേ വിൽക്കാൻ കഴിയൂ. ഈ പരിധി ഉയർത്തിയാലും കടകളിൽ നേരിട്ട് വിറ്റാലും അധിക അരി ഒഴിവാക്കാൻ കഴിയില്ല. ഈ പ്രശ്നം പരിഹരിക്കാൻ കാർഷിക, ഭക്ഷ്യ മന്ത്രാലയങ്ങൾ ചർച്ച നടത്തേണ്ടതുണ്ടെന്നും എഫ്.സി.ഐ മുൻ ഉദ്യോഗസ്ഥൻ നിർദേശിച്ചു.

കഴിഞ്ഞ വർഷം മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം എഫ്.സി.ഐക്ക് 458.71 ലക്ഷം ടൺ സംഭരണ ശേഷയാണുള്ളത്. സംസ്ഥാനങ്ങളിലെ 413.51 ലക്ഷം ടണ്ണിന്റെ സംഭരണ ശേഷികൂടി കണക്കിലെടുത്താൽ മൊത്തം 872.22 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങളുടെ കരുതൽ ശേഖരത്തിനുള്ള സൗകര്യമുണ്ട്. മില്ലുകളിൽനിന്ന് അരി എഫ്.സി.ഐ ഏറ്റെടുക്കാത്തതിന്റെ കാരണവും സംഭരണ ശേഷിയുടെ കുറവാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Show Full Article
TAGS:Business News rice storage fci godown Rice procurement Agri News Market news 
News Summary - record stock of rice, govt plans direct sales to consumers
Next Story