അന്താരാഷ്ട്ര പണമിടപാടുകളിൽ ക്യു.ആർ കോഡിന് നിയന്ത്രണം
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: അന്താരാഷ്ട്ര പണമിടപാടുകളിൽ യു.പി.ഐ വിലാസമടങ്ങുന്ന ക്യു.ആർ കോഡ് അയച്ചുനൽകി പണം കൈപ്പറ്റുന്നതിന് വിലക്കേർപ്പെടുത്തി നാഷനൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ). ഇതോടെ വിദേശത്തുനിന്ന് പങ്കുവെക്കുന്ന ക്യു.ആർ കോഡ് ഇമേജുകൾ സ്കാൻ ചെയ്ത് പണമയക്കാനാവില്ല.
മുമ്പ്, ഇത്തരത്തിൽ വാട്സ്ആപ് അടക്കം ആപ്പുകളിലൂടെ പങ്കുവെക്കുന്ന ക്യു.ആർ കോഡ് ഫോൺ ഗാലറിയിൽ സേവ് ചെയ്തശേഷം യു.പി.ഐ ആപ്പുകൾ തുറന്ന് സ്കാൻ ചെയ്ത് പേമെന്റ് നടത്താമായിരുന്നു. ഈ സംവിധാനത്തിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഉപഭോക്താവ് ഇത്തരത്തിൽ ക്യു.ആർ കോഡുകൾ സ്കാൻ ചെയ്യുന്നത് തിരിച്ചറിഞ്ഞ് വിലക്കാൻ യു.പി.ഐ അധിഷ്ഠിത ആപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, യു.പി.ഐ സൗകര്യം ലഭ്യമായ വിദേശ രാജ്യത്ത് ഫോൺ കാമറ ഉപയോഗിച്ച് നേരിട്ട് ക്യു.ആർ കോഡുകൾ സ്കാൻ ചെയ്യുന്നതിന് തടസ്സമില്ലെന്നും അധികൃതർ വ്യക്തമാക്കി.
ആഭ്യന്തര തലത്തിൽ ഇത്തരത്തിൽ ക്യു.ആർ കോഡുകൾ അയച്ചുനൽകി നടത്തുന്ന ഇടപാടുകൾക്ക് 2000 രൂപ പരിധി നിലവിലുണ്ട്. സാമ്പത്തിക തട്ടിപ്പുകൾക്ക് തടയിടാൻ ലക്ഷ്യമിട്ടാണ് നടപടിയെന്നും എൻ.പി.സി.ഐ വ്യക്തമാക്കി. നിലവിൽ ഫ്രാൻസ്, മൊറീഷ്യസ്, നേപ്പാൾ, സിംഗപ്പൂർ, ശ്രീലങ്ക, യു.എ.ഇ എന്നിവയുൾപ്പെടെ ഏഴ് രാജ്യങ്ങളിൽ ഇന്ത്യയുടെ യു.പി.ഐ അടിസ്ഥാനമാക്കിയുള്ള പേമെന്റുകൾ സ്വീകാര്യമാണ്.