നികുതിഭാരം ഇന്നുമുതൽ കുറയും
text_fieldsന്യൂഡൽഹി: നിത്യോപയോഗ സാധനങ്ങൾമുതൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളും വാഹനങ്ങളും വരെയുള്ളവയുടെ വില കുറയുന്ന ജി.എസ്.ടി ഇളവ് ഇന്നുമുതൽ. രാജ്യത്തിന്റെ നികുതി ചരിത്രത്തിലെ വൻ പരിഷ്കാരത്തിനാണ് നവരാത്രി തുടക്കത്തിൽ ആരംഭം കുറിക്കുന്നത്. നിലവിലുണ്ടായിരുന്ന 28, 12 ശതമാനം ജി.എസ്.ടി സ്ലാബുകൾ ഒഴിവാക്കിയതോടെ അഞ്ച്, 18 എന്നിങ്ങനെ രണ്ട് നികുതി സ്ലാബുകളാണ് ഇനിയുണ്ടാവുക. ഇതുവഴി 375ഓളം ഉൽപന്നങ്ങൾക്ക് വില കുറയും.
12 ശതമാനം നികുതി നിരക്കിലുണ്ടായിരുന്ന 99 ശതമാനം ഉൽപന്നങ്ങളും അഞ്ച് ശതമാനത്തിലേക്കും 28 ശതമാനത്തിലുണ്ടായിരുന്ന 90 ശതമാനം ഉൽപന്നങ്ങളും 18 ശതമാനത്തിലേക്കും മാറും. നെയ്യ്, പനീർ, ബട്ടർ, കെച്ചപ്പ്, ജാം, ഉണങ്ങിയ പഴങ്ങൾ, കാപ്പി, ഐസ് ക്രീം, ടി.വി, എ.സി, വാഷിങ് മെഷീൻ തുടങ്ങിയവക്കെല്ലാം വില കുറയും. ജി.എസ്.ടി ഇളവിനനുസരിച്ച് വില കുറക്കുന്നതായി നിരവധി കമ്പനികൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. മിക്ക മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും വില അഞ്ച് ശതമാനമായി കുറയുന്നതോടെ സാധാരണക്കാരുടെ ചികിത്സാഭാരം കുറയും.
പരമാവധി ചില്ലറ വില പുതുക്കാനോ കുറഞ്ഞ വിലയിൽ മരുന്ന് വിൽപന നടത്താനോ സർക്കാർ ഇതിനകം ഫാർമസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സിമന്റിന്റെ ജി.എസ്.ടി 28 ശതമാനത്തിൽനിന്ന് 18 ശതമാനമായി കുറയുന്നത് വീട് നിർമിക്കുന്നവർക്ക് ആശ്വാസമാണ്. വാഹനം വാങ്ങുന്നവർക്കാണ് ഏറ്റവും വലിയ ആശ്വാസം. ചെറുകിട, മധ്യനിര വാഹനങ്ങളുടെ ജി.എസ്.ടി 28 ശതമാനത്തിൽനിന്ന് 18 ശതമാനമായി കുറച്ചതോടെ വിവിധ മോഡൽ കാറുകൾക്ക് 70,000 രൂപമുതൽ രണ്ടര ലക്ഷം രൂപവരെ വില കുറയും.
ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പോളിസികൾക്ക് ജി.എസ്.ടി ഒഴിവാക്കിയതും സാധാരണക്കാർക്ക് വൻ ആശ്വാസമാണ്. ഇൻഷുറൻസ് പോളിസികൾ കുറഞ്ഞ പ്രീമിയത്തിൽ ലഭിക്കാൻ ഇത് സഹായിക്കും. ഹെൽത്ത് ക്ലബ്, സലൂൺ, ഫിറ്റ്നസ് സെന്റർ, യോഗ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജി.എസ്.ടി 18 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായാണ് കുറച്ചത്. ഹെയർ ഓയിൽ, സോപ്പ്, ടാൽകം പൗഡർ, ഷേവിങ് ക്രീം, ഷാംപൂ, ടൂത്ത് ബ്രഷ് എന്നിവയുടെ ജി.എസ്.ടിയും അഞ്ച് ശതമാനമാകും.