പി.ഒ.എസ്, ഇ-കോമേഴ്സ് ഇടപാടുകൾക്ക് സ്വീകാര്യതയേറുന്നു
text_fieldsദോഹ: രാജ്യത്ത് പോയന്റ് ഓഫ് സെയിൽ (പി.ഒ.എസ്), ഇ-കോമേഴ്സ് ഇടപാടുകളുടെ സ്വീകാര്യത വർധിക്കുന്നു. ചില്ലറ കച്ചവടക്കാരും ഉപഭോക്താക്കളും ഓൺലൈൻ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നത് വർധിക്കുന്നതായി ഖത്തർ സെൻട്രൽ ബാങ്ക് പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ സുചിപ്പിക്കുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച്, 2025 ജൂണിൽ പി.ഒ.എസിലൂടെയും ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയുമുള്ള ഇടപാടുകളുടെ ആകെ മൂല്യം 14.95 ശതമാനം വർധിച്ച് 12.932 ബില്യൺ ഖത്തർ റിയാലിലെത്തിയതായി ഖത്തർ സെൻട്രൽ ബാങ്ക് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കണക്കുകൾ പറയുന്നു.
ഈ വർഷം ജൂണിൽ 9.639 ദശലക്ഷം ഇ-കോമേഴ്സ് ഇടപാടുകളിലൂടെ 4.283 ബില്യൺ ഖത്തർ റിയാലിൽ കൈമാറിയതായാണ് രേഖപ്പെടുത്തിയത്. ഇതേകാലയളവിൽ പി.ഒ.എസ് വഴി 43.284 ദശലക്ഷം ഇടപാടുകളും, 8.649 ബില്യൺ ഖത്തർ റിയാലും ട്രാക്സാക്ഷൻ ചെയ്യപ്പെട്ടു. പി.ഒ.എസ്, ഇ-കോമേഴ്സ് ഇടപാടുകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, ഈ വർഷം ജൂണിൽ യഥാക്രമം 25.86 ശതമാനവും 32.76 ശതമാനവും വർധനയുണ്ടായി. കഴിഞ്ഞ വർഷം ഇ-കോമേഴ്സ് ഇടപാടുകളുടെ എണ്ണം 7.26 ദശലക്ഷവും പി.ഒ.എസ് ഇടപാടുകളുടെ എണ്ണം 34.83 ദശലക്ഷവുമായിരുന്നു.വൈഫൈ കാർഡ് ഇടപാടുകൾ, ഇ-വാലറ്റ്, എം.പി.ഒ.എസ്, ക്യൂ.ആർ കോഡ് സ്കാനർ, ഒൺലൈൻ ബില്ലിങ് എന്നിവ സാധ്യമാകുന്നതിനാൽ പി.ഒ.എസ് നൂതനവും സുരക്ഷിതവും ഉയർന്ന കാര്യക്ഷമതയുമുള്ള പണമിടപാട് സേവനങ്ങളാണ് നൽകുന്നത്.
ഖത്തറിലെ ഇ-കോമേഴ്സ് വിപണിയിൽ മികച്ച മുന്നേറ്റമാണ് കാണിക്കുന്നത്. 2028 ഓടെ 9.40 ശതമാനം വാർഷിക വളർച്ചനിരക്ക് പ്രവചിക്കുന്നു. ജൂണിലെ ഇൻസ്റ്റന്റ് ട്രാൻസ്ഫർ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്സ് അനുസരിച്ച് ഇൻസ്റ്റന്റ് പേമെന്റ് സംവിധാനമായ ഫവ്റാനിൽ 3.188 ദശലക്ഷം രജിസ്റ്റർ ചെയ്ത അക്കൗണ്ടുകളാണുള്ളത്. ഫവ്റാനിലൂടെ 2.752 ബില്യൺ ഖത്തർ റിയാൽ മൂല്യവും 1.735 ദശലക്ഷം ഇടപാടുകളും രേഖപ്പെടുത്തപ്പെട്ടു. ഈ വർഷം ജൂണിൽ ഖത്തർ മൊബൈൽ പേമെന്റിൽ ആകെ 1.368 ദശലക്ഷം വാലറ്റുകൾ രജിസ്റ്റർ ചെയ്തതായും മൊത്തം ട്രാക്സാക്ഷൻ മൂല്യം 209.586 ദശലക്ഷം ഖത്തർ റിയാലും രേഖപ്പെടുത്തപ്പെട്ടു.
വിവിധ പേമെന്റ് സംവിധാനങ്ങളിലായി ജൂണിൽ ആകെ ട്രാക്സാക്ഷൻ മൂല്യം 15.894 ബില്യൺ ഖത്തർ റിയാലിൽ എത്തിയതായും, ആകെ 54.867 ദശലക്ഷം ഇടപാടുകൾ നടന്നതായും കണക്കാക്കുന്നു. ഇതിൽ പി.ഒ.എസ് ഇടപാടുകൾ 55 ശതമാനം, ഇ-കോമേഴ്സ് -27, മൊബൈൽ പേമെന്റ് സംവിധാനങ്ങൾ -1 ശതമാനം, ഫവ്റാൻ ഇൻസ്റ്റന്റ് പേമെന്റ് സേവനത്തിലൂടെ -17 ശതമാനവും സംഭാവന ചെയ്തു. അടുത്തിടെ രാജ്യത്ത് ഡിജിറ്റൽ പണമിടപാട് സംവിധാനം വികസിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഖത്തർ സെൻട്രൽ ബാങ്ക് നൂതന തത്സമയ പണമിടപാട് സേവനമായ ഫവ്റാന് തുടക്കം കുറിച്ചത്. ഗുണഭോക്താക്കൾക്ക് മൊബൈൽ നമ്പർ ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ പണം സ്വീകരിക്കാൻ സഹായിക്കുന്ന സേവനമാണ് ഫവ്റാൻ.
മൂന്നാം ഫിനാൻഷ്യൽ സെക്ടർ സ്ട്രാറ്റജിക് പ്ലാനുമായി ഇത് യോജിക്കുന്നു. മുഴുസമയം പ്രവർത്തിക്കുന്ന സേവനം രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് മൊബൈൽ ബാങ്കിങ് ആപ് വഴിയും ഡിജിറ്റൽ ചാനലുകൾ വഴിയും ഉപയോഗിക്കാം. ഹിംയാൻ ഡെബിറ്റ് കാർഡും സെൻട്രൽ ബാങ്ക് അടുത്തിടെ പുറത്തിറക്കിയിരുന്നു. ഖത്തറിൽ രജിസ്റ്റർ ചെയ്ത വ്യാപാരമുദ്രയുള്ള ആദ്യ ദേശീയ പ്രീ-പെയ്ഡ് കാർഡാണിത്.