10ൽ തോറ്റ് പഠനം നിർത്താനൊരുങ്ങി; പിന്നീട് തോൽക്കാതിരിക്കാൻ പഠിച്ച് ഒടുവിൽ ഐ.പി.എസുകാരനായി
text_fieldsഈശ്വർ ഗുർജാർ
ജീവിതത്തിൽ പരാജയങ്ങൾ നേരിടാത്തവർ കുറവാണ്. ചിലർ അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നേറും. മറ്റുചിലർ ആ പരാജയവും ഓർത്തങ്ങനെ നിന്നുപോകും. 10ാം ക്ലാസ് പരീക്ഷയിൽ തോറ്റിട്ടും നിശ്ചയദാർഢ്യം കൊണ്ട് സിവിൽ സർവീസ് നേടിയ ഒരാളെ കുറിച്ചാണ് പറയാൻ പോകുന്നത്. ഈശ്വർ ഗുർജർ എന രാജസ്ഥാൻ സ്വദേശിയെ കുറിച്ച്.
10 ൽ ആദ്യതവണ തോറ്റുവെങ്കിലും വീണ്ടും എഴുതിയപ്പോൾ ഈശ്വറിന് വിജയിക്കാൻ കഴിഞ്ഞു. എന്നാൽ 10ൽ തോറ്റവനെന്ന ചാപ്പ മാറ്റാൻ സാധിച്ചില്ല. ചെറിയ വേദന തോന്നിയെങ്കിലും അതൊന്നും കണക്കിലെടുക്കാതെ ഈശ്വർ പ്ലസ്ടുവും ബിരുദവും നല്ല മാർക്കോടെ വിജയിച്ചു. ബിരുദം കഴിഞ്ഞ ശേഷം അധ്യാപക യോഗ്യത കോഴ്സിനു ചേർന്നു. പിന്നീട് കുറച്ചുകാലം പ്രൈമറി സ്കൂൾ അധ്യാപകനായി ജോലി നോക്കി. ആ കാലത്താണ് സിവിൽ സർവീസിന് ശ്രമം നടത്തുന്നത്.
രാജസ്ഥാനിലെ ഒരു സാധാരണ കുടുംബത്തിലാണ് ഈശ്വർ ജനിച്ചത്. ഈശ്വറിന്റെ പിതാവ് സുവലാൽ ഗുർജാർ കർഷകനായിരുന്നു. അമ്മ സുഖി ദേവി വീട്ടമ്മയും. 10ൽ തോറ്റ വിവരമറിഞ്ഞപ്പോൾ ഈശ്വർ ആദ്യം തകർന്നുപോയി. പഠനം നിർത്താനായിരുന്നു ഈശ്വർ ആദ്യം തീരുമാനിച്ചത്.എന്നാൽ ഒരു തവണ കൂടി 10ാം ക്ലാസ് പരീക്ഷ എഴുതി നോക്കണമെന്ന് അച്ഛൻ മകനെ നിർബന്ധിച്ചു. പ്രതീക്ഷയോടെ, ധൈര്യത്തോടെ എല്ലാം നേരിടണമെന്നും ഉപദേശിച്ചു.
2012ൽ രണ്ടാംതവണ 10ാം ക്ലാസ് പരീക്ഷ എഴുതിയപ്പോൾ 54ശതമാനം മാർക്കോടെ ഈശ്വർ വിജയിച്ചു. പ്ലസ്ടുവിന് 68 ശതമാനം മാർക്ക് നേടിയ ഈശ്വർ എം.ഡി.എസ് യൂനിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദം നേടിയത്. 2019ൽ സർക്കാർ സ്കൂൾ അധ്യാപകനായതോടെ ഈശ്വർ വലിയ പദവികൾ സ്വപ്നം കാണാൻ തുടങ്ങി. സിവിൽ സർവീസ് എന്ന വലിയ ലക്ഷ്യത്തിനായി ശ്രമം തുടങ്ങി. എന്നാൽ തിരിച്ചടികൾ മാത്രമായിരുന്നു ഫലം.
2019ലെ ആദ്യശ്രമത്തിൽ പ്രിലിംസ് പോലും കടക്കാനായില്ല. 2020ൽ ഇന്റർവ്യൂ സ്റ്റേജ് വരെയെത്തിയെങ്കിലും റാങ്ക് പട്ടികയിൽ ഇടം നേടിയില്ല. 2021 ലും പരാജയം നേരിട്ടു. 2022ൽ 644ാം റാങ്കുമായി ഇന്ത്യൻ റവന്യൂ സർവീസിൽ ജോലിക്ക് കയറി. 2023ൽ 555ാം റാങ്ക് നേടി ഐ.പി.എസുകാരനായി. 2024ലെ അവസാന ശ്രമത്തിൽ അഖിലേന്ത്യാ തലത്തിൽ 483 ആയിരുന്നു റാങ്ക്. തന്നെ സംബന്ധിച്ച് ഐ.പി.എസ് എന്ന പദവി ചില്ലറക്കാര്യമല്ല എന്ന് ഈശ്വർ പറയുന്നു.
വലിയൊരു യാത്രയായിരുന്നു അത്. ആ യാത്രയിലുടനീളം തന്നെ സഹായിച്ച സുഹൃത്തുക്കളെയും അധ്യാപകരെയും മാതാപിതാക്കളെയും ഈശ്വർ നന്ദിപൂർവം സ്മരിക്കുന്നു. ഒന്നും രണ്ടുമല്ല, എണ്ണമറ്റ പരാജയങ്ങൾ നേരിട്ടാണ് താൻ ഇപ്പോൾ ഐ.പി.എസ് പദവിയിൽ ഇരിക്കുന്നതെന്നും ഈശ്വർ അടിവരയിടുന്നു. പരാജയം സ്ഥിരമായി നിൽക്കുന്നതില്ല, ആത്മ വിശ്വാസവും കഠിനാധ്വാനം ചെയ്യാനുള്ള മനസുമുണ്ടെങ്കിൽ ആർക്കും വലിയ സ്വപ്നങ്ങൾ സഫലീകരിക്കാൻ കഴിയുമെന്നാണ് ഈശ്വറിന്റെ ജീവിതം നൽകുന്ന പാഠം.