Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightവ്യാപാര യുദ്ധത്തിൽ ആരു...

വ്യാപാര യുദ്ധത്തിൽ ആരു ജയിക്കും

text_fields
bookmark_border
വ്യാപാര യുദ്ധത്തിൽ ആരു ജയിക്കും
cancel

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുഴക്കി​യ താരിഫ് ഉയർത്തൽ ഭീഷണി ലോകത്തെ ഒരു വ്യാപാര യുദ്ധത്തിന്റെ പടിവാതിലിൽ എത്തിച്ചിരിക്കുകയാണ്. നിലവിൽ മെക്സികോ, കാനഡ ഉൽപന്നങ്ങൾക്ക് 25 ശതമാനവും ചൈനീസ് ഉൽപന്നങ്ങൾക്ക് 15 ശതമാനവും താരിഫ് ആണ് യു.എസ് പ്രഖ്യാപിച്ചത്. അനുനയത്തിന്റെ സാധ്യത തുറന്നിട്ട് അതുതന്നെ ഒരു മാസത്തേക്ക് നടപ്പാക്കുന്നില്ലെന്നും അറിയിച്ചു. എന്നാൽ, യു.എസ് ഉൽപന്നങ്ങൾക്ക് ഉയർന്ന താരിഫ് ചുമത്തുന്ന രാജ്യങ്ങൾക്കെല്ലാം തിരിച്ചും ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

അമേരിക്കയുടെ വ്യാപാര കമ്മി കുറച്ചുകൊണ്ടുവരികയും ആഭ്യന്തര ഉൽപാദനമേഖലക്ക് കരുത്തുപകരുകയുമാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും ദക്ഷിണ കൊറിയയുമെല്ലാം ട്രംപിന്റെ താരിഫ് ഭീഷണിയുടെ നിഴലിലാണ്. യു.എസിന്റെ ഭീഷണിക്ക് അതേനാണയത്തിൽ തിരിച്ചടി നൽകുകയാണ് മെക്സികോയും കാനഡയും ചൈനയും ചെയ്തത്.

ചൈന ഒരു പടികൂടി കടന്ന് യു.എസ് പ്രഖ്യാപിച്ചതിനെക്കാളും ഉയർന്ന താരിഫ് പ്രഖ്യാപിച്ചു. ആരും വിട്ടുകൊടുക്കാൻ ഒരുക്കമല്ലെന്ന് ചുരുക്കം. അമേരിക്കൻ ഉൽപന്നങ്ങൾതന്നെ ഉപയോഗിക്കണമെന്ന് തങ്ങൾക്ക് യാതൊരു നിർബന്ധവു​മില്ലെന്നും അവക്കെല്ലാം ബദലുകളുണ്ടെന്നും മെക്സികോ വലിയ വിപണിയാണെന്ന് ട്രംപ് മറക്കരുതെന്നും മെക്സിക്കൻ പ്രസിഡന്റ് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി.

ഇന്ത്യയെ എത്രത്തോളം ബാധിക്കും?.

ഇന്ത്യ അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഉയർന്ന താരിഫ് ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ്. യു.എസ് ഉൽപന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന ശരാശരി താരിഫ് 9.5 ശതമാനമാണ്. അതേസമയം, ഇന്ത്യൻ ഉൽപന്നങ്ങൾക്ക് യു.എസ് ചുമത്തുന്ന ശരാശരി താരിഫ് മൂന്നുശതമാനമാണ്. ​ചില ഉൽപന്നങ്ങൾക്ക് ഇന്ത്യ വളരെ ഉയർന്ന നിരക്കാണ് ഈടാക്കുന്നത്.

ഉദാഹരണമായി മോട്ടോർ സൈക്കിളുകൾക്ക് ഇന്ത്യ 100 ശതമാനം അധികനികുതി ചുമത്തുമ്പോൾ ഇന്ത്യയിൽനിന്ന് മോട്ടോർ സൈക്കിൾ ഇറക്കുമതിക്ക് അമേരിക്ക താരിഫൊന്നും ചുമത്തുന്നില്ല. മെഡിക്കൽ ഉപകരണങ്ങൾക്ക് ഇന്ത്യ 40 ശതമാനംവരെ അധിക നികുതി ചുമത്തുമ്പോൾ യു.എസ് ചുമത്തുന്നത് അരശതമാനമാണ്.

