ഭൂനികുതി കുത്തനെ കൂട്ടി, ഇലക്ട്രിക് കാറുകൾക്കും വില വർധിക്കും, 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതിയും ഉയരും
text_fieldsതിരുവനന്തപുരം: ഭൂനികുതി കുത്തനെ കൂട്ടി സംസ്ഥാന സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനം. നികുതിയിൽ 50 ശതമാനം വർധനയാണ് വരുത്തിയിരിക്കുന്നത്. കോടതി ഫീസുകളും വർധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ 150 കോടിയുടെ അധിക വരുമാനമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.
ഇലക്ട്രിക് കാറുകളുടെ നികുതിയും ഉയർത്തിയിട്ടുണ്ട്. 15 ലക്ഷം വരെ വില വരുന്ന ഇലക്ട്രിക് കാറുകളുടെ നികുതി അഞ്ച് ശതമാനത്തിൽ നിന്നും എട്ട് ശതമാനമാക്കിയാണ് ഉയർത്തിയിരിക്കുന്നത്. 20 ലക്ഷത്തിന് മുകളിലുള്ള ഇലക്ട്രിക് കാറുകളുടെ നികുതി 10 ശതമാനമാക്കിയാണ് ഉയർത്തിയത്. ബാറ്ററി മാറ്റുന്ന കാറുകളുടെ നികുതിയും പത്ത് ശതമാനമാക്കി ഉയർത്തി.
നികുതി വെട്ടിക്കുന്ന ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ നിയമം ഉൾപ്പെടുത്തും. ഇതിനൊപ്പം കോൺട്രാക്ട് ക്യാരേജുകളുടെ ഏകീകരണത്തിലൂടെയും സംസ്ഥാന സർക്കാർ അധിക വരുമാനം ലക്ഷ്യമിടുന്നുണ്ട്. എന്നാൽ, സ്റ്റേജ് ക്യാരിയറുകളുടെ നികുതി കുറച്ച് പൊതുഗതാഗതം ആകർഷകമാക്കുന്നതിനുള്ള നിർദേശങ്ങളും സംസ്ഥാന ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്.