Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightPersonal Financechevron_rightഎമർജൻസി ഫണ്ട് തുടങ്ങൂ,...

എമർജൻസി ഫണ്ട് തുടങ്ങൂ, ഏത് പ്രതിസന്ധിയും കൂളായി നേരിടാം

text_fields
bookmark_border
എമർജൻസി ഫണ്ട് തുടങ്ങൂ, ഏത് പ്രതിസന്ധിയും കൂളായി നേരിടാം
cancel

ജീവിതം പ്രവചനാതീതമാണ്. അപ്രതീക്ഷിതമായ ആശുപത്രി ചെലവുകൾ, ജോലി നഷ്ടപ്പെടൽ തുടങ്ങി എന്തും ഏതു നിമിഷവും സംഭവിക്കാം. ഇത്തരം സന്ദർഭങ്ങളിലാണ് എമർജൻസി ഫണ്ടുകൾ രക്ഷക്കെത്തുന്നത്. അപ്രതീക്ഷിത സാഹചര്യങ്ങൾക്ക് വേണ്ടി മാത്രം നീക്കിവെക്കുന്ന കരുതൽ ധനമാണ് എമർജൻസി ഫണ്ട്. സാമ്പത്തിക സ്ഥിരതക്കും മനസമാധാനത്തിനും ഈ ഫണ്ട് ഉപകരിക്കും.

​കടം വാങ്ങാതെയോ ആസ്തികൾ വിൽക്കാതെയും ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ മറികടക്കാൻ എമർജൻസി ഫണ്ട് സഹായിക്കും. ഈ സാമ്പത്തിക സുരക്ഷാ കവചമില്ലെങ്കിൽ അപ്രതീക്ഷിത ചെലവുകൾക്ക് പണം കണ്ടെത്താൻ ഉയർന്ന പലിശ നിരക്കിൽ വായ്പ വാങ്ങേണ്ടി വരും. കടം വാങ്ങുന്നത് സാമ്പത്തിക സുരക്ഷ അപകടത്തിലാക്കും. എമർജൻസി ഫണ്ടുണ്ടെങ്കിൽ അടിയന്തര സാഹചര്യങ്ങളെ ശാന്തമായും ആത്മവിശ്വാസത്തോടെയും നേരിടാം.

എത്ര രൂപ നീക്കിവെക്കണം

നിങ്ങളുടെ സാഹചര്യങ്ങൾ, സ്ഥിര വരുമാനം, ജീവിതശൈലി എന്നിവയെ ആശ്രയിച്ചാണ് എമർജൻസി ഫണ്ടിന് വേണ്ടി എത്ര രൂപ നീക്കിവെക്കണമെന്ന് തീരുമാനിക്കുന്നത്. മൂന്ന് മുതൽ ആറ് മാസം വരെയുള്ള ജീവിതച്ചെലവുകൾക്ക് ആവശ്യമായ പണം കരുതി വെക്കുകയെന്നതാണ് പൊതുവേയുള്ള നിർദേശം. വാടക, പലചരക്ക് സാധനങ്ങൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ, യാത്രാച്ചെലവ് എന്നിവയെല്ലാം അവശ്യ ചെലവുകളിൽ ഉൾപ്പെടും. ഫ്രീലാൻസ് ജോലി ചെയ്യുന്നവർ, ചെറുകിട ബിസിനസ് ഉടമകൾ തുടങ്ങിയ വരുമാന സ്ഥിരതയില്ലാത്തവർ ആറ് മുതൽ പന്ത്രണ്ട് മാസത്തെ ചെലവുകൾക്ക് പണം കരുതി വെക്കുന്നതാണ് നല്ലത്.

ചുരുക്കി പറഞ്ഞാൽ വരുമാനം നിലച്ചാലും നിശ്ചിത കാലത്തേക്ക് കടം വാങ്ങാതെ ജീവിക്കാൻ കഴിയണം എന്നതാണ് പ്രധാനം.

എവിടെ സൂക്ഷിക്കും

എമർജൻസി ഫണ്ട് എവിടെ സൂക്ഷിക്കണമെന്ന കാര്യത്തിലും ശ്രദ്ധ വേണം. പണം കാലതാമസമോ നൂലാമാലകളോ ഇല്ലാതെ വേഗത്തിൽ ലഭ്യമാകണം. ഉയർന്ന ആദായമുള്ള സേവിങ്സ് അക്കൗണ്ടുകൾ, മണി മാർക്കറ്റ് അക്കൗണ്ടുകൾ, ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങൾ എന്നിവയാണ് നല്ല ഓപ്ഷനുകൾ. ഓഹരികൾ അല്ലെങ്കിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ ഉയർന്ന വരുമാനം നൽകുമെങ്കിലും ചാഞ്ചാട്ട സാധ്യത കൂടുതലാണ്. അതുകൊണ്ട് അടിയന്തര സാഹചര്യങ്ങളിൽ പിൻവലിക്കാൻ കഴിയണമെന്നില്ല. ഉയർന്ന വരുമാനമല്ല, മറിച്ച് ഉടനടി ലഭ്യമാകുകയാണ് ഫണ്ടിന്റെ ലക്ഷ്യം.

അടിയന്തര ഫണ്ട് ആരംഭിക്കുക ബുദ്ധിമുട്ടുള്ളതായി തോന്നാമെങ്കിലും എളുപ്പമാണ്. പ്രതിമാസ വരുമാനത്തിൽനിന്ന് ചെറിയ തുക ഇതിലേക്ക് മാറ്റിവെക്കണം. മാറ്റിവെക്കുന്ന തുക കാലക്രമേണ വർധിപ്പിക്കുക. മാത്രമല്ല, അത്യാവശ്യമല്ലാത്ത ചെലവുകൾ കുറച്ചാൽ ലഭിക്കുന്ന തുകയും ബോണസുകളും മാറ്റിവെക്കുന്നത് എമർജൻസി ഫണ്ട് വളർച്ചയെ ത്വരിതപ്പെടുത്തും. എമർജൻസി ഫണ്ട് അടിയന്തിര ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാനുള്ളതാണ്. ഇതിൽ നിന്നും പണം പിൻവലിക്കുന്നതിനനുസരിച്ച് വീണ്ടും നിക്ഷേപിക്കണം.

അപ്രതീക്ഷിത ചെലവ് പരിഹരിക്കുന്നതിനപ്പുറം അടിയന്തര ഫണ്ട് മാനസികമായ ആശ്വാസംകൂടിയാണ്. പ്രതിസന്ധി ഘട്ടങ്ങളിലെ മാനസിക സമ്മർദ്ദം കുറക്കുകയും യുക്തിസഹമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുകയും ചെയ്യും. സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്ന ഭയമില്ലാതെ ജോലി രാജിവെച്ച് പുതിയത് കണ്ടെത്താനും ബിസിനസ് തുടങ്ങാനും പ്രാപ്തരാക്കും.

എമർജൻസി ഫണ്ട് വെറുമൊരു സമ്പാദ്യ രീതി മാത്രമല്ല, പ്രതിരോധശേഷിക്കും മനസ്സമാധാനത്തിനുമുള്ള അടിത്തറ കൂടിയാണ്. വ്യക്തികൾക്ക് ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനും കടം ഒഴിവാക്കി ദീർഘകാല സാമ്പത്തിക നേട്ടം കൈവരിക്കാനും കഴിയും. എമർജൻസി ഫണ്ട് കരുതുന്നതിനും പരിപാലിക്കുന്നതിനും അച്ചടക്കം ആവശ്യമാണ്. കാരണം, അത് നൽകുന്ന സുരക്ഷ വിലമതിക്കാനാവാത്തതാണ്. അനിശ്ചിതത്വങ്ങളുടെ ലോകത്ത് സാമ്പത്തിക സുരക്ഷയൊരുക്കുന്നത് ആഡംബരമല്ല ആവശ്യകതയാണ്.

Show Full Article
TAGS:Emergency Fund personal finance Business News 
News Summary - Start an emergency fund and face any crisis with coolness.
Next Story