സ്വർണം ഇന്ന് കുതിച്ചുകയറി, ഏറ്റവും ഉയർന്ന വില
text_fieldsകൊച്ചി: രണ്ട് ദിവസം അൽപം വിലയിടിഞ്ഞ ശേഷം ഇന്ന് വീണ്ടും സ്വർണ വില കുതിച്ചു കയറി. ഗ്രാമിന് 95 രൂപ വർധിച്ച് 8815 രൂപയും പവന് 760 രൂപ കൂടി 70520 രൂപയുമായി. ട്രായ് ഔൺസിന് 3280 ഡോളറാണ് അന്താരാഷ്ട്ര സ്വർണവില. രൂപയുടെ വിനിമയ നിരക്ക് 85.52 ആണ്. 24 കാരറ്റ് സ്വർണ്ണവില കിലോഗ്രാമിന് ബാങ്ക് നിരക്ക് 95 ലക്ഷം രൂപ ആയി.
അന്താരാഷ്ട്ര സംഘർഷങ്ങളിലും താരിഫ് തർക്കങ്ങളിലും അയവു വന്നിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വർണ്ണവില കുറയാനുള്ള യാതൊരു കാരണവും കാണുന്നില്ലെന്നാണ് ഈ മേഖലയിലുള്ളവരുടെ നിരീക്ഷണം.
അന്താരാഷ്ട്ര സ്വർണവില ട്രായ് ഔൺസിന് 3300 ഡോളർ കടന്ന് മുന്നോട്ടു നീങ്ങിയാൽ 3500 ഡോളർ വരെ എത്തുമെന്ന സൂചനകളാണ് വരുന്നത്. 100-150 ഡോളറിന്റെ ഇറക്കത്തിനും സാധ്യത പ്രവചിക്കുന്നുണ്ട്. അന്താരാഷ്ട്ര സ്വർണ്ണവില വർധിക്കുന്നതനുസരിച്ചാണ് കേരളത്തിലെ സ്വർണ്ണവിലയും കൂടുന്നത്.
വിഷു, ഈസ്റ്റർ, അക്ഷയതൃതീയ ആഘോഷങ്ങളോടൊപ്പം വിവാഹ സീസണുകളുമാണ് കടന്നുപോകുന്നത്. ഏറ്റവും കൂടുതൽ വ്യാപാരം നടക്കേണ്ട ഈ സമയത്ത് സ്വർണവില വർധിക്കുന്നത് ചെറിയതോതിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ വാങ്ങൽ ശക്തി കുറഞ്ഞിട്ടില്ലെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.
ജനങ്ങളുടെ കൈവശമുള്ള സ്വർണ്ണത്തിനും മൂല്യം ഉയരുന്നതിനാൽ സ്വർണവില വർധിക്കുന്നത് സാധാരണക്കാർക്കും ഗുണകരമാണ്. 25,000 ടണ്ണിലധികം സ്വർണമാണ് ഇന്ത്യയിൽ ജനങ്ങളുടെ കൈവശമുള്ളത്. ഇതിൽ ആളോഹരി കണക്ക് കേരളത്തിലാണ് കൂടുതൽ. ലോകത്തിലെ ഏറ്റവും വലിയ വികസിത രാജ്യങ്ങളായ അമേരിക്ക ഉൾപ്പെടെയുള്ള 10 രാജ്യങ്ങളുടെ റിസർവ് സ്വർണത്തേക്കാൾ കൂടുതലാണ് ഇന്ത്യയിൽ ആളുകളുടെ കൈവശമുള്ള സ്വർണം.
സംസ്ഥാനത്ത് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്വർണവില കുറഞ്ഞിരുന്നു. ഇന്നലെ ഗ്രാമിന് 35 രൂപ കുറഞ്ഞ് 8,720 രൂപയാണ് ആയത്. പവന് 280 രൂപ കുറഞ്ഞ് 69,760 രൂപയിലെത്തിയിരുന്നു. വിഷുദിനമായ തിങ്കളാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണവില 70,000 തൊട്ടത്. 70,160 രൂപയായിരുന്നു അന്നത്തെ പവൻ വില. വെള്ളി വില ഗ്രാമിന് 108 രൂപയാണ്. 18 കാരറ്റിന് 7260 രൂപയും.