വ്യക്തിഗത ആദായ നികുതി ഈടാക്കുക 11 വിഭാഗങ്ങളിൽനിന്ന്
text_fieldsമസ്കത്ത്: ഒമാനിൽ നടപ്പിലാക്കാൻ പോകുന്ന വ്യക്തിഗത ആദായ നികുതിയുടെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. നിയമം ബാധകമാകുന്ന വിഭാഗങ്ങളുടെ വിവരങ്ങളാണ് കഴിഞ്ഞ ദിവസം അധികൃതർ വിശദീകരിച്ചത്. പുതിയ ചട്ടക്കൂടിന് കീഴില്‍ 11 വിഭാഗങ്ങളാണ് നികുതിക്ക് വിധേയമാകുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഔദ്യോഗിക ഗസറ്റില്‍ (1602) രാജകീയ ഉത്തരവില്‍ (56/2025) ആണ് ആദായ നികുതി നിയമത്തിന്റെ വിശദാംശങ്ങളുള്ളത്. 2028 ജനുവരി മുതലാണ് വ്യക്തിഗത ആദായ നികുതി പ്രാബല്യത്തിൽവരുക. 42,000 റിയാലിൽ കൂടുതൽ വാർഷിക വരുമാനമുള്ളവരിൽനിന്ന് അഞ്ച് ശതമാനം നികുതിയായിരിക്കും ഏർപ്പെടുത്തുക.
വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണ ചെലവുകള്‍, ഭവന വായ്പകള്‍, ചില സംഭാവനകള്‍ എന്നിവക്ക് നിയമം പ്രത്യേക ഇളവുകളും കിഴിവുകളും നല്‍കുന്നുണ്ടെന്നും ആദായ നികുതിയുടെ വിശദാംശങ്ങളില്‍ വിശദീകരിക്കുന്നു. രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിൽ ഒമാന്റെ നികുതി സമ്പ്രദായം പൂർത്തിയാക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണിത്.
കൂടാതെ ഒമാൻ വിഷൻ 2040 ന്റെ ലക്ഷ്യങ്ങളെ പിന്തുണക്കുകയും ചെയ്യുന്നു. എണ്ണ വരുമാനത്തിലുള്ള ആശ്രയത്വം കുറക്കുക, സമ്പത്തിന്റെ കൂടുതൽ തുല്യമായ വിതരണം ഉറപ്പാക്കുക, സാമൂഹിക ക്ഷേമ പരിപാടികൾക്ക് ധനസഹായം നൽകുക എന്നിവയാണ് നയത്തിന്റെ ലക്ഷ്യം. അതേസമയം, നികുതിക്ക് വിധേയരാകുക ഒമാൻ ജനസംഖ്യയുടെ ഒരുശതമാനം മാത്രമായിരിക്കുമെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷം പൗരന്മാരെയും സംരക്ഷിക്കുന്നതിനാണ് ഇളവ് പരിധി നിശ്ചയിച്ചത്. ആദായ നികുതി നല്‍കേണ്ട വിഭാഗങ്ങളും വരുമാന സ്രോതസ്സുകളും താഴെ വിശദീകരിക്കുന്നു.
സ്വയം തൊഴില്‍
ഫ്രീലാന്‍സ് അല്ലെങ്കില്‍ സ്വതന്ത്ര ജോലിയില്‍ നിന്നുള്ള വരുമാനം. ഇവയുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് 15 ശതമാനം ഇളവുണ്ടാകും
ശമ്പളവും വേതനവും
അടിസ്ഥാന ശമ്പളം, അലവന്‍സുകള്‍, ബോണസുകള്‍, മറ്റു ആനുകൂല്യങ്ങള്‍, വരുമാന നഷ്ടത്തിനുള്ള നഷ്ടപരിഹാരം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, പെന്ഷന് തുക ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്
റോയല്‍റ്റികള്‍
ബൗദ്ധിക സ്വത്ത്, ടെക്നിക്കള് വസ്തുക്കള്‍, വ്യാവസായിക ഉപകരണങ്ങള്‍ എന്നിവയിലൂടെയുള്ള വരുമാനം
പലിശ
ബാങ്ക് നിക്ഷേപങ്ങള്‍, സേവിങഎ അക്കൗണ്ടുകള്‍, വായ്പകള്‍, നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയില്‍ നിന്നുള്ള വരുമാനം
പാട്ടത്തിനെടുക്കല്‍
റിയല്‍ എസ്റ്റേറ്റ്, ഉപകരണങ്ങള്‍ അല്ലെങ്കില്‍ മറ്റു ആസ്തികള്‍ വാടകക്ക് നല്കുന്നതിലൂടെയുള്ള വരുമാനം. ഇവയിലും 15 ശതമാനം ചെലവ് കിഴിവിനും ഇളവുണ്ട്.
ഡിവിഡന്റ്
ഷെയറുകള്‍, ബോണ്ടുകള്‍, സുകൂക് എന്നീ സാമ്പത്തിക വിതരണത്തില്‍ നിന്നുള്ള ലാഭം
റിയല്‍ എസ്റ്റേറ്റ് ആസ്തി ഉപയോഗം
വസ്തുക്കള്‍ വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന ലാഭാം. നികുതി അതോറിറ്റി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ ഇതില്‍ ഉള്‍പ്പെടില്ല. അനന്തരാവകാശം, വില്പത്രം, അല്ലെങ്കില്‍ ഇണകള്‍ക്കും ഫസ്റ്റ് ഡിഗ്രി ബന്ധുക്കള്‍ക്കും ഇടയിലുള്ള കൈമാറ്റങ്ങള്‍ക്കും നികുതി ചുമത്തില്ല
ഗ്രാന്റുകളും സംഭാവനകളും
വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ലഭിക്കുന്ന തൊഴിലുമായി ബന്ധപ്പെട്ടതല്ലാത്ത സാമ്പത്തിക, സാധാന സമാഗ്രികള്,.
അംഗത്വ പ്രതിഫലങ്ങള്‍
സ്റ്റേറ്റ് കൗണ്‍സില്‍, ശൂറ കൗണ്‍സില്‍, മുനിസിപ്പല്‍ കൗണ്‍സിലുകള്‍, അല്ലെങ്കില്‍ കമ്പനികളുടെയും അസോസിയേഷനുകളുടെയും ബോര്‍ഡുകള്‍ എന്നിവയുള്‍പ്പെടെ സേവനമനുഷ്ഠിക്കുന്നവര്‍ക്കുള്ള പേയ്മെന്റുകള്‍
വിരമിക്കല്‍ പെന്‍ഷനുകളും സേവനാവസാന ആനുകൂല്യങ്ങളും
വ്യക്തികള്‍ സ്വീകരിക്കുന്ന വിരമിക്കല്‍ പെന്‍ഷനുകളും സേവനാവസാന ആനുകൂല്യങ്ങളും ഉള്‍പ്പെടെയുള്ള പേ ഔട്ടുകളും ഉള്‍പ്പെടും
അവാര്‍ഡുകളും സമ്മാനങ്ങളും
ലൈസന്‍സുള്ള മത്സരങ്ങള്‍, നറുക്കെടുപ്പുകള്‍, അല്ലെങ്കില്‍ പ്രമോഷനുകള്‍ എന്നിവയില്‍ നിന്നുള്ള പണം