Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightPersonal Financechevron_rightആദായനികുതി റിട്ടേണ്‍:...

ആദായനികുതി റിട്ടേണ്‍: സമയപരിധി നീട്ടി, ഇന്നുകൂടി അവസരം

text_fields
bookmark_border
ആദായനികുതി റിട്ടേണ്‍: സമയപരിധി നീട്ടി, ഇന്നുകൂടി അവസരം
cancel
camera_altപ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: 2024-25 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ (ഐ.ടി.ആര്‍) പിഴയില്ലാതെ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ ഒരുദിവസത്തേയ്ക്ക് കൂടി നീട്ടി. തിങ്കളാഴ്ച സമയപരിധി അവസാനിക്കാനിരിക്കേ, രാത്രി വൈകിയ വേളയിലാണ് ചൊവ്വാഴ്ച കൂടി പിഴയില്ലാതെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അവസരം നല്‍കിയത്. ആദായനികുതി വകുപ്പിന്റെ പോര്‍ട്ടലില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളത് കാരണം റിട്ടേണ്‍ യഥാസമയം സമര്‍പ്പിക്കാന്‍ കഴിയുന്നില്ലെന്ന പരാതികളെ തുടര്‍ന്നാണ് കേന്ദ്ര നടപടി.

ഐ.ടി.ആര്‍ ഫയലിങ്, നികുതി അടക്കല്‍, മറ്റ് അനുബന്ധ സേവനങ്ങള്‍ എന്നിവക്കായി നികുതിദായകരെ സഹായിക്കാനായി 24 മണിക്കൂറും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൂടാതെ കോളുകള്‍, ലൈവ് ചാറ്റുകള്‍, വെബ്എക്‌സ് സെഷനുകള്‍, ട്വിറ്റര്‍/എക്‌സ് എന്നിവയിലൂടെ പിന്തുണ നല്‍കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ജൂലൈ 31നകം റിട്ടേണ്‍ ഫയല്‍ ചെയ്യണമായിരുന്നെങ്കിലും ഫോമില്‍ വരുത്തിയ ചില മാറ്റങ്ങള്‍ കാരണം ഇത്തവണ സെപ്റ്റംബര്‍ 15 വരെ സമയം അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് വിവിധ കോണുകളില്‍നിന്ന് സമയപരിധി നീട്ടണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഒരു ദിവസത്തേക്ക് കൂടി നീട്ടിയത്.

“സെപ്റ്റംബര്‍ 15 വരെ 7.3 കോടിയിലധികം ഐ.ടി.ആറുകള്‍ ഫയല്‍ ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ 7.28 കോടിയെ മറികടന്നു. സമയബന്ധിതമായി ഫയല്‍ ചെയ്തതിന് നികുതിദായകരെയും പ്രഫഷനലുകളെയും നന്ദി അറിയിക്കുന്നു. കൂടുതല്‍ ഐ.ടി.ആറുകള്‍ ഫയല്‍ ചെയ്യുന്നത് സുഗമമാക്കുന്നതിന്, അവസാന തീയതി ഒരു ദിവസം കൂടി (2025 സെപ്റ്റംബര്‍ 16) നീട്ടിയിരിക്കുന്നു” -ആദായനികുതി വകുപ്പ് എക്‌സില്‍ കുറിച്ചു.

ഐ.ടി.ആര്‍ പോര്‍ട്ടലില്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് കാണിച്ച് സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ പ്രഫഷനല്‍ അസോസിയേഷനുകള്‍ ധനമന്ത്രി നിര്‍മല സീതാരാമന് കത്തെഴുതിയിരുന്നു. പോര്‍ട്ടലിലെ തകരാറുകള്‍, ഐ.ടി.ആര്‍ പ്രോസസ്സിങ്ങിലെ കാലതാമസം, റീഫണ്ട് സ്റ്റാറ്റസ് അപ്ഡേറ്റുകളിലെ പ്രശ്നങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി നിരവധി നികുതിദായകരും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുമാണ് സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടത്. കൂടുതല്‍ സമയം അനുവദിച്ചില്ലെങ്കില്‍ പലരും തെറ്റായ റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്നും അവര്‍ വാദിക്കുന്നു.

നിശ്ചിത സമയത്തിനകം ഐ.ടി.ആര്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 234എഫ് പ്രകാരമുള്ള പിഴകള്‍ക്ക് കാരണമാകും. കൂടാതെ റിട്ടേണ്‍ വൈകി സമര്‍പ്പിച്ചാല്‍ റീഫണ്ടുകളും വൈകിയേക്കും.

Show Full Article
TAGS:income tax return income tax 
News Summary - Income Tax Return Deadline Extended, It Can Now Be Filed Till Today
Next Story