വിവാഹത്തിൽ താൽപര്യമില്ല, കുട്ടികളും വേണ്ട; ജെൻസിയുടെ ജീവിത രീതിക്ക് യോജിച്ച പ്ലാൻ ഇല്ലാതെ ഇൻഷുറൻസ് കമ്പനികൾ
text_fieldsപ്രതീകാത്മക ചിത്രം
വിവാഹം കഴിക്കുന്നതിലും മാതാപിതാക്കളാകുന്നതിലും താൽപര്യം കാണിക്കാത്ത ജെൻസി തലമുറക്കു മുന്നിൽ മുട്ടുമടക്കി ഇൻഷുറൻസ് കമ്പനികൾ. ലോകത്തെ മുതിർന്ന തലമുറകളിൽ ഭൂരിപക്ഷം ആളുകളും ലൈഫ് ഇൻഷുറൻസ് കവറേജ് അനിവാര്യമാണെന്ന് വിശ്വസിക്കുന്നവരാണെന്നാണ് ഇതുസംബന്ധിച്ച് കാപ്ജെമിനി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ലിംറയും നടത്തിയ പഠനത്തിൽ പറയുന്നത്. എന്നാൽ പുതുതലമുറ ഈ സംരക്ഷണ കവറേജിലൊന്നും താൽപര്യമില്ലാത്തവരാണെന്നും പഠനത്തിൽ പറയുന്നു. അതിൽ ഭൂരിഭാഗം ആളുകൾക്കും ഉടനെയൊന്നും വിവാഹം കഴിക്കാൻ താൽപര്യമില്ല. ഇനി വിവാഹം കഴിച്ചാലും കുട്ടികൾ വേണ്ടെന്ന പക്ഷക്കാരും ഇവരിലുണ്ട്. കുടുംബമെന്ന ചട്ടക്കൂടിന്റെ പരിധിയിൽ എത്താത്ത കാലത്തോളം ലൈഫ് ഇൻഷുറൻസ് കമ്പനികൾക്ക് ഇവരെ പോളിസികളുടെ പേര് പറഞ്ഞ് സമീപിക്കാനും സാധിക്കില്ല. സമ്പത്തുണ്ടാക്കാൻ താൽപര്യമുള്ളവരാണ് ജെൻ സി വിഭാഗക്കാർ. എന്ന പരമ്പരാഗത ജീവിതരീതികളിൽ നിന്ന് വ്യതിചലിച്ച് നടക്കാനാണ് അവർക്ക് താൽപര്യം. മരിച്ചിട്ട് നേട്ടങ്ങൾ കിട്ടുന്നതിനേക്കാൾ ഈ തലമുറ താൽപര്യം കാണിക്കുന്നത് ജീവിക്കുന്ന സമയത്ത് തന്നെ കിട്ടുന്ന ആനുകൂല്യങ്ങളിലാണെന്ന് കാപ്ജെമിനി ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ഗ്ലോബൽ ലീഡർ സാമന്ത ചൗ ചൂണ്ടിക്കാട്ടി.
പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ചെലവുകൾക്കുള്ള പണം കണ്ടെത്താനാണ് ഈ തലമുറ ആഗ്രഹിക്കുന്നത്. അതുപോലെ നിലവിലെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനും. ജോലിയെങ്ങാനും മാറാനുള്ള സാധ്യത കണക്കിലെടുത്ത് ചെറിയൊരു ശതമാനം ചില പോളിസികൾ എടുക്കുന്നുണ്ട്.
40 വയസിന് താഴെയുള്ളവരിൽ ബഹുഭൂരിപക്ഷവും ഡിജിറ്റൽ രീതിയിലുള്ള ഇടപാടുകളോടാണ് താൽപര്യം കാണിക്കുന്നത്. എന്നാൽ ഇൻഷുറൻസ് കമ്പനികൾ സമ്പൂർണ ഡിജിറ്റലായിട്ടില്ല.
1997നും 2012നും ഇടയിൽ ജനിച്ചവരാണ് ജെൻ സി തലമുറ. 1981-1996 ഇടയിൽ ജനിച്ച തലമുറയെ മില്ലേനിയൽസ് എന്നാണ് പറയുക.
മില്ലേനിയൽസിൽ ഭൂരിഭാഗത്തിനും ആരോഗ്യ ഇൻഷുറൻസ് പദ്ധതികളെ കുറിച്ച് ബോധ്യമുണ്ട്. അവരവരുടെ ജീവിത രീതിക്ക് അനുയോജ്യമായ പ്ലാനുകളും അവർ തെരഞ്ഞെടുക്കുന്നുമുണ്ട്. എന്നാൽ ജെൻ സിയിൽ ഭൂരിഭാഗത്തിനും ഇൻഷുറൻസ് പദ്ധതികളെ കുറിച്ച് വേണ്ടത്ര അവഗാഹമില്ല. അവരത് അറിയാൻ ആഗ്രഹിക്കുന്നുമില്ല. ശമ്പളത്തിൽനിന്ന് നിശ്ചിത തുക സ്ഥിരമായി മാറ്റി വെക്കുന്നത് അവർക്ക് ആലോചിക്കാൻ പോലും ആകാത്ത കാര്യമാണ്. സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന കാര്യത്തിൽ ജെൻ സി മിടുക്കരാണ്. അവരവരുടെ ആരോഗ്യ, ജീവിത രീതികൾക്ക് അനുയോജ്യമായ പോളിസികളാണ് ജെൻ സിക്ക് വേണ്ടത്. മാനസികാരോഗ്യം, ഓൺലൈൻ ഡോക്ടർമാരുടെ സേവനം, ഫിറ്റ്നസ് റിവാർഡ്സ് എന്നിവയൊക്കെ അതിന്റെ പരിധിയിൽ വരണമെന്നും അവർ ആഗ്രഹിക്കുന്നു.