‘മിൽമ ഓൺ വീൽസ്’ നിശ്ചലം
text_fieldsപാലക്കാട്: കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ കൊട്ടിഘോഷിച്ച് ആരംഭിച്ച മിൽമ സംരംഭമായ ‘മിൽമ ഓൺ വീൽസ്’ പൂട്ടിയിട്ട് മാസങ്ങൾ.
കേരള കോഓപറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ തിരുവനന്തപുരം, എറണാകുളം, മലബാർ റീജിയനുകൾക്കു കീഴിലുള്ള സ്ഥലങ്ങളിലെ ഡിപ്പോകളിലാണ് ‘മിൽമ ഓൺ വീൽസ്’ കട്ടപ്പുറത്ത് കിടക്കുന്നത്. മിൽമയും കെ.എസ്.ആർ.ടി.സിയും തമ്മിലുള്ള മൂന്നു വർഷ കരാർ പൂർത്തിയായ മലബാർ മേഖലയിലെ എല്ലാ ഡിപ്പോകളിലും ഇതാണ് സ്ഥിതി.
കരാർ പുതുക്കാൻ കെ.എസ്.ആർ.ടി.സി തയാറാകാത്തതാണ് ‘മിൽമ ഓൺ വീൽസ്’ പൂട്ടാൻ കാരണം. പാലക്കാട് മുതൽ കാസർകോട് വരെ മലബാർ മേഖലയിൽ ആരംഭിച്ച എല്ലാ ഡിപ്പോകളിലെയും കരാർ കാലാവധി ഒക്ടോബറോടെ അവസാനിച്ചിരുന്നു.
റോഡുകൾക്ക് അനുയോജ്യമല്ലെന്നു കരുതുന്ന ബസുകൾ പുനരുപയോഗിക്കാമെന്ന കെ.എസ്.ആർ.ടി.സിയുടെ ആശയത്തിലാണ് മിൽമയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കിയത്. മിക്ക യൂനിറ്റുകളിലും പദ്ധതി വിജയിക്കുകയും ചെയ്തു. കെ.എസ്.ആർ.ടി.സിക്ക് ചെറിയ വരുമാനം നൽകുന്നതായിട്ടും ലാഭത്തിലുള്ള പദ്ധതി തുടരാൻ നടപടിയുണ്ടായില്ല. എറണാകുളം മറൈൻ ഡ്രൈവിലെ ‘മിൽമ ഓൺ വീൽസ്’ അടക്കമുള്ള കരാർ കാലാവധി തീരാത്ത അപൂർവം ഡിപ്പോകളിൽ മാത്രമാണ് പദ്ധതി തുടരുന്നത്.