ഇന്ത്യൻ ഓഹരി വിപണികളിൽ വൻ മുന്നേറ്റം; സെൻസെക്സ് 800 പോയിന്റിലേറെ ഉയർന്നു, നിഫ്റ്റി 24,000 പോയിന്റിന് മുകളിൽ
text_fieldsമുംബൈക ഇന്ത്യൻ ഓഹരി വിപണികളിൽ മുന്നേറ്റം. ബോംബെ സൂചിക സെൻസെക്സ് 800 പോയിന്റ് ഉയർന്നു. ദേശീയ സൂചിക നിഫ്റ്റിയിൽ 24,000 പോയിന്റിന് മുകളിലാണ് വ്യാപാരം. ഐ.ടി, ഊർജ ഓഹരികളിലെ വാങ്ങൽ താൽപര്യമാണ് വിപണിക്ക് കരുത്തായത്.
സെൻസെക്സ് 845 പോയിന്റ് ഉയർന്ന് 79,399.11ലേക്ക് എത്തി. നിഫ്റ്റി 210 പോയിന്റ് ഉയർന്ന് 24,061.45ലെത്തി. നിഫ്റ്റി ബാങ്ക് ഇൻഡക്സ് 1000 പോയിന്റ് ഉയർന്ന് 55,291ലെത്തി. നിഫ്റ്റി മിഡ്ക്യാപ്, നിഫ്റ്റി സ്മോൾ ക്യാപ് ഇൻഡക്സുകൾ 1.5 ശതമാനം ഉയർന്നു.
വിവിധ സെക്ടറുകളിൽ നിഫ്റ്റി പി.എസ്.യു ബാങ്ക്, നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, നിഫ്റ്റി ഐ.ടി, നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ് എന്നിവ നേട്ടത്തിലാണ്. നിഫ്റ്റി എഫ്.എം.സി.ജി, നിഫ്റ്റി മീഡിയ എന്നീ ഇൻഡക്സുകളാണ് നഷ്ടത്തിൽ വ്യാപാരം നടത്തുന്നത്.
ഇൻഡസ്‍ലാൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, എസ്.ബി.ഐ, ആക്സിസ് ബാങ്ക്, ട്രെന്റ് എന്നിവയാണ് നേട്ടം രേഖപ്പെടുത്തിയ ഓഹരികൾ. അദാനി പോർട്സ് ആൻഡ് സെസ്, എച്ച്.ഡി.എഫ്.സി ലൈഫ്, ഐ.ടി.സി, ഹിന്ദുസ്ഥാൻ യുണിലിവർ, സൺഫാർമസ്യൂട്ടിക്കൾ എന്നിവ നഷ്ടം രേഖപ്പെടുത്തി.
ബാങ്കുകൾക്ക് മികച്ച നാലാംപാദ ലാഭഫലം ലഭിച്ചത് ഓഹരി വിപണിയുടെ നേട്ടത്തിനുള്ള കാരണമായി. ഇതിനൊപ്പം വ്യാപാരയുദ്ധത്തിന്റെ സാഹചര്യത്തിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥ പിടിച്ചുനിൽക്കുമെന്ന പ്രതീക്ഷയും പലിശ നിരക്കുകൾ കുറക്കാനുള്ള സാധ്യതയും യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ വരവും വിപണിയുടെ ഉയർച്ചക്കുള്ള കാരണമായി.