Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightPersonal Financechevron_rightനാട്ടിലെ ആദായ നികുതി...

നാട്ടിലെ ആദായ നികുതി പ്രവാസികളെ ബാധിക്കുമോ?

text_fields
bookmark_border
നാട്ടിലെ ആദായ നികുതി പ്രവാസികളെ ബാധിക്കുമോ?
cancel

ഒരു സാധാരണ പ്രവാസി ഇന്ത്യയിൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണമോ വേണ്ടയോ എന്ന കാര്യത്തിൽ പലർക്കും ഇപ്പോഴും സംശയം നിലനിൽക്കുന്നുണ്ട്. ആദായനികുതി നിയമം അനുസരിച്ചു സാധാരണഗതിയിൽ പറഞ്ഞാൽ നിങ്ങളുടെ നാട്ടിലെ വരുമാനം ആദായനികുതി കൊടുക്കുന്നതിന്റെ പരിധിക്കുള്ളിൽ (പുതിയ സ്‌ക്കിമിൽ നാലു ലക്ഷം വരെ ) ആണെങ്കിൽ റിട്ടേൺ ഫയൽ ചെയ്യുന്നത് നല്ലതാണെങ്കിലും നിർബന്ധമല്ല. എന്നാൽ നിങ്ങളുടെ നാട്ടിലെ വരുമാനത്തിന് -അതായതു പെൻഷൻ, വാടക, എൻ.ആർ.ഒ അക്കൗണ്ടിലെ വരുമാനം, ഡിവിഡന്റ് , ക്യാപിറ്റൽ ഗെയിൻ എന്നിങ്ങനെ പലവിധ വരുമാനങ്ങൾ ഉണ്ടാകാം. ഇത്തരം വരുമാനങ്ങളിൽ ടാക്സ് (ടി.ഡി.എസ്) പിടിക്കണം എന്നാണ് നിയമം. ഇങ്ങനെ പിടിച്ച ടി.ഡി.എസ് മുഴുവനായോ അല്ലെങ്കിൽ നികുതി ബാധ്യത കഴിച്ചു ബാക്കി തുകയോ തിരികെ വേണമെങ്കിൽ റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ട്. ഉദാഹരണമായി നിങ്ങളുടെ എൻ.ആർ.ഒ അക്കൗണ്ടിൽ വരുമാനം 10000 രൂപ ഉണ്ടെന്നു വയ്ക്കുക. ടി.ഡി.എസ് ആയി 3120 രൂപ ബാങ്ക് പിടിച്ചിട്ടുണ്ടാവും .(എൻ.ആർ.ഒ അക്കൗണ്ടിലെ വരുമാനത്തിന്റെ 30 ശതമാനം ടി.ഡി.എസും നാലു ശതമാനം സെസും ചേർത്ത് 31.20 ശതമാനം ടി.ഡി.എസ് ബാങ്കുകൾ പിടിക്കും). നിങ്ങൾക്ക് ഈ വർഷം നാട്ടിൽ മറ്റു വരുമാനം എല്ലാം കൂടി രണ്ടു ലക്ഷം രൂപ ഉണ്ടെന്നു കരുതുക. അപ്പോൾ നിങ്ങൾ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട പരിധിക്കു അകത്തായതുകൊണ്ടു റിട്ടേൺ നൽകേണ്ടതില്ല. എന്നാൽ ബാങ്ക് ആദായനികുതി ഇനത്തിൽ പിടിച്ചു സർക്കാറിൽ അടച്ചിട്ടുള്ളത് 3120 രൂപയാണ്. ഇത് തിരികെ കിട്ടണമെങ്കിൽ നിർബന്ധമായും റിട്ടേൺ ഫയൽ ചെയ്യണം.

രണ്ടാമത്തെ കാരണം, നാട്ടിൽ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും വായ്പകൾ അനുവദിക്കാൻ ആദായ നികുതി റിട്ടേൺ ഒരു രേഖയായി സ്വീകരിക്കുന്നുണ്ട്. എൻ.ആർ.ഇ വരുമാനവും നാട്ടിലെ വരുമാനവും പല വായ്പക്കും കണക്കാക്കുന്നുണ്ട്. നാട്ടിലെ വരുമാനം കാണക്കാക്കാനുള്ള ആധികാരിക രേഖയായി നിങ്ങളുടെ ആദായ നികുതി റിട്ടേൺ ധനകാര്യ സ്ഥാപനങ്ങൾ സ്വീകരിക്കും.

മൂന്നാമതായി നിങ്ങള്ക്ക് പാൻ കാർഡ് ഉണ്ടെങ്കിൽ റിട്ടേൺ ഫയൽ ചെയ്യുന്നത് അഭികാമ്യമാണ്. ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന പലർക്കും ഇൻകം ടാക്സ് ഡിപ്പാർട്മെന്റിൽ നിന്നും റിട്ടേൺ ഫയൽ ചെയ്തില്ല എന്ന് നോട്ടീസ് കിട്ടിയതായി എനിക്കറിവുള്ളതാണ്. അതും ഒഴിവാക്കാം.

എങ്ങനെ റിട്ടേൺ ഫയൽ ചെയ്യാം?

