Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightഅവകാശം ഉറപ്പിക്കാൻ...

അവകാശം ഉറപ്പിക്കാൻ വ്യാപാരമുദ്ര

text_fields
bookmark_border
അവകാശം ഉറപ്പിക്കാൻ വ്യാപാരമുദ്ര
cancel

ആശയപരമോ കലാപരമോ കച്ചവടപരമോ ആയ ആശയങ്ങളുടെ മേൽ ഉടമസ്ഥന് ലഭിക്കുന്ന വിവിധതരത്തിലുള്ള നിയമപരമായ കുത്തകയാണ് ബൗദ്ധിക സ്വത്തവകാശം (ഇന്റലെക്ച്വൽ പ്രോപ്പർട്ടി റൈറ്റ് അഥവ ഐ.പി.ആർ). ബൗദ്ധിക സ്വത്തവകാശം ഉള്ളവർക്ക് ഒരു നിശ്ചിത കാലയളവിലേക്ക് വസ്തുവിന്റെയോ വസ്തുക്കളുടെയോ ഉപയോഗത്തിൽ കുത്തക ലഭിക്കുന്നതാണ്.

വ്യാപാരമുദ്ര, പേറ്റന്റ്, പകർപ്പവകാശം, ഭൂപ്രദേശസൂചകം, വ്യാപാരരഹസ്യങ്ങൾ എന്നിവയെല്ലാം ചേർത്ത് പൊതുവിൽ പറയുന്ന പേരാണ് ബൗദ്ധിക സ്വത്തവകാശം. ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കണ്ടുപിടിത്തങ്ങളും ആശയങ്ങളും സംരക്ഷിക്കുന്നതിനും അവരുടെ കഠിനാധ്വാനത്തിന്റെ നേട്ടം അവർക്ക് ഉറപ്പാക്കുന്നതിനും ബൗദ്ധിക സ്വത്തവകാശങ്ങൾ പ്രധാനമാണ്. വിവിധങ്ങളായ ബൗദ്ധിക സ്വത്തവകാശങ്ങളിൽ വ്യാപാരമുദ്രയെക്കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്.

1999ലെ ട്രേഡ് മാർക്ക് ആക്ട് പ്രകാരം ഒരു വ്യക്തിയുടെ ചരക്കുകളെയോ സേവനങ്ങളെയോ മറ്റുള്ളവരിൽനിന്ന് വേർതിരിച്ചറിയാനുള്ള അടയാളം എന്നാണ് ട്രേഡ് മാർക്കിനെ (വ്യാപാരമുദ്ര) വിശദീകരിച്ചിരിക്കുന്നത്. ഈ അടയാളത്തിൽ ചരക്കിന്റെ ചിത്രമോ പാക്കിങ്ങോ കളർ കോമ്പിനേഷനുകളോ ഉൾപ്പെടാമെന്നും നിയമത്തിൽ പറയുന്നു. വ്യാപാരമുദ്ര ചിഹ്നമായ R രജിസ്റ്റർ ചെയ്ത വ്യാപാരമുദ്രയെ സൂചിപ്പിക്കുന്നു

ലക്ഷ്യം

ഒരു കമ്പനിയുടെ ബ്രാൻഡും പ്രശസ്തിയും സൃഷ്ടിക്കുന്നതിനുള്ള അടിസ്ഥാനം വ്യാപാരമുദ്രകളാണ്. അവ ഉപഭോക്താവിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും ഉൽപന്നങ്ങളെ വേറിട്ടുനിർത്തുകയും ചെയ്യുന്നു. ചരക്കുകളുടെയോ സേവനങ്ങളുടെയോ ഉറവിടം തിരിച്ചറിയുകയും ഉപഭോക്താക്കൾ മറ്റുള്ളവയുമായി ആശയക്കുഴപ്പത്തിലാക്കുന്നത് തടയുകയും ചെയ്യുക എന്നതാണ് വ്യാപാരമുദ്രയുടെ പ്രാഥമിക ലക്ഷ്യം.

ഗുണങ്ങൾ

സ്റ്റാർട്ടപ്പുകൾക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എം.എസ്.എം.ഇ)ങ്ങൾക്കും ട്രേഡ്‌മാർക്ക് അവകാശങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് പരിശോധിക്കാം. നമ്മുടേതിന് സമാനമായതോ ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിലുള്ളതോ ആയ വ്യാപാരമുദ്ര ഉപയോഗിച്ച് സമാനമോ അല്ലാത്തതോ ആയ ഉൽപന്നങ്ങളോ സേവനങ്ങളോ മറ്റുള്ളവർ വിപണനം ചെയ്യുന്നത് തടയാൻ കഴിയുന്നു. വ്യാജ ഉൽപന്നങ്ങളെ തടയുന്നതിന് ഇത് സഹായിക്കുന്നു.

ഉപഭോക്താവിന്റെ ആശയക്കുഴപ്പം ഒഴിവാക്കി ഉൽപന്നങ്ങളുടെ ഉറവിടം, ഗുണനിലവാരം എന്നിവ ഉറപ്പാക്കാൻ വ്യാപാരമുദ്രകൾ സഹായിക്കുന്നു. രജിസ്റ്റർ ചെയ്ത വ്യാപാരമുദ്ര ഉപയോഗിക്കുകയും പുതുക്കുകയും ചെയ്താൽ അത് ദീർഘകാലം നിലനിൽക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വ്യാപാര ആസ്തികളിൽ ഒന്നാണ്. വ്യാപാരമുദ്രകൾ വിൽക്കുകയോ ലൈസൻസ് ചെയ്യുകയോ ചെയ്യുന്നത് രജിസ്റ്റർ ചെയ്ത ഉടമക്ക് വരുമാനസാധ്യത ഉറപ്പാക്കുന്നു. ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പ ലഭിക്കുന്നതിന് വ്യാപാരമുദ്ര സഹായിക്കുന്നു.

വ്യാപാരമുദ്ര രജിസ്‌ട്രേഷൻ അപേക്ഷ

വ്യാപാരമുദ്രകൾ രജിസ്റ്റർ ചെയ്യുന്നതിന് കൺട്രോളർ ജനറൽ, പേറ്റന്റ്സ് ഡിസൈൻസ് ആൻഡ് ട്രേഡ്‌ മാർക്സ്, വാണിജ്യ വ്യവസായ മന്ത്രാലയം (കേന്ദ്ര സർക്കാർ) വെബ്സൈറ്റ് സന്ദർശിക്കുക. രജിസ്ട്രേഷന് ഫീസുണ്ട്.

വ്യാപാര മുദ്ര (ട്രേഡ്‌മാർക്ക്)/സേവനമുദ്ര (സർവിസ് മാർക്ക്) രജിസ്റ്റര്‍ ചെയ്ത് ലഭിക്കുന്നതിനുള്ള അപേക്ഷ ഫയൽ ചെയ്യുന്നതിന്റെ ആദ്യഘട്ടമായി നമ്മുടെ വ്യാപാരമുദ്രക്കായി മത്സരമുണ്ടോ എന്ന് തിരയണം. രജിസ്റ്റർ ചെയ്തതോ രജിസ്റ്റർ ചെയ്യാത്തതോ ആയ വിപണിയിൽ ഇതിനകം ലഭ്യമായ എല്ലാതരം വ്യാപാരമുദ്രകളും ഇതിൽ അറിയാം.

നിങ്ങളുടെ വ്യാപാരമുദ്ര /സേവനമുദ്ര അനന്യമാണെന്നും രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണെന്നും ഉറപ്പുവരുത്തിയതിനുശേഷം ചരക്കുകളുടെ /സേവനങ്ങളുടെ ശരിയായ വിവരണത്തോടെ (ഏതെങ്കിലും നിറങ്ങൾ, രൂപങ്ങൾ അല്ലെങ്കിൽ ത്രിമാന സവിശേഷതകൾ ഉൾപ്പെടെ) അവയുടെ നിഷ്കർഷിക്കപ്പെട്ട വിഭാഗത്തില്‍ വേണം ട്രേഡ് മാർക്ക് അപേക്ഷ ഫയല്‍ ചെയ്യേണ്ടത്.

ട്രേഡ് മാർക്ക് രജിസ്ട്രേഷന്‍റെ ആവശ്യത്തിലേക്കായി ചരക്കുകളെ 34 വിഭാഗങ്ങളായും സേവനങ്ങളെ 11 വിഭാഗങ്ങളായും തരംതിരിച്ചിരിക്കുന്നു. വ്യാപാരമുദ്ര രജിസ്ട്രേഷൻ, തിരയൽ എന്നതിലേക്കായി https://ipindia.gov.in സന്ദർശിക്കുക.

അപേക്ഷ പരിശോധിക്കൽ

ഒരു വ്യാപാരമുദ്ര രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രക്രിയയിൽ അപേക്ഷ സമർപ്പിക്കൽ, വ്യാപാരമുദ്രയുടെ പരിശോധന, വ്യാപാരമുദ്രയുടെ പ്രസിദ്ധീകരണം അല്ലെങ്കിൽ പരസ്യം, എതിർപ്പുകൾ പരിശോധിക്കൽ, വ്യാപാരമുദ്രയുടെ രജിസ്ട്രേഷൻ എന്നിവ ഉൾപ്പെടുന്നു. വ്യാപാരമുദ്ര രജിസ്ട്രേഷനെതിരെ എതിർപ്പ് രേഖപ്പെടുത്താൻ പൊതുജനങ്ങളെ ക്ഷണിക്കുകയാണ് പ്രസിദ്ധീകരണത്തിനും പരസ്യത്തിനും പിന്നിലെ ലക്ഷ്യം.

രജിസ്ട്രേഷൻ കാലാവധി

വ്യാപാരമുദ്രയുടെ രജിസ്ട്രേഷൻ 10 വർഷത്തേക്ക് സാധുതയുള്ളതായിരിക്കും. കാലഹരണപ്പെടുന്നതിന് മുമ്പ് അപേക്ഷ സമർപ്പിച്ചു വീണ്ടും പത്തു വർഷത്തേക്ക് എളുപ്പത്തിൽ പുതുക്കാവുന്നതാണ്.

സൗജന്യ സേവനം

കേരളത്തിൽ ട്രേഡ് മാർക്ക് സംബന്ധിച്ച സൗജന്യ സേവനങ്ങൾക്കും ഉപദേശങ്ങൾക്കും തിരുവനന്തപുരത്തെ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ (കെ.എസ്.സി.എസ്.റ്റി.ഇ) നോഡൽ ഓഫിസറുമായി (പേറ്റന്റ് ഇൻഫർമേഷൻ സെന്റർ) ബന്ധപ്പെടുക.

റീഇംബേഴ്‌സ്‌മെന്റ്

രജിസ്റ്റർ ചെയ്ത എം.എസ്.എം.ഇ /സ്റ്റാർട്ടപ്പ് / സാധുവായ ഉദ്യം രജിസ്ട്രേഷൻ ഉള്ളവർ എന്നിവർക്ക് വ്യാപാരമുദ്രകൾ രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടിവരുന്ന യഥാർഥ ചെലവുകൾ തിരിച്ചുകിട്ടുന്നതിനായി വികസന കമീഷണർ, എം.എസ്.എം.ഇ മന്ത്രാലയം, ഗവൺമെന്റ് ഓഫ് ഇന്ത്യ ഓഫിസിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷകർക്ക് https://my.msme.gov.in ഓൺലൈൻ പോർട്ടൽ വഴി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും നൽകി ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്‌ത് അപേക്ഷിക്കാം.

Show Full Article
TAGS:trademark Business News 
News Summary - Trademark to assert rights
Next Story