പ്രൊവിഡന്‍റ് ഫണ്ടോ എൻ.എസ്.സി നിക്ഷേപമോ അല്ല; ഉയർന്ന റിട്ടേൺ തരുന്ന ഈ ചെറിയ സേവിങ്സ് സ്കീമിനെക്കുറിച്ചറിയാം
text_fieldsഇന്ത്യയിലെ യാഥാസ്ഥിതിക നിക്ഷേപകർക്ക് പ്രിയം എപ്പോഴും ചെറുകിട സമ്പാദ്യ പദ്ധതികളാണ്. മിക്ക നിക്ഷേപകരും ഉയർന്ന റിട്ടേൺ ലഭിക്കുന്ന ചെറുകിട നിക്ഷേപ പദ്ധതി എന്ന നിലക്ക് പബ്ലിക് പ്രൊവിഡന്‍റ് ഫണ്ടും നാഷനൽ സേവിങ് സർട്ടിഫിക്കറ്റുമാണ്(എൻ.എസ്.സി) തിരഞ്ഞെടുക്കുന്നത്. എന്നാൽ അധികം ആരും ശ്രദ്ധിക്കാത്ത ഇവയെക്കാൾ ഉയർന്ന റിട്ടേൺ തരുന്ന പദ്ധതിയാണ് സുകന്യ സമൃദ്ധി. നിലവിലുള്ള ചെറുകിട സേവിങ്സ് പദ്ധതികളിൽ സുകന്യ സമൃദ്ധി യോജനയാണ് 8.2 ശതമാനം എന്ന ഏറ്റവും കൂടുതൽ റിട്ടേൺ നൽകുന്നത്. പ്രൊവിഡന്‍റ് ഫണ്ട് 7.1 ശതാനവും 7.7 ശതമാനവും റിട്ടേണാണ് നൽകുന്നത്. സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപവും റിട്ടേണും എല്ലാം നികുതി രഹിതമാണ്.
10 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടിയുടെ മാതാപിതാക്കൾക്കാണ് ഈ പദ്ധതി പ്രകാരം അക്കൗണ്ട് ഓപ്പൺ ആക്കാൻ കഴിയുക. കുട്ടിയുടെ ഭാവിയിലെ വിദ്യാഭ്യാസവും ഭാവിയും സുരക്ഷിതമാക്കുന്നതിനു വേണ്ടിയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ മിനിമം വാർഷിക നിക്ഷേപം 250ഉം പരമാവധി നിക്ഷേപം 1.5 ലക്ഷവുമാണ്.
പോസ്റ്റോഫാസ് വഴിയോ എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, ഐസി.ഐ.സി ഐ തുടങ്ങിയ അംഗീകൃത ബാങ്ക് വഴിയോ അക്കൗണ്ട് തുടങ്ങാം. ഉന്നത പഠനത്തിന് മാത്രമേ പണം പിൻവലിക്കാൻ കഴിയൂ. കൂടാതെ 18 വയസ്സ് കഴിഞ്ഞ് പെൺകുട്ടിയുടെ വിവാഹ സമയത്തും പണം പിൻവലിക്കാം. അക്കൗണ്ട് ആരംഭിച്ച് 21 വർഷം ആകുമ്പോൾ മെച്വർ ആകും. ഇന്ത്യയിലെവിടെ വേണമെങ്കിലും അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാം. നികുതി ഇളവും ഉയർന്ന റിട്ടേണും പോലുള്ള ആകർഷക ഘടകങ്ങൾ ഉണ്ടായിട്ടും പദ്ധതിയുടെ നേട്ടം കൂടുതൽപേരിലേക്കെത്തിയിട്ടില്ലെന്നത് പോരായ്മയായി തുടരുന്നു. 2025-26 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദം വരെ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റമുണ്ടാകില്ലെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. അതിനാൽ ഒക്ടോബർ മുതൽ ഡിസംബർ വരെ കഴിഞ്ഞ പാദത്തിലെ അതേ റിട്ടേൺ ലഭിക്കും.