ക്രെഡിറ്റ് കാർഡിൽ നിന്ന് നിങ്ങളുടെ അനുവാദമില്ലാതെ പണം പിൻവലിച്ചാൽ...
text_fieldsഅനുവാദമില്ലാതെ നിങ്ങളുടെ ക്രെഡിറ്റ് കാർഡിൽ നിന്ന് അനധികൃതമായി ചാർജുകൾ ഈടാക്കിയാൽ എന്ത് ചെയ്യണമെന്ന് പലർക്കും അറിയില്ല. ഇത്തരം സാഹചര്യങ്ങളിൽ എത്രയും വേഗം ബാങ്കിലോ കസ്റ്റമർ കെയറിലോ ബന്ധപ്പെടുക. ഇത് പണം തിരികെ ലഭിക്കാനുള്ള സാധ്യത കൂട്ടും.
ഇത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ
1: എത്രയും വേഗം ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്യുക
ക്രെഡിറ്റ് കാർഡിൽ നിന്ന് നിങ്ങളുടെ അനുവാദം ഇല്ലാതെ പണം പിൻവലിച്ചാൽ കാർഡ് ഉടൻ തന്നെ ബ്ലോക്ക് ചെയ്യുന്നത് കൂടുതൽ പണം നഷ്ടമാകാതിരിക്കാൻ സഹായിക്കും. മൊബൈൽ ആപ്ലിക്കേഷനോ നെറ്റ് ബാങ്കിങോ വഴി 30 സെക്കന്‍റ് കൊണ്ട് തന്നെ ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്യാം.
2) ബാങ്കിൽ പരാതിപ്പെടുക
കാർഡ് ബ്ലോക്ക് ചെയ്താൽ ബാങ്കിൽ ഒരു പരാതി എഴുതി നൽകുക. ട്രാൻസാക്ഷൻ നിങ്ങളുടേതല്ല എന്ന് ചൂണ്ടിക്കാണിച്ച് ബാങ്കിന്‍റെ വൈബ്സൈറ്റ്, ആപ്പ്, ഇമെയിൽ എന്നിവ വഴി ഡിസ്പ്യൂട്ട് ഫോം നൽകുക. ഫോമിൽ തീയതിയും സമയവും നഷ്ടമായ പണവും ഉൾപ്പെടെയുള്ള വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം. തട്ടിപ്പ് കണ്ടെത്തിയാൽ 7 മുതൽ 90 ദിവസത്തിനുള്ളിൽ പണം തിരികെ ലഭിക്കും.
3)മറ്റ് മാർഗങ്ങൾ
ബാങ്കിൽ പരാതി നൽകിയതുകൊണ്ട് മാത്രം പണം തിരികെ ലഭിക്കണമെന്നില്ല. ഒരേ സമയം ബാങ്കിന്‍റെ കസ്റ്റമർ സർവീസ്, ഓൺലൈൻ ഡിസ്പ്യൂട്ട് ഫോറം, ആർ.ബി.ഐയുടെ സകൽ പോർട്ടൽ, ലോക്കൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ, എന്നിവയിലും പരാതി നൽകുന്നത് വേഗം പരിഹാരം ലഭിക്കാൻ സഹായിക്കും. 90 ദിവസത്തിനുള്ളിൽ പരാതി ലഭിച്ചാൽ നഷ്ടമായ മുഴുവൻ തുകയും ലഭിക്കുമെന്നാണ് ആർ.ബി.ഐ പറയുന്നത്.
4) രേഖകൾ സൂക്ഷിക്കുക
പണം ക്രെഡിറ്റ് കാർഡിൽ നിന്ന് പിൻവലിച്ചതിന്‍റെ എസ്.എം.എസ് അലർട്ട്, ഇമെയിലുകൾ, സ്റ്റേറ്റ്മെന്‍റ്, സ്ക്രീൻ ഷോട്ട്, എഫ്.ഐ.ആർ കോപ്പികൾ, തുടങ്ങിയവ ഒറ്റ ഫയൽ ഫോൾഡറിലാക്കി സൂക്ഷിക്കുക. ഫണ്ട് റീക്ലെയിം ചെയ്യുന്നതിന് ഇത് അനിവാര്യമാണ്.
തട്ടിപ്പിനിരാകാതിരിക്കാൻ
ക്രെഡിറ്റ് കാർഡിൽ നിന്ന് പണം നഷ്ടമാകാതിരിക്കാൻ മുൻ കരുതലുകൾ അനിവാര്യമാണ്. ഒ.ടി.പി ആരുമായും പങ്ക് വെക്കാതിരിക്കുക. സംശയാസ്പദമായ വെബ്സൈറ്റുകളിൽ കാർഡ് വിവരങ്ങൾ നൽകരുത്. ടു സ്റ്റെപ്പ് വെരിഫിക്കേഷൻ എനേബിൾ ചെയ്യുക. ഓൺലൈൻ ട്രാൻസാക്ഷന് വെർച്വൽ കാർഡ് ഉപയോഗിക്കാം.


