Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightTaxchevron_rightസ്വർണാഭരണ മേഖലയിലെ...

സ്വർണാഭരണ മേഖലയിലെ നികുതി വരുമാനം: കൃത്യമായ കണക്കില്ലെന്ന് ജി.എസ്.ടി വകുപ്പ്

text_fields
bookmark_border
gold jewellery
cancel

കൊച്ചി: സംസ്ഥാനത്ത് സ്വർണാഭരണ മേഖലയിൽനിന്നുള്ള വാർഷിക വിറ്റുവരവിന്‍റെയും നികുതി വരുമാനത്തിന്‍റെയും കൃത്യമായ കണക്കില്ലെന്ന് ചരക്കുസേവന നികുതി (ജി.എസ്.ടി) വകുപ്പ്. 2021-22നുശേഷം സ്വർണവ്യാപാരികളുടെ സംഘടനാ പ്രതിനിധികൾ നിരവധി തവണ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും വാർഷിക വിറ്റുവരവ് സംബന്ധിച്ച രേഖകൾ പുറത്തുവിട്ടിട്ടില്ല. വ്യാപാരമേഖലയിൽനിന്ന് ലഭിച്ച നികുതിയുടെയും വിറ്റുവരവിന്‍റെയും വിവരങ്ങൾ മേഖല തിരിച്ച് ലഭ്യമല്ലാത്തതിനാൽ സ്വർണവുമായി ബന്ധപ്പെട്ട കണക്കുകൾ നൽകാനാവില്ലെന്നാണ് മറുപടി.

2021-’22ൽ വാർഷിക വിറ്റുവരവ് 1,01,668.96 കോടിയും നികുതി വരുമാനം 343.81 കോടിയും ആണെന്ന് ജി.എസ്.ടി അധികൃതർ മുമ്പ് വ്യക്തമാക്കിയിരുന്നു. വ്യാപാരികൾ സമർപ്പിച്ച ജി.എസ്.ടി റിട്ടേണുകളുടെ അടിസ്ഥാനത്തിലുള്ള കണക്കാണിത് എന്നാണ് വിവരാവകാശ മറുപടിയിൽ പറഞ്ഞത്. 2022 ഏപ്രിൽ ഒന്നുമുതൽ ഒക്ടോബർ 31 വരെയുള്ള നികുതി വരുമാനം 383 കോടിയാണെന്ന് പറഞ്ഞെങ്കിലും 2022-’23, 2023-’24 വർഷങ്ങളിലെ വാർഷിക വിറ്റുവരവിന്‍റെയും നികുതിയുടെയും വിവരങ്ങൾ ലഭ്യമല്ലെന്നാണ് മറുപടി.

ജി.എസ്.ടി റിട്ടേൺ സംവിധാനത്തിൽ ഉൽപന്ന അടിസ്ഥാനത്തിലുള്ള മാപ്പിങ് ലഭ്യമല്ല എന്നതാണ് ഇതിന് കാരണമായി പറയുന്നത്. എന്നാൽ, 2021-22ൽ ഉണ്ടായിരുന്ന കമ്മോഡിറ്റി മാപ്പിങ് ഇപ്പോൾ ഇല്ലാതായതെങ്ങനെയെന്നാണ് വ്യാപാരികളുടെ ചോദ്യം. സ്വർണവ്യാപാരത്തിൽനിന്ന് നികുതി വരുമാനം കുറവാണെന്ന് വരുത്തിത്തീർത്ത് ദ്രോഹിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് ഇതെന്നും അവർ ആരോപിക്കുന്നു.

വിറ്റുവരവിന് ആനുപാതികമായി സർക്കാറിലേക്ക് നികുതി അടക്കാതെ ഓൺലൈനിൽ റിട്ടേണുകൾ സ്വീകരിക്കാറില്ല. നികുതി വരുമാനം വെളിപ്പെടുത്താതിരിക്കുമ്പോൾ സ്വർണ വ്യാപാര മേഖലയിൽ നികുതിവെട്ടിപ്പ് നടക്കുന്നു എന്ന് എങ്ങനെയാണ് സർക്കാറിന് പറയാൻ കഴിയുകയെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി അഡ്വ. എസ്. അബ്ദുൽ നാസർ ചോദിക്കുന്നു. കള്ളക്കടത്ത് സ്വർണം ആഭരണങ്ങളാക്കി നികുതി വെട്ടിച്ച് നടത്തുന്ന സമാന്തര വ്യാപാരം അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും വ്യാപാരികൾ കുറ്റപ്പെടുത്തുന്നു.

Show Full Article
TAGS:Tax revenue gold sector GST department revenue 
News Summary - Tax revenue in the gold sector: GST department does not have accurate figures
Next Story