Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightPersonal Financechevron_rightകുതിപ്പ് അവസാനിച്ചോ?...

കുതിപ്പ് അവസാനിച്ചോ? മൂന്ന് മാറ്റങ്ങൾ തീരുമാനിക്കും ഇനി സ്വർണത്തിന്റെ ഭാവി

text_fields
bookmark_border
കുതിപ്പ് അവസാനിച്ചോ? മൂന്ന് മാറ്റങ്ങൾ തീരുമാനിക്കും ഇനി സ്വർണത്തിന്റെ ഭാവി
cancel

മുംബൈ: സർവകാല റെക്കോഡ് തൊട്ട സ്വർണ വില ഇടിയാൻ തുടങ്ങിയിരിക്കുന്നു. ഒരാഴ്ചക്കിടെ വില കുത്തനെ ഇടിഞ്ഞത് നിക്ഷേപകർക്കിടയിൽ കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കറൻസി, ഓഹരികൾ, ക്രിപ്റ്റോകറൻസി തുടങ്ങിയ ആസ്തികളുടെ വിലയിടിയുമ്പോഴാണ് എക്കാലത്തും സ്വർണ വില ഉയർന്നിരുന്നത്. പക്ഷെ, ഇത്തവണ സ്വർണ വില ഉയർന്നപ്പോൾ മറ്റുള്ള ആസ്തികളിലും വൻ മുന്നേറ്റമു​ണ്ടായി. പി​ന്നെ എന്താണ് സ്വർണ വില കുതിച്ചുയരാനുള്ള കാരണം?

യു.എസ് വിപണിയിൽ എ.ഐ ഊർജത്തിൽ കുതിച്ചിരുന്ന ഓഹരികളെയെല്ലാം പിന്നിലാക്കിയാണ് സ്വർണത്തിന്റെ മുന്നേറ്റം. കമ്മോഡിറ്റീസ് എന്ന നിലക്ക് സ്വർണവും അസംസ്കൃത എണ്ണയും ഓരേ തൂവൽ പക്ഷികളായിരുന്നു. സാമ്പത്തിക നയങ്ങൾക്കനുസരിച്ച് സ്വർണത്തിന്റെയും അസംസ്കൃത എണ്ണയുടെയും വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകാറുണ്ട്. അസംസ്കൃത എണ്ണയുടെ വില 20 ശതമാനം ഇടിഞ്ഞ സമയത്താണ് സ്വർണം നിക്ഷേപകർക്ക് 60 ശതമാനം റിട്ടേൺ നൽകിയത്. ഈ രണ്ട് ആസ്തികളുടെയും വിലയിലെ ഏറ്റക്കുറച്ചിലിൽ 80 ശതമാനത്തിന്റെ അന്തരമുണ്ടായത് നൂറു വർഷത്തിനിടെ ആദ്യമായാണെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. ഏറ്റവും ഒടുവിൽ 2008ൽ അസംസ്കൃത എണ്ണയുടെ വില 50 ശതമാനം ഇടിഞ്ഞപ്പോൾ സ്വർണ വില 10 ശതമാനം മാത്രമാണ് വർധിച്ചത്. ഇതിനെയെല്ലാം കടത്തിവെട്ടിയാണ് ഇത്തവണത്തെ മുന്നേറ്റം.

അതുപോലെ സ്വർണ വില ഉയർന്ന ദിവസം തന്നെ യു.എസ് ഓഹരി വിപണിയും ഒരു ശതമാനം ഉയർന്നു. സുരക്ഷിതമായ നിക്ഷേപമെന്ന് കരുതുന്ന സ്വർണത്തിന്റെ വിലയും അപകട സാധ്യതയേറിയ ഓഹരിയും ഒരേ സമയം ഉയർന്നത് ചരിത്രത്തിൽ ആദ്യമായാണെന്ന് വാർട്ടൺ സ്കൂളിലെ പ്രഫസർ മുഹമ്മദ് എ. അൽ അറിയൻ പറഞ്ഞു.

കുതിപ്പിന്റെ തുടക്കം

മൂന്ന് വർഷം മുമ്പ് യുക്രെയ്ൻ യുദ്ധം തുടങ്ങിയതിന് പിന്നാലെ റഷ്യക്കെതിരെ യു.എസ് ഉപരോധം ഏർപ്പെടുത്തിയതോടെയാണ് സ്വർണ വിലയിൽ തീപ്പൊരി കണ്ടുതുടങ്ങിയത്. തുടർന്ന് ചൈനയും ഒരു പരിധി വരെ ഇന്ത്യയും കരുതൽ ശേഖരമായി സ്വർണം വൻ തോതിൽ വാങ്ങിക്കൂട്ടാൻ തുടങ്ങി. സാധാരണ യു.എസ് ഡോളറാണ് മിക്ക രാജ്യങ്ങളുടെയും സെൻട്രൽ ബാങ്കുകൾ പ്രധാനമായും കരുതൽ ശേഖരമായി വാങ്ങിയിരുന്നത്. ഇതോടെ സ്വർണ വില പതുക്കെ ഉയരാൻ തുടങ്ങി.

പക്ഷെ, നിലവിൽ സ്വർണത്തിന്റെ ഡിമാന്റ് വർധിക്കാൻ മറ്റൊരു ട്രെൻഡ് കൂടിയുണ്ട്. സ്വർണത്തിന്റെ കുതിപ്പ് തുടങ്ങിയെന്ന പ്രചാരണം വന്നതോടെ അന്താരാഷ്ട്ര ഓഹരി വിപണിയിൽ ലക്ഷക്കണക്കിനാളുകളാണ് ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ നിക്ഷേപമിറക്കിയത്. നിക്ഷേപകൻ ഓരോ യൂനിറ്റ് ഗോൾഡ് ഇ.ടി.എഫ് വാങ്ങുമ്പോൾ അതിനനുസരിച്ച് ഭൗതിക രൂപത്തിലുള്ള സ്വർണം ഇ.ടിഎഫ് കമ്പനികൾ വാങ്ങിവെക്കണം. റെക്കോഡ് നിക്ഷേപം വന്നതോടെ നാണയം, ബിസ്കറ്റ് തുടങ്ങിയ രൂപത്തിലുള്ള ഭൗതിക സ്വർണത്തിന്റെ ഡിമാൻഡ് വർധിക്കുകയും വില റോക്കറ്റ് പോലെ ഉയരുകയുമായിരുന്നു.

പശ്ചാത്യ രാജ്യങ്ങളിൽ കോവിഡിന് ശേഷം സർക്കാർ കൊണ്ടുവന്ന സാമ്പത്തിക നയങ്ങളും നിക്ഷേപകരെ സ്വർണം ഉൾപ്പെടെ കൂടുതൽ സുരക്ഷിത നിക്ഷേപത്തിലേക്ക് അടുപ്പിച്ചെന്നാണ് റോക്ഫെല്ലർ കാപിറ്റൽ മാനേജ്മെന്റിന്റെ തലവനായ രുചിർ ശർമ്മയുടെ അഭിപ്രായം.

ഇനി വില ഉയരുമോ?

സുരക്ഷിത നിക്ഷേപമെന്ന പേരിന് കളങ്കമേൽക്കാത്തിടത്തോളം കാലം സ്വർണത്തോടുള്ള നിക്ഷേപക​രുടെ പ്രണയം തുടരുമെന്നു തന്നെയാണ് സാമ്പത്തിക രംഗത്തെ വിദഗ്ധർക്ക് പറയാനുള്ളത്. അതായത്, നിക്ഷേപകർ പലരും ​സ്വർണം വിറ്റ് ലാഭമെടുക്കുകയും വില ഒന്നു തണുക്കുകയും ചെയ്യുന്നതോടെ റാലി പുനരാരംഭിക്കും.

ഡോണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണിയും യുക്രെയ്ൻ യുദ്ധവും അടക്കമുള്ള ആഗോള രാഷ്ട്രീയ സാമ്പത്തിക അനിശ്ചിതാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ സ്വർണത്തിന്റെ ഡിമാൻഡ് നിലനിൽക്കും.

മാത്രമല്ല, ഖനനം വളരെ കുറവായതിനാൽ ഒരു വർഷം ലഭിക്കുന്ന സ്വർണത്തിന്റെ അളവിൽ വെറും 1.5 ശതമാനത്തിന്റെ മാത്രം വർധനനയാണുണ്ടാകുന്നത്. കഴിഞ്ഞ 50 വർഷത്തിലേറെയായി ഇതാണ് അവസ്ഥ. പക്ഷെ, ഡോളറിന്റെ വിതരണം ഒരു വർഷം ആറു മുതൽ എട്ട് വരെ ശതമാനം വരെയാണ്. ലഭ്യത കുറഞ്ഞതിനാൽ സ്വർണത്തിന്റെ വിലയും ഉയർന്നുതന്നെ നിൽക്കും.

യു.എസിന്റെ സെൻട്രൽ ബാങ്കായ ഫെഡറൽ റിസർവിന്റെ അധികാരം പിടിച്ചെടുക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. അങ്ങനെ സംഭവിച്ചാൽ നിക്ഷേപകർ ഡോളറുകൾ കൂട്ടമായി വിറ്റൊഴിവാക്കി സുരക്ഷിതമായ സ്വർണം വാങ്ങിക്കൂട്ടും.

Show Full Article
TAGS:Gold Rate Gold Price gold etf profit gold bond 
News Summary - Is gold’s frenzied rally finally winding down?
Next Story