ബിസിനസ് വരുമാനം ഇല്ലാത്ത ആളുകൾ എല്ലാ വർഷവും ജൂലൈ മാസം 31 നകം റിട്ടേൺ ഫയൽ ചെയ്യണം. താമസിച്ചു ഫയൽ ചെയ്താൽ പിഴ അടക്കേണ്ടി വരും. എൻ.ആർ.ഇ നിക്ഷേപങ്ങളിലെ വരുമാനത്തിന് ഇന്ത്യയിൽ നികുതി കൊടുക്കേണ്ട. അതുകൊണ്ടു അത് വരുമാനത്തിൽ ഉൾപ്പെടുത്തേണ്ട. ഐ.ടി.ആർ-2 എന്ന ഫോം ആണ് പ്രവാസികൾ നൽകേണ്ടത്. ഐ.ടി.ആർ-ഒന്നുമായി തുലനം ചെയുമ്പോൾ ഐ.ടി.ആർ-2 നു കുറച്ചു സമയം ചെലവഴിക്കണം. ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റു വഴി നൽകാം. നിങ്ങളുടെ പാൻ നമ്പർ ആയിരിക്കും യൂസർ ഐഡി . പാസ്സ്‌വേർഡ് ഉണ്ടാക്കുക. അതിനു ശേഷം ലോഗിൻ ചെയ്താൽ നിങ്ങളുടെ മിക്കവാറും ബേസിക് വിവരങ്ങൾ ഓട്ടോ ഫീൽഡ് ആയിരിക്കും. ആദായനികുതി വകുപ്പിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള വരുമാനവറും പിടിച്ച നികുതിയും കാണാൻപറ്റും. വിവരങ്ങൾ അപ്ഡേറ്റ് ചെയ്തു ഫോം ഓൺലൈൻ ആയി തന്നെ അപ്‌ലോഡ് ചെയ്യാം. അതിനു ശേഷം ഒരു മാസത്തിനകം നൽകിയ റിട്ടേൺ ഇ -വെരിഫൈ (e-verify)ചെയ്യണം. ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ ആധാർ ലിങ്ക്ഡ് മൊബൈൽ നമ്പർ വഴി ഇതു ചെയ്യാം. ഒരു മാസത്തിനകം ഇങ്ങനെ ചെയ്യാത്ത പക്ഷം നിങ്ങൾ റിട്ടേൺ ഫയൽ ചെയ്യാത്തതായി കണക്കാക്കും. അതുകൊണ്ടു ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

പ്രവാസികളുടെ പുതിയ ടാക്സ് സ്ലാബുകൾ (2025-26 വർഷം )

നാട്ടിലെ വരുമാനത്തിനുള്ള പുതിയ സ്കീമിലെ ടാക്സ് നിരക്കുകൾ ഇങ്ങനെയാണ്. നാലു ലക്ഷം വരെ നികുതി ഇല്ല. നാലു മുതൽ എട്ടു വരെ- അഞ്ചു ശതമാനം, എട്ടുമുതൽ 12 വരെ- 10 ശതമാനം, 12 മുതൽ 16 വരെ- 15 ശതമാനം, 16-മുതൽ 20 വരെ- 20 ശതമാനം, 20 മുതൽ 24 വരെ- 25 ശതമാനം, 24 ലക്ഷത്തിനു മുകളിൽ- 30 ശതമാനം. നാലുശതമാനം സെസ് കൂടി അധികമായി കൊടുക്കണം.

നിലവിൽ നാട്ടിൽ ഉള്ളവർക്ക് 12 ലക്ഷം വരെയുള്ള വരുമാനത്തിന് നികുതി വേണ്ട. എന്നാൽ ഇത് പ്രവാസികൾക്ക് നാലു ലക്ഷമായി നിജപ്പെടുത്തിയിരിക്കുന്നു. ഇനി ടാക്സ് കൊടുക്കാനുണ്ടെങ്കിൽ മാർച്ച് 31 നകം അടക്കണം. ഇല്ലെങ്കിൽ പിഴ ചേർത്ത് പിന്നീട് അടക്കേണ്ടി വരും.

എന്റെ അഭിപ്രായത്തിൽ ചെറിയ അസൗകര്യങ്ങൾ ഉണ്ടെങ്കിലും ആദായനികുതി റിട്ടേൺ കൃത്യമായി ഫയൽ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. വർഷത്തിൽ ഒരു പ്രാവശ്യമല്ലേ വേണ്ടു. നിങ്ങളുടെ ആധാർ നമ്പർ, ബാങ്ക് അക്കൗണ്ടുകൾ, പാൻ നമ്പർ എന്നിവയുമായി ബന്ധപ്പെടുത്തിയിരിക്കുന്നതുകൊണ്ടു എല്ലാ വരുമാനവും, മ്യൂച്ചൽ ഫണ്ട്, ഓഹരി കച്ചവടം, വസ്തു കൈമാറ്റം തുടങ്ങി എല്ലാ വിവരവും ആദായനികുതി വകുപ്പിൽ ഉണ്ടെന്നോർക്കുക. പുതിയ ആദായനികുതി നിയമം 2026 ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും എന്നാണ് കേന്ദ്ര ധനകാര്യ മന്ത്രി ബജറ്റ് അവതരണ വേളയിൽ പറഞ്ഞത്. കൂടുതൽ വിവരങ്ങൾക്ക് ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Show Full Article
TAGS:income tax Expatriates pravasi 
News Summary - Will local income tax affect expatriates?
Next Story