എട്ടാം ശമ്പള കമീഷൻ ഇനി വൈകില്ല; ടേംസ് ഓഫ് റഫറൻസിന് കേന്ദ്രസർക്കാറിന്റെ അംഗീകാരം
text_fieldsന്യൂഡൽഹി: 50 ലക്ഷത്തോളം കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്‍കരിക്കുന്ന എട്ടാം ശമ്പള കമീഷനിലെ ടേംസ് ഓഫ് റഫറൻസിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. മുൻ സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയായിരുന്നു എട്ടാം ശമ്പള കമീഷന്റെ ചെയർപേഴ്സൺ. കമീഷൻ പ്രാബല്യത്തിൽ വരാത്തതിലെ പ്രധാന തടസ്സം ടേംസ് ഓഫ് റഫറൻസ് ആയിരുന്നു.
എട്ടാം ശമ്പള കമ്മിറ്റി 18 മാസത്തിനുള്ളിൽ ശിപാർശകൾ സമർപ്പിക്കുമെന്നും 2026 ജനുവരി ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ചൊവ്വാഴ്ച കാബിനറ്റ് ബ്രീഫിങ്ങിനിടെ വ്യക്തമാക്കി. ജനുവരിയിലാണ് എട്ടാംശമ്പള കമീഷന് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകിയത്. കേന്ദ്രസർക്കാർ ജീവനക്കാർക്കൊപ്പം 69 ലക്ഷം വരുന്ന പെൻഷൻകാർക്കും ഏറെ ഗുണകരമാകുന്ന ഒന്നാണ് എട്ടാം ശമ്പള കമീഷൻ. കേന്ദ്രജീവനക്കാരുടെ ശമ്പളം വർധിക്കുമ്പോൾ, പെൻഷൻകാരുടെ ആനുകൂല്യങ്ങളിലും മാറ്റം വരും. രഞ്ജന പ്രകാശ് ദേശായ് ചെയർപേഴ്സണായ കമ്മീഷനിൽ പ്രഫ. പുലക് ഘോഷ് അംഗമാവും. പങ്കജ് ജെയിൻ മെംബർ സെക്രട്ടറിയും.
വിവിധ മന്ത്രാലയങ്ങളുമായും സംസ്ഥാനങ്ങളുമായും കൂടിയാലോചിച്ചാണ് ടേംസ് ഓഫ് റഫറൻസിന് അംഗീകാരം നൽകിയതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
എട്ടാം കേന്ദ്ര ശമ്പള കമീഷൻ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങൾ, പേഴ്‌സനൽ ആൻഡ് ട്രെയിനിങ് വകുപ്പ്, സംസ്ഥാനങ്ങൾ എന്നിവയുൾപ്പെടെയുള്ളവരിൽ നിന്ന് നിർദേശങ്ങൾ തേടിയതായി ജൂലൈയിൽ സർക്കാർ പാർലമെന്റിൽ അറിയിച്ചിരുന്നു.
ഏറെ കാലമായി എട്ടാം ശമ്പള കമീഷൻ നിലവിൽ വരുന്നതും കാത്തിരിക്കുകയാണ് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും. സർക്കാർ ജീവനക്കാരുടെ വേതനം പരിഷ്കരിക്കുന്നതിനായി സാധാരണയായി കേന്ദ്രം ഓരോ 10 വർഷത്തിലും പുതിയ ശമ്പള കമീഷൻ രൂപീകരിക്കാറുണ്ട്. 2014ലാണ് ഏഴാം ശമ്പള കമീഷൻ രൂപീകരിച്ചത്. 2016 ജനുവരി ഒന്നിനാണ് ഏഴാം ശമ്പള കമീഷൻ നിലവിൽ വന്നത്.
2026 ജനുവരി ഒന്നുമുതലായിരിക്കും എട്ടാം ശമ്പള കമീഷൻ നിലവിൽ വരിക. എട്ടാം ശമ്പള കമീഷനിൽ 2.86 ശതമാനമായിരിക്കും ഫിറ്റ്മെന്റ് ഫാക്ടർ എന്ന് കരുതുന്നവരുമുണ്ട്. അങ്ങനെ വന്നാൽ ശമ്പളത്തിൽ വൻ വർധന പ്രതീക്ഷിക്കാം. ശമ്പളവും പെൻഷനും നിർണയിക്കുന്നതിലെ പ്രധാന ഘടകമാണ് ഫിറ്റ്മെന്റ് ഫാക്ടർ. അതായത് നിലവിലെ അടിസ്ഥാന ശമ്പളത്തിൽ ഗുണിക്കുന്ന ഗുണകമാണ് ഫിറ്റ്മെൻറ് ഘടകം.
പണപ്പെരുപ്പം, ജീവനക്കാരുടെ ആവശ്യങ്ങൾ, സർക്കാറിന്റെ സാമ്പത്തിക ശേഷം എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് ഫിറ്റ്മെന്റ് ഘടകം നിർണയിക്കുക.ഏഴാം ശമ്പള കമീഷനിൽ 2.57 ശതമാനമായിരുന്നു ഫിറ്റ്മെന്റ് ഫാക്ടർ. അതുവഴി ഏറ്റവും കുറഞ്ഞ ശമ്പളം 7000 രൂപയിൽ നിന്ന് 18000 രൂപയായി വർധിച്ചു. അതോടൊപ്പം പെൻഷനിലും ഇരട്ടിയോളം വർധനവുണ്ടായി. 2016ലാണ് ഏഴാം ശമ്പള കമീഷൻ പ്രാബല്യത്തിൽ വന്നത്. 2026 വരെ അതിന് കാലാവധിയുണ്ട്.
ഫിറ്റ്നസ് ഘടകം 2.86 ആണെങ്കിൽ ഏഴാം ശമ്പള കമീഷനിലെ മിനിമം പെൻഷൻ 9000 രൂപയായിരുന്നത് എട്ടാം കമീഷനിൽ 25,740 രൂപയായി വർധിക്കും.
അടിസ്ഥാന ശമ്പളം, ക്ഷാമബത്ത (ഡിയർനസ് അലവൻസ്), വീട്ടുവാടക അലവൻസ്(ഹൗസ് റെന്റ് അലവൻസ്), ഗതാഗത അലവൻസ്(ട്രാവൽ അലവൻസ്)എന്നിവ ഉൾപ്പെടുന്നതാണ് ഒരു സർക്കാർ ജീവനക്കാരന്റെ ശമ്പളം.


