വായ്പാ പലിശ നിരക്ക് കുറച്ച് എസ്.ബി.ഐ; നിലവിലെ വായ്പക്കാർക്കും പുതിയവർക്കും ഗുണകരം
text_fieldsന്യൂഡൽഹി: റിസർവ് ബാങ്ക് പലിശ നിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) വായ്പാ നിരക്ക് അര ശതമാനം കുറച്ചു. 7.75 ശതമാനമെന്ന പുതിയ വായ്പാ നിരക്ക് ജൂൺ 15ന് പ്രാബല്യത്തിൽ വരും. നിലവിലുള്ളവർക്കും പുതിയ വായ്പക്കാർക്കും നിരക്ക് കുറച്ചതിന്റെ പ്രയോജനം ലഭിക്കും.
മൂന്ന് കോടി രൂപ വരെയുള്ള സ്ഥിര നിക്ഷേപത്തിന്‍റെ പലിശനിരക്കിൽ കാൽ ശതമാനം കുറവ് വരുത്തിയതായും എസ്.ബി.ഐ അറിയിച്ചു. ഇതോടെ, 1-2 വർഷ കാലയളവിലെ നിക്ഷേപത്തിന്‍റെ പലിശ നിരക്ക് 6.50 ശതമാനമാകും.
രണ്ട് മുതൽ മൂന്ന് വർഷം വരെയുള്ള നിക്ഷേപത്തിന്‍റെ പലിശ 6.70 ശതമാനത്തിൽ നിന്ന് 6.45 ശതമാനമായും കുറച്ചു. മുതിർന്ന പൗരന്മാർക്ക് അര ശതമാനം കൂടുതൽ പലിശ ലഭിക്കും.
ജൂൺ ആറിനാണ് ആർ.ബി.ഐ പലിശ നിരക്ക് അര ശതമാനം കുറച്ചത്. ഇതിന് പിന്നാലെ വിവിധ ബാങ്കുകൾ വായ്പാ പലിശ നിരക്ക് കുറക്കാൻ തയാറായി.