Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണം ഇനി എങ്ങോട്ട്?

സ്വർണം ഇനി എങ്ങോട്ട്?

text_fields
bookmark_border
സ്വർണം ഇനി എങ്ങോട്ട്?
cancel

സ്വര്‍ണം മാത്രമാണ് പണം, ബാക്കിയെല്ലാം കടമാണ്. മഞ്ഞലോഹത്തിന്റെ മൂല്യം തിരിച്ചറിഞ്ഞതിനാലാണ് ജെ.പി. മോര്‍ഗന്‍ ഇങ്ങനെ പറഞ്ഞത്. ഇന്ന് ഏറ്റവും സുരക്ഷിതമായ നിക്ഷേപമാണ് സ്വര്‍ണം. യുദ്ധവും പ്രകൃതിക്ഷോഭങ്ങളും മഹാമാരിയുമൊന്നും സ്വര്‍ണത്തിന്റെ മൂല്യമിടിക്കുന്നില്ല. പക്ഷേ, കൃത്യസമയത്ത് നിക്ഷേപം നടത്താനുള്ള കൗശലം സ്വര്‍ണനിക്ഷേപത്തിലും പിന്തുടരണം. ഇല്ലെങ്കില്‍ ചിലപ്പോള്‍ സ്വര്‍ണ നിക്ഷേപത്തില്‍ നിന്നുള്ള ആദായം കുറഞ്ഞേക്കാം. യു.എസും ഇറാനും തമ്മിൽ വെടിനിർത്തൽ കരാർ ഉണ്ടായപ്പോൾ സ്വർണവില കുതിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, വിലയിടിയുകയാണ് ചെയ്തത്. മിഡിൽ ഈസ്റ്റ് സംഘർഷം വീണ്ടും രൂക്ഷമാവുകയാണെങ്കിൽ അതും സ്വർണ വിലയെ സ്വാധീനിക്കും.

ചാഞ്ചാട്ടം തുടരും

സ്വർണത്തിന്റെ ഇനിയുള്ള ഗതി നിർണയിക്കുക യു.എസ് പണപ്പെരുപ്പമാകും. യുദ്ധവിരാമത്തിനുശേഷം സ്വർണത്തിന് വൻ വില വർധനയുണ്ടാവുമെന്ന് പ്രതീക്ഷിച്ചതാണ്. എന്നാൽ, യു.എസിൽ പണപ്പെരുപ്പം കുറയാതിരുന്നതോടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ കുറച്ചില്ല. ഭാവിയിൽ പലിശ കൂട്ടുമെന്ന സൂചനയും നൽകി. ഇതോടെ യു.എസ് ബോണ്ട് നിക്ഷേപം കൂടുതൽ ആകർഷകമായി മാറി. സ്വർണത്തേക്കാൾ പണമൊഴുക്ക് ബോണ്ടുകളിലേക്കായി. ഇതോടെ വില ഇടിയുകയായിരുന്നു. വരും ദിവസങ്ങളിൽ യു.എസ് കേന്ദ്രബാങ്ക് പലിശ നിരക്ക് ഉയർത്തിയാൽ സ്വർണവില വീണ്ടും ഇടിയും. അടുത്ത സെപ്റ്റംബറിൽ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ യു.എസ് വായ്പാ നിരക്കാവും സ്വർണത്തെ സ്വാധീനിക്കുക. അതുവരെ വിപണിയിലെ ചാഞ്ചാട്ടം തുടരും. സെപ്റ്റംബറിൽ യു.എസ് കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചാൽ സ്വർണത്തിന്റെ കുതിപ്പിന് അത് കാരണമാകും. വീണ്ടും യുദ്ധ ആശങ്ക ഉയർന്നതോടെ യു.എസ് പണപ്പെരുപ്പം ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. അത് വലിയ വിലയിടിവിലേക്ക് സ്വർണത്തെ നയിക്കും.

വില്‍ക്കണോ വാങ്ങണോ?

നിലവില്‍ ഈയൊരു ചോദ്യത്തിനുള്ള ഉത്തരം നല്‍കുക പ്രയാസമാവും. 2008ലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷം സ്വർണ വില വലിയ രീതിയിൽ ഉയർന്നിരുന്നു. 2015 വരെ ഉയർന്ന നിരക്കിൽ തുടർന്ന് സ്വർണത്തിന് പിന്നീട് ഇടിവുണ്ടായി. 2019ലാണ് സ്വർണത്തിന്റെ വില കൂടാൻ തുടങ്ങിയത്. ഈയൊരു സാഹചര്യം ഇപ്പോഴും ആവർത്തിക്കുമെന്ന് പ്രവചിക്കുന്നവരുണ്ട്. അതുപോലെ യുദ്ധത്തിന്റെ ഗതിയും പ്രവചനാതീതമാണ്. ഇതും സ്വർണത്തിന്റെ വാങ്ങൽ സംബന്ധിച്ച പ്രവചനങ്ങൾ അസാധ്യമാക്കുന്നു. സ്വര്‍ണ വിപണിയിലെ അനിശ്ചിതത്വം കാരണം ചില ഗോള്‍ഡ് ഇ.ടി.എഫ് ഫണ്ടുകള്‍ തല്‍ക്കാലത്തേക്ക് നിക്ഷേപം സ്വീകരിക്കുന്നത് നിര്‍ത്തിയിരുന്നു. സ്വര്‍ണത്തിന്റെ ചാഞ്ചാട്ടമാണ് മ്യൂച്വല്‍ ഫണ്ട് കമ്പനികളെ നിക്ഷേപം സ്വീകരിപ്പിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്.

Show Full Article
TAGS:businesses market Gold stockmarket Indian market 
News Summary - what is the future of gold
Next Story