ഇൻകം ടാക്സ് റീഫണ്ട് വൈകുന്നുണ്ടോ? കാരണമിതാണ്
text_fields2024-25ലെ ഇൻകം ടാക്സ് റീഫണ്ടിനു വേണ്ടി കാത്തിരിക്കുന്നവരാണോ നിങ്ങൾ. ക്രമക്കേടുകൾ കണ്ടെത്തുന്നതിന്‍റെ ഭാഗമായി ഇൻകം ടാക്സ് ഡിപ്പാർട്മെന്‍റ് വെരിഫിക്കേഷൻ നടപടികൾ ശക്തമാക്കിയതാണ് റീഫണ്ട് വൈകാൻ കാരണം. പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുത്ത 20 ലക്ഷത്തിനുമുകളിൽ വരുമാനമുള്ളവരെയാണ് സൂഷ്മ പരിശോധനക്ക് വിധേയമാക്കുന്നത്.
വ്യാജമായി ചമച്ച മെഡിക്കൽ ബില്ലുകൾ കാണിച്ചും, വിവിധ സംഘടനകൾക്ക് കൊടുക്കാത്ത ഫണ്ടിന്‍റെ ബില്ല് കാണിച്ചും നിരവധി പേർ നികുതി ഇളവ് നേടിയെടുക്കാൻ ശ്രമിച്ചതായി അധികൃതർ കണ്ടെത്തിയിരിക്കുകയാണ്. ഇത്തരത്തിൽ ഏകദേശം 700കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. ഇത് കാരണം 10 ലക്ഷത്തിനു മുകളിൽ ടാക്സ് റിട്ടേൺ ലഭിക്കാനുള്ളവർക്ക് ഇനിയും വൈകും.
പല നികുതി ദായകരും പ്രത്യേകിച്ച് 20 ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർ തെറ്റായ രേഖകൾ നൽകി ടാക്സ് റിട്ടേണിന് അപേക്ഷിച്ചതായി കണ്ടെത്തിയെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു.ഇതിൽ പലരും ഈ തെറ്റ് ആവർത്തിക്കുന്നതായും കണ്ടെത്തി. ഇക്കാരണത്താൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ടാക്സ് റിട്ടേൺ വെരിഫിക്കേഷൻ വൈകുമെന്ന് അദ്ദേഹം പറയുന്നു.
വരുമാനം പരിശോധിക്കുന്നതിന് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഡാറ്റാ അനലിറ്റിക്സ് സംവിധാനം ഡിപ്പാർട്മെന്‍റ് നടപ്പിലാക്കിയിരുന്നു. തെറ്റായ ക്ലെയിമുകൾ നടത്തുന്നവരെ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കിയത്. നിലവിൽ നികുതി റിട്ടേൺ 24 ശതമാനമായി കുറഞ്ഞ് 1.60 ലക്ഷം കോടിയിലെത്തി നിൽക്കുകയാണ്. കഴിഞ്ഞ വർഷം ഇത് 2.10ലക്ഷമായിരുന്നു.
കംപ്ലെയിന്‍റ് ഡ്രൈവ് ഏറെക്കുറെ ഫലം കണ്ടിട്ടുണ്ട്. ജൂൺ 18 മുതൽ 409.50കോടി രൂപ അഡീഷണൽ ടാക്സായി നൽകുകയും 963 കോടി പിൻവലിക്കുകയും ചെയ്തു. അതേ സമയം 30,161 നികുതി ദായകർ 29,208 കോടിയുടെ തങ്ങളുടെ വിദേശ ആസ്തിയും 1089 കോടിയുടെ വിദേശ വരുമാനവും വെളിപ്പെടുത്തി.