ജെൻ സി ആണോ, മിലേനിയം തലമുറയാണോ, ആരാണ് സമ്പാദ്യശീലത്തിൽ മികച്ചത്?
text_fieldsബൂമർ തലമുറയെ പഴഞ്ചനെന്നും മിലേനിയം തലമുറയെ കൃത്യമായ ആസൂത്രകരെന്നും ഓരോ തലമുറയെയും വേർതിരിച്ച് വിലയിരുത്താറുണ്ട്. എന്നാൽ ഗാഡ്ജെറ്റുകളിൽ വലിയതോതിൽ പണം ചെലവാക്കുന്ന സമ്പാദ്യ ശീലരല്ലാത്തവരെന്നാണ് പൊതുവെ ജെൻ സിയെ വിശേഷിപ്പിക്കുന്നത്. ഇത് സത്യമാണോ?
വിവിധ തലമുറകയളുടെ സമ്പാദ്യ ശീലത്തെക്കുറിച്ചുള്ള ഡാറ്റകൾ ഇത്തരം പരമ്പരാഗത ചിന്താ ഗതികളെയെല്ലാം തിരുത്തിക്കുറിക്കുകയാണ്. മിലേനിയം ജനറേഷനിലുള്ളവർ സ്ഥിരതയുള്ള സമ്പാദ്യമുള്ളവരാണ്. അതേ സമയം ജൻ സി കുറച്ച് സമ്പാദ്യമുള്ളവരാണെങ്കിൽക്കൂടി സാമ്പത്തിക അച്ചടക്കമുള്ളവരാണെന്നാണ് പഠനങ്ങൾ പറയുന്നത്.
ക്യുയി എഡ്യൂക്കേഷണൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പങ്കെടുത്ത 113 പേരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് മിലേനിയം കിഡ്സ് അവരുടെ വരുമാനത്തിന്‍റെ വലിയൊരു ശതമാനം സമ്പാദ്യമായി കരുതുന്നവരാണ്. അതായത് ജെൻ സിയുടെ ശരാശരി സമ്പാദ്യം 2.09 ഉം മിലേനിയംകാരുടേത് 2.83ഉം.
ജെൻ സി അവരുടെ വരുമാനത്തിന്‍റെ 36 ശതമാനത്തോളം സേവിങ്സിലേക്ക് മാറ്റുന്നുവെന്നാണ് ഒരു പഠനം പറയുന്നത്. റിട്ടയർമെന്‍റ് സേവിങ്സിലും ഈ അന്തരമുണ്ട്. 2024ലെ ഫിഡെലിറ്റി ഡാറ്റ അനുസരിച്ച് മിലേനിയം ജനറേഷനാണ് ഇത്തരത്തിൽ വലിയ സമ്പാദ്യം റിട്ടയർമെന്‍റ് കാലത്തേക്ക് മാറ്റി വെച്ചിട്ടുള്ളത്. ഇങ്ങനെയാണെങ്കിലും ആദ്യ പാദത്തിൽ ജെൻസിയുടെ സമ്പാദ്യത്തിൽ 15 ശതമാനം വർധനയാണ് രേഖപ്പെടുത്തുന്നത്. മിലേനിയം തലമുറക്ക് ഇത് 11 ശതമാനമാണ്.
കരുതൽധനം
ബാങ്ക് റേറ്റിന്‍റെ 2025 എമർജൻസി സേവിങ് റിപ്പോർട്ട് പ്രകാരം ജെൻ സി തലമുറയിലെ 34 ശതമാനംപേരും അടിയന്തിര ആവശ്യങ്ങൾക്കുള്ള കരുതൽ സമ്പാദ്യമില്ലാത്തവരാണ്. മാത്രമല്ല ഈ തലമുറയിൽ 25 ശതമാനം പേർക്ക് മാത്രമാണ് 6 മാസത്തെ ചെലവുകൾക്കുള്ള സമ്പാദ്യമുള്ളത്. അതേ സമയം മിലേനിയം തലമുറക്ക് ഇത് 25 ശതമാനമാണ്. 55 ശതമാനം ജെൻ സി തലമുറയിലെ ആളുകൾക്കും കഷ്ടിച്ച് മൂന്നുമാസത്തെ ചെലവിനുള്ള കരുതൽ ധനം പോലുമില്ലെന്ന് ബാങ്ക് ഓഫ് അമേരിക്കയുടെ ഒരു റിപ്പോർട്ട് പറയുന്നു. അതേ സമയം മിലേനിയം തലമുറയ്ക്ക് ഇത് 49 ശതമാനമാണ്.
തന്‍റെ അനുഭവത്തിൽ കടന്നുവരുന്ന സാമ്പത്തിക സ്ഥിതി വിശേഷങ്ങളാണ് ജെൻ സിയുടെ സമ്പാദ്യശീലത്തെ സ്വധീനിക്കുന്നതെന്ന് സഹജ് മണി സ്ഥാപകനായ അഭിഷേക് കുമാർ പറയുന്നു. ഓരോ തലമുറയുടെയും സമ്പാദ്യ ശീലത്തെ രൂപപ്പെടുത്തുന്നത് വ്യത്യസ്ത ഘടകങ്ങളാണ്. യാത്രകൾ,ഗാഡ്ജറ്റുകൾ എന്നിവ ഫോക്കസ് ചെയ്തു കൊണ്ടുള്ള സോഷ്യൽ മീഡിയ കണ്ടന്‍റുകളാണ് ജെൻ സിയെ സ്വാധീനിക്കുന്നത്.അതേ സമയം മിലേനിയം തലമുറയിലുള്ളവർ വിവാഹം, വീട്, കടം വീട്ടൽ തുടങ്ങിയ ടിപ്പിക്കൽ ലക്ഷ്യങ്ങൾക്കായി സമ്പാദ്യം മാറ്റി വെക്കുന്നു. 84 ശതമാനം ജെൻ സി തലമുറയും തങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ പുരോഗതി മെച്ചപ്പെടുമെന്ന് ശുഭാപ്തി വിശ്വാസം ഉള്ളവരാണ്. എന്നാൽ മിലേനിയം തലമുറയിൽ ഇങ്ങനെ വിശ്വസിക്കുന്നവർ 76 ശതമാനമേ ഉള്ളൂ.
ഡിജിറ്റൽ സാങ്കേതിക വിദ്യ ജെൻ സിയുടെ സമ്പാദ്യശീലത്തെ എറെ സ്വാധീനിക്കുന്നുണ്ട്. ജെൻ സിയിൽ 55 ശതമാനം ആളുകൾ അഡ്വാൻസ്ഡ് ബജറ്റിങ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നവരാണ്. ആത്യന്തികമായി എല്ലാ തലമുറയിലുള്ളവരും സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നുണ്ട്.
സോഷ്യൽ മീഡിയ നൽകുന്ന സമ്മർദ്ദം കാരണം ജെൻ സി തലമുറയിലുളളവർക്ക് ജീവിതച്ചെലവുകൾകൂടുതലാണ്. വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന സമ്പാദ്യ നിരക്കുകളും നേരത്തെയുള്ള നിക്ഷേപ ആരംഭവും ഉള്ളതിനാൽ ജെൻ സിക്ക് വലിയ സാധ്യതകളാണുള്ളത്. അവരുടെ ഡിജിറ്റൽ നേറ്റിവിറ്റിക്കും സാമ്പത്തിക അവബോധത്തിനും നിലവിലെ വരുമാന പരിമിതികളെയും ജീവിതശൈലി സമ്മർദ്ദങ്ങളെയും മറികടക്കാൻ കഴിയുമെങ്കിൽ, ദീർഘകാല സാമ്പത്തിക വിജയത്തിന് നേട്ടമാകും.