സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന വായ്പ: പ്രമാണം തിരികെ ലഭിക്കാനും വായ്പ തീര്‍ക്കാനുമുള്ള നടപടിക്രമം പുതുക്കി
text_fieldsതിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ഭവന വായ്പ അടച്ചുതീര്‍ത്ത് പ്രമാണം തിരികെ എടുക്കാനും വായ്പ തീര്‍ക്കാനുമുള്ള നടപടിക്രമം പരിഷ്കരിച്ചു. വായ്പ തിരിച്ചടവ് പൂര്‍ത്തിയാക്കിയ ശേഷം ഭൂമിയുടെ അസ്സല് ആധാരം തിരികെ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളിലാണ് മാറ്റംവരുത്തിയത്.
പുതിയ ഉത്തരവനുസരിച്ച് ബാധ്യത തീര്‍ത്തതിന്റെ രേഖയായ ‘റിലീസ് ഡീഡ്’ സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം അതിന്റെ പകര്‍പ്പ് ബന്ധപ്പെട്ട വകുപ്പില്‍ തിരികെ സമര്‍പ്പിക്കണം. ഇതിന് ശേഷമേ പ്രമാണം തിരിച്ചെടുക്കാന്‍ കഴിയൂ.
നിലവിൽ, പലപ്പോഴും ജീവനക്കാര്‍ പ്രമാണം തിരികെ എടുത്ത ശേഷം സബ്രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത് ഇതിന്റെ പകര്‍പ്പ് വകുപ്പുകള്‍ക്ക് സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാറിന്റെ ബാധ്യത കുമിഞ്ഞുകൂടുന്ന സാഹചര്യമുണ്ട്. സർക്കാർ ജീവനക്കാരന്റെ വായ്പക്ക് സര്‍ക്കാര്‍ ഈടുണ്ട്.
ജീവനക്കാരന് ബാങ്ക് വായ്പ അവസാനിപ്പിച്ചാലും നടപടിക്രമം പാലിക്കാത്തതിനാല്‍ സര്‍ക്കാറിന്റെ ബാധ്യത ഇതേനിലയില്‍ തുടരുന്ന സാഹചര്യത്തിലാണ് ഭേദഗതി.