ഇ.പി.എഫ്.ഒ വിഹിതമടക്കാൻ പ്രയാസമെന്ന് പരാതി
text_fieldsപാലക്കാട്: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (ഇ.പി.എഫ്.ഒ) തൊഴിലാളി വിഹിതമടക്കാൻ പ്രയാസം നേരിടുന്നതായി പരാതി. തൊഴിലുടമകൾക്കായി സെപ്റ്റംബർ മുതൽ ആരംഭിച്ച ഇലക്ട്രോണിക് ചലാൻ-കം-റിട്ടേണിന്റെ (ഇ.സി.ആർ) പുതുക്കിയ വേർഷനിൽ വന്ന അധികകോളങ്ങളാണ് തടസം സൃഷ്ടിക്കുന്നത്. ചലാൻ, ശമ്പളം, പി.എഫ്, പെൻഷൻ തുടങ്ങിയവ കാണിക്കുന്ന മാസാന്ത റിപ്പോർട്ട് ഒരുമിച്ച് ഇ.പി.എഫ്.ഒ യൂനിഫൈഡ് പോർട്ടിൽ തയാറാക്കുകയായിരുന്നു പതിവ്.
തൊഴിലുടമ തയാറാക്കിയ സി.എസ്. വി/എക്സൽ രൂപത്തിലുള്ള ഫയൽ പോർട്ടിൽ അപ് ലോഡ് ചെയ്യുകയും ഇ.പി.എഫ്.ഒ സിസ്റ്റം തൊഴിലാളികളുടെ യു.എ.എൻ പരിശോധിച്ച് സാധുത ഉറപ്പാക്കുകയുമായിരുന്നു രീതി. ഓരോ മാസവും പി.എഫിന്റെ ചലാനും റിട്ടേണും അപ് ലോഡ് ചെയ്ത് പേയ്മെന്റ് പൂർത്തിയാകുന്നതോടെ തുക തത്സമയം തൊഴിലാളികളുടെ പി.എഫ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുമായിരുന്നു.
കേന്ദ്ര സർക്കാറിന്റെ തൊഴിൽ ബന്ധിത പ്രോത്സാഹന പദ്ധതിയുടെ (ഇ.എൽ.ഐ) ഭാഗമായി ഇ.സി.ആറിൽ വരുത്തിയ അപ്ഡേഷനാണ് തുക അടക്കുന്നവർക്ക് ബുദ്ധിമുട്ടായിരിക്കുന്നത്. എന്നാൽ, അപ്ഡേഷൻ പ്രകാരം തൊഴിലുടമകൾക്ക് നേട്ടവുമുണ്ട്. ഇപ്പോൾ ഇ.സി.ആർ അപ് ലോഡ് ചെയ്താലും തൊഴിലുടമക്ക് തെറ്റ് തിരുത്താനാകും. മാത്രമല്ല, തൊഴിലാളി വിഹിതമോ തൊഴിലുടമ വിഹിതമോ ഭാഗികമായും അടക്കാം. പക്ഷേ, തുടർന്ന് വരുന്ന കാലയളവിലേക്കുള്ള തുകയുടെ പലിശ ഇ.പി.എഫ്.ഒക്ക് നൽകേണ്ടി വരും.