സെൻസെക്സ് 850 പോയിന്‍റ് ഉയർന്നു, നിഫ്റ്റി 24,200ന് മുകളിൽ: വിപണിയിലെ വൻ മുന്നേറ്റത്തിന് പിന്നിൽ ഐ.ടി ഓഹരികളിലെ നിക്ഷേപം
text_fieldsമുംബൈ: ടാറ്റാ കൺസൾട്ടൻസി സർവീസസിന്‍റെ (TCS) പാദവാർഷിക വരുമാനം പ്രതീക്ഷിച്ചതിലും മികച്ച നേട്ടം ഉണ്ടാക്കുകയും ഐ.ടി ഓഹരികൾ വാങ്ങുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്തത് ഏഷ്യൻ വിപണിയിൽ ഉണർവുണ്ടാക്കി. ഇത് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തിയതോടെ പ്രമുഖ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് വലിയ നേട്ടത്തോടെ ട്രേഡിങ് തുടരുകയാണ്. രാവിലെ 10 മണിയോടെ സെൻസെക്സ് 823.09 പോയിന്‍റ് (1.07 ശതമാനം) ഉയർന്ന് 77,564.91 ലും, ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 252.65 പോയിന്‍റ് (1.05 ശതമാനം) മുന്നേറി 24,215.45 ലും എത്തി.
വിപണിയിലെ ഈ മുന്നേറ്റത്തിന് പിന്നിൽ
1) ഐ.ടി ഓഹരികളിലെ മുന്നേറ്റം: ഐ.ടി ഓഹരികളിൽ ഏകദേശം 3 ശതമാനത്തോളം മുന്നേറ്റമാണ് ദൃശ്യമായിരിക്കുന്നത്. ഐ.ടി രംഗത്തെ പ്രമുഖരായ ടാറ്റാ കൺസൾട്ടൻസി സർവിസസിന്‍റെ (TCS) ജൂൺ പാദത്തിലെ മികച്ച പ്രവർത്തനവും മാനേജ്‌മെന്‍റിന്‍റെ വിലയിരുത്തലുകളും പുറത്തുവന്നതിന് പിന്നാലെ വെള്ളിയാഴ്ച രാവിലെ കമ്പനിയുടെ ഓഹരികൾ 3 ശതമാനത്തിലധികം ഉയർന്നു. രണ്ടാം പാദം മുതൽ വിപണിയിലെ ആവശ്യകതയിൽ ക്രമാനുഗതമായ തിരിച്ചുവരവ് ഉണ്ടാകുമെന്ന പ്രതീക്ഷകൾ ഇത് ശക്തമാക്കിയതോടെ, മുൻനിര ബ്രോക്കറേജ് സ്ഥാപനങ്ങൾ ഈ ഓഹരിയിൽ അനുകൂലമായ നിലപാട് തുടരാൻ പ്രേരിതരായി.
2) ശക്തമായ ആഗോള സൂചനകൾ: ഏഷ്യൻ വിപണികളിൽ ദക്ഷിണ കൊറിയയുടെ 'കോസ്പി' (Kospi) സൂചിക 4 ശതമാനത്തിലധികം ഉയർന്നപ്പോൾ ഹാങ് സെങ് (Hang Seng) സൂചിക 2 ശതമാനം നേട്ടമുണ്ടാക്കി.
3) 'ഇന്ത്യ വിക്സ്' (India Vix) ഇടിഞ്ഞു: വിപണിയിലെ ആശങ്കകളെയും അസ്ഥിരതയെയും സൂചിപ്പിക്കുന്ന വോളട്ടിലിറ്റി ഇൻഡക്സ് (India Vix) 6 ശതമാനം ഇടിഞ്ഞ് 12.63 നിലവാരത്തിലെത്തി. ഇത് നിക്ഷേപകരുടെ ആശങ്കക്ക് ശമനമുണ്ടായതിന്‍റെ സൂചനയാണ്.
ജിയോജിത് ഫിനാൻഷ്യൽ സർവിസസിലെ ചീഫ് മാർക്കറ്റ് സ്ട്രാറ്റജിസ്റ്റ് ആനന്ദ് ജെയിംസ് പറയുന്നത് ഇങ്ങനെയാണ്: "പ്രതീക്ഷിച്ചതുപോലെ തന്നെ വിപണിയിൽ ഇന്നലെ ഒരു തിരിച്ചുവരവ് പ്രകടമായിട്ടുണ്ട്. നിലവിൽ വിപണി ഒന്നുകിൽ 24,200 - 24,229 വരെയുള്ള മുന്നേറ്റം തുടരും, അല്ലെങ്കിൽ ബുധനാഴ്ചയുണ്ടായ ഇടിവിലേക്ക് വീണ്ടും തിരിച്ചുപോയേക്കാം. വിപണി മുകളിലേക്ക് ഉയരുകയാണെങ്കിൽ താഴേക്കുള്ള പരിധി (downside marker) 24,040 ആയി നിശ്ചയിക്കാം. വിപണിയിൽ പെട്ടെന്നൊരു ഇടിവ് ഉണ്ടായേക്കില്ല . കാരണം നിലവിൽ 23,936 - 23,800 പരിധി വിപണിക്ക് ശക്തമായ പിന്തുണ നൽകുന്നുണ്ട്."


