യു.എ.ഇ ട്രഷറിയിൽ നിക്ഷേപത്തിന് അവസരം
text_fieldsദുബൈ: വ്യക്തികൾക്ക് യു.എ.ഇയിലെ സർക്കാർ ട്രഷറിയിൽ നിക്ഷേപം നടത്താൻ അവസരമൊരുക്കുന്ന ഇസ്ലാമിക കടപത്രം പുറത്തിറക്കി ധനമന്ത്രാലയം. വ്യക്തിഗത സുകൂക് എന്ന പേരിലാണ് കടപത്രം. യു.എ.ഇയിലെ വിവിധ ബാങ്കുകൾ വഴി പൊതുജനങ്ങൾക്ക് കടപത്രം സ്വന്തമാക്കാം.
കുറഞ്ഞത് നാലായിരം ദിർഹം മുതൽ നിക്ഷേപം ആരംഭിക്കാം. ദേശീയ ബാങ്കുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നിക്ഷേപത്തിന് സൗകര്യമൊരുക്കുന്ന ബാങ്കുകളുടെ പേര് അടുത്തമാസം മൂന്നിന് പ്രഖ്യാപിക്കും.
ശരീഅ നിയമങ്ങൾ അനുസരിച്ചായിരിക്കും നിക്ഷേപം സ്വീകരിക്കുക. യു.എ.ഇ പ്രസിഡന്റ് പ്രഖ്യാപിച്ച ‘സമൂഹ വർഷം’ സംരംഭത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതിയിലൂടെ സ്വദേശികളിലും പ്രവാസികളിലും സമ്പാദ്യ സംസ്കാരം പ്രോത്സഹിപ്പിക്കുകയാണ് ലക്ഷ്യം. രാജ്യത്തിന്റെ സുസ്ഥിര സാമ്പത്തിക വളർച്ചയിൽ വ്യക്തികളുടെ പങ്കാളിത്തം മെച്ചപ്പെടുത്താനും ദേശീയ വികസന യാത്രയിൽ വ്യക്തികൾക്ക് നേരിട്ട് സംഭാവന അർപ്പിക്കാനുള്ള അവസമൊരുക്കാനും പദ്ധതി വഴിയൊരുക്കും.
മാനുഷികമായ ക്ഷേമത്തിന് മുൻഗണന നൽകുന്ന സാമ്പത്തിക നയങ്ങളിലൂടെ സമൂഹത്തെ ശാക്തീകരിക്കുന്നതിനും ദേശീയ വികസന യാത്രയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമുള്ള യു.എ.ഇയുടെ കാഴ്ചപ്പാടും നേതൃത്വത്തിന്റെ നിർദേശങ്ങളുമാണ് ‘ദി റീട്ടെയ്ൽ സുകൂക്’ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് യു.എ.ഇയുടെ ഉപപ്രധാനമന്ത്രിയും ദുബൈ ഉപ ഭരണാധികാരിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. സ്ഥാപനമായ നിക്ഷേപകർക്ക് മാത്രമായി മുമ്പ് പരിമിതപ്പെടുത്തിയിരുന്ന സർക്കാർ ബോണ്ടുകളിൽ സമൂഹത്തിലെ എല്ലാ വിഭാഗത്തിനും നിക്ഷേപം സാധ്യമാക്കുന്നതിനൊപ്പം സമഗ്രമായ ഡിജിറ്റൽ അനുഭവം സമ്മാനിക്കാനും പുതിയ നയം ലക്ഷ്യമിടുന്നു.
സാമ്പത്തിക മേഖലയിൽ എല്ലാ വിഭാഗത്തേയും ഉൾപ്പെടുത്തുകയെന്ന നയം മുന്നോട്ട് കൊണ്ടുപോകുന്നതിനും ദീർഘകാല നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള തന്ത്രപരമായ ഒരു ചുവടുവയ്പ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