മദ്യ ഇറക്കുമതിക്ക് ഇന്ത്യ 150 ശതമാനം നികുതി ചുമത്തുമ്പോൾ യു.എസ് നികുതി ചുമത്തുന്നില്ല. യു.എസുമായി വ്യാപാരയുദ്ധം മൂർച്ഛിച്ചാൽ സുരക്ഷിത കറൻസിയെന്ന് വിശ്വസിക്കപ്പെടുന്ന ഡോളറിന്റെ ഡിമാൻഡ് വർധിക്കുകയും രൂപയുടെ മൂല്യം കൂടുതൽ ഇടിയുകയും ചെയ്യും. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് വൻതോതിൽ പണം പിൻവലിക്കാനും വിപണി കൂപ്പുകുത്താനും സാധ്യതയുണ്ട്.

ബുദ്ധിമുട്ട് അമേരിക്കക്കും

വ്യാപാരയുദ്ധത്തിന്റെ ഭാഗമായി ഇന്ത്യയും യു.എസും പരസ്പരം അധികനിരക്ക് ചുമത്തി വമ്പ് കാണിച്ചാൽ ആഡംബര ബ്രാൻഡ് ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന ഇന്ത്യക്കാർക്ക് കുറച്ച് അധികച്ചെലവ് ഉണ്ടാകുമെന്നതല്ലാതെ ഇന്ത്യ പ്രതിസന്ധിയിലാകുന്ന പ്രശ്നമൊന്നുമില്ല.

നിലവിൽ ഇന്ത്യ അമേരിക്കയിൽനിന്ന് കൂടുതലായി ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കെല്ലാം പല രാജ്യങ്ങളിലായി ബദലുകളുണ്ട്. അമേരിക്ക ഉയർന്ന നികുതി ഈടാക്കിയാൽ തൽക്കാലം ചില ബുദ്ധിമുട്ട് ഉണ്ടാകുമെങ്കിലും ഇന്ത്യക്ക് ദീർഘകാലത്തിൽ നേട്ടമാണ് സംഭവിക്കുക. പ്രതിരോധമേഖലയിൽ ഉൾപ്പെടെ വിദേശ ആശ്രിതത്വം കുറക്കാനും സ്വയം പര്യാപ്തതക്കും ഇന്ത്യ ശ്രമിക്കും.

അമേരിക്കയിൽ ഉൽപാദനച്ചെലവ് കൂടിയത് കൊണ്ടാണ് അവർ ഇന്ത്യപോലെയുള്ള രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നത്. അവക്കുമേൽ അധിക നികുതി ചുമത്തിയാൽ ഭാരം പേറേണ്ടി വരുക അമേരിക്കൻ ജനതതന്നെയാണ്. അതേസമയം, ഒരു രാജ്യം ​എന്ന നിലയിൽ വ്യാപാര കമ്മി കുറച്ചുകൊണ്ടുവരാതെ യു.എസിന് ഏറെനാൾ പിടിച്ചുനിൽക്കാൻ കഴിയില്ല.

ഇന്ത്യയിൽനിന്ന് യു.എസിലേക്കുള്ള പ്രധാന കയറ്റുമതി

  • ടെക്സ്റ്റൈൽസ് -800 കോടി ഡോളർ (69,384 കോടി രൂപ)
  • മരുന്ന് -700 കോടി ഡോളർ (60,711 കോടി രൂപ)
  • ഐ.ടി (ഇന്ത്യൻ ഐ.ടി കമ്പനികളുടെ 40 ശതമാനം വരുമാനം യു.എസിൽനിന്ന്)
  • ജ്വല്ലറി-100 കോടി ഡോളർ (8,673 കോടി രൂപ)
  • വാഹനങ്ങൾ, വാഹനഭാഗങ്ങൾ
  • ഉരുക്ക്
Show Full Article
TAGS:Business News international market trade 
News Summary - Who will win the trade war
Next Story