ട്രംപിനെ പോലെ ചാഞ്ചാടി വെള്ളി വില; രണ്ടാഴ്ചക്കിടെ 24 ശതമാനം വർധന, ബജറ്റിലും പ്രതീക്ഷ
text_fieldsമുംബൈ: വില സർവകാല റെക്കോഡ് തകർത്ത് കുതിച്ചുയർന്നതോടെ വെള്ളിയുടെ ഡിമാൻഡ് ഇടിയുന്നു. രണ്ടാഴ്ചക്കിടെ 24 ശതമാനത്തിന്റെ വർധനവാണ് വിലയിലുണ്ടായത്. എന്നാൽ, ജനുവരിയിൽ വെള്ളിയുടെ ഡിമാൻഡിൽ 20 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് കണക്ക്. ഇന്ത്യൻ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷനാണ് ഇതു സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.
വ്യാഴാഴ്ച ആഭ്യന്തര വിപണിയിൽ വെള്ളി വില കിലോ ഗ്രാമിന് 2.85 ലക്ഷം രൂപയിലെത്തിയിരുന്നു. വെള്ളിയുടെ സർവകാല റെക്കോഡ് വിലയാണിത്. എന്നാൽ, വെള്ളിയാഴ്ച വില 2.82 ലക്ഷത്തിലേക്ക് ഇടിഞ്ഞു. ജനുവരി ഒന്നിന് പാവപ്പെട്ടവന്റെ പൊന്നായ വെള്ളിയുടെ വില കിലോഗ്രാമിന് 2.29 ലക്ഷം രൂപയായിരുന്നു. ബുള്ളിയൻ ഡീലർമാർ കിലോക്ക് 8,000 രൂപ വരെ കിഴിവുകൾ വാഗ്ദാനം ചെയ്തിട്ടും വെള്ളി വിൽപന കുറയുകയാണുണ്ടായത്.
വിലയിലെ ചാഞ്ചാട്ടം കുറയുകയും സ്ഥിരത കൈവരിക്കുകയും ചെയ്തില്ലെങ്കിൽ, വെള്ളിയുടെ ഡിമാൻഡ് ക്രമേണ കുറയുമെന്ന് ഇന്ത്യൻ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ നാഷനൽ സെക്രട്ടറി സുരേന്ദ്ര മേത്ത പറഞ്ഞു.
ഇന്ത്യക്കാർ പ്രതിവർഷം 6,000-7,000 ടൺ വെള്ളി വാങ്ങിക്കുന്നുവെന്നാണ് കണക്ക്. എന്നാൽ, നിലവിലെ വിലയിൽ വിൽപന എത്രത്തോളം നടക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ ജ്വല്ലറികൾ പോലും വെള്ളി വാങ്ങുന്നത് കുറച്ചതായി രാജ്യത്ത് വെള്ളിയുടെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായ സൗത്ത് മുംബൈയിലെ സവേരി ബസാർ ഡീലർമാർ പറയുന്നത്. വിലക്കയറ്റം കാരണം സിൽവർ ബാറിന്റെ ഡിമാൻഡ് ഇടിഞ്ഞതായി സവേരി ബസാറിലെ റിദ്ധി സിദ്ധി ബുള്ളിയൻ എം.ഡി പ്രിഥിരാജ് കോത്താരി വ്യക്തമാക്കി. ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥയും ലാഭമെടുപ്പും കാരണമാണ് വെള്ളിയിൽ വൻ മുന്നേറ്റവും ഇടിവുമുണ്ടായത്. ഭൗതിക രൂപത്തിൽ വെള്ളി വാങ്ങിക്കൂട്ടിയ ഇന്ത്യക്കാർ ഇപ്പോൾ കാത്തിരുന്നു കാണാം എന്ന അവസ്ഥയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനുവരി എട്ടിന് കിലോഗ്രാം വെള്ളിക്ക് 2.48 ലക്ഷം രൂപയുണ്ടായിരുന്നത് 2.35 ലക്ഷത്തിലേക്ക് ഇടിഞ്ഞു. ലാഭമെടുപ്പായിരുന്നു ഇതിനുള്ള പ്രധാന കാരണം. എന്നാൽ, പിന്നീട് വില കുതിച്ചുകയറുകയും ചെയ്തു. വ്യാഴാഴ്ച പുതിയ റെക്കോഡ് നേട്ടം കൈവരിച്ച് വെള്ളിയാഴ്ച വീണ്ടും വില ഇടിഞ്ഞു. വെള്ളിയടക്കമുള്ള അപൂർവ ധാതുക്കൾക്ക് താരിഫ് ചുമത്തില്ലെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ് റെക്കോഡ് നേട്ടത്തിലേക്ക് കൈപിടിച്ചുയർത്തിയത്.
ലണ്ടനിൽനിന്ന് മാറ്റിയ ധാരാളം വെള്ളി ന്യൂയോർക്കിലെ സംഭരണികളിൽ വെറുതെ കിടക്കുന്നതാണ് ആഗോള വിപണിയിൽ വെള്ളിയുടെ ലഭ്യത കുറയാൻ കാരണമെന്ന് അമൂല്യ ലോഹങ്ങളുടെ ആഗോള ഗവേഷണ ഏജൻസിയായ മെറ്റൽസ് ഫോക്കസിന്റെ (ഇന്ത്യ) പ്രിൻസിപ്പൽ കൺസൾട്ടന്റ് ചിരാഗ് ഷെത്ത് പറഞ്ഞു.
വ്യവസായ മേഖലയിൽ വെള്ളിയുടെ ഡിമാൻഡ് വർധിച്ചതാണ് വില കുതിച്ചുയരാൻ ഇടയാക്കിയത്. വെള്ളിയുടെ കാര്യത്തിൽ ട്രംപ് എന്ത് നിലപാടെടുക്കുമെന്ന കാര്യത്തിൽ ആശയക്കുഴപ്പമുള്ളതിനാലാണ് നിക്ഷേപകർ വിറ്റൊഴിവാക്കാത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ ഇന്ത്യയിൽ വെള്ളിയുടെ ഇറക്കുമതിക്ക് ആറ് ശതമാനം നികുതി നൽകണം. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ വെള്ളിയുടെ ഇറക്കുമതി തീരുവ സർക്കാർ കുറക്കുമെന്നാണ് നിക്ഷേപകർ പ്രതീക്ഷക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